എറണാകുളം അറിയിപ്പുകള്‍ 22/11
സ്‌കൈപ്പ് ഇന്റര്‍വ്യൂ
കൊച്ചി: സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിന് ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്റ് എംപ്‌ളോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ് (ഒ.ഡി.ഇ.പി.സി) തിരുവനന്തപുരം, വഴുതക്കാട് ഓഫീസില്‍ നവംബര്‍ 28-ന് സ്‌കൈപ്പ് ഇന്റര്‍വ്യൂ ചെയ്യുന്നു. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ www.odepc.kerala.gov.in വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന നോട്ടിഫിട്ടേഷന്‍ പ്രകാരം അപേക്ഷിക്കുക. ഫോണ്‍ 0471-2329440/41/42/43/45.
പാലിയേറ്റീവ് വോളന്റിയേഴ്‌സിനുളള പരിശീലന പരിപാടി നടത്തി
കൊച്ചി: ഏഴിക്കര ഗ്രാമപഞ്ചായത്തിലുളള പാലിയേറ്റീവ് വോളന്റിയര്‍മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്കുളള മൂന്ന് ദിവസത്തെ പരിശീലന പരിപാടി ഏഴിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ചു.
ഏഴിക്കര പഞ്ചായത്ത് ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഏഴിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക ഉദ്ഘാടനം നിര്‍വഹിച്ചു.
പാലിയേറ്റീവ് പദ്ധതിയെക്കുറിച്ച് മെഡിക്കല്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ് ഡോ.വിനോദ് പൗലോസ് വിശദീകരിച്ചു. ഒന്നാം ദിവസത്തെ പരിശീലന പരിപാടിയില്‍ ഏഴിക്കര ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഇ.വി.എബ്രഹാം, മെഡിക്കല്‍ ഓഫീസര്‍ രാജശ്രീ, പാലിയേറ്റീവ് കെയര്‍ നഴ്‌സ് പ്രകാശിനി.ഒ.സി, സിഞ്ചു ഏലിയാസ്, ഫിസിയോ തെറാപ്പിസ്റ്റ് ആഷി ജോസഫ് തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. രണ്ടാം ദിവസം രോഗികളെ വീട്ടില്‍ചെന്ന് കണ്ടുളള പ്രായോഗിക പരിശീലനവും മൂന്നാം ദിവസം പദ്ധതിയുടെയും ട്രെയിനിംഗിന്റെയും അവലോകനവും നടക്കും.
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ റേഡിയോ ഡെന്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉപയോഗിക്കുന്നതിനായി ഇലക്ട്രിക് ഡെന്റല്‍ ചെയര്‍ വിത്ത് മോട്ടോറൈസ്ഡ് സക്ഷന്‍ യൂണിറ്റ് വിതരണം ചെയ്ത് ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തീകരിച്ചു നല്‍കാന്‍ കഴിയുന്ന അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 12-ന് ഉച്ചയ്ക്ക് ഒന്നു വരെ.
ലഘു ദര്‍ഘാസ് ക്ഷണിച്ചു
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലെ 125 കെ.വി.എ ഡീസല്‍ ജനറേറ്ററിന് എ.എം.എഫ് പാനല്‍ ചെയ്തു നല്‍കുന്നതിന് പൊതുമരാത്ത് വകുപ്പില്‍ നിന്നും ലഭ്യമായിട്ടുളള ഇലക്ട്രിക്കല്‍ - സി ക്ലാസ് അല്ലെങ്കില്‍ അതിനു മുകളില്‍ ലൈസന്‍സുളള കരാറുകാരില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ ആറിന് ഉച്ചയ്ക്ക് ഒന്നു വരെ.
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊച്ചി: കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ 2018-19 ബാച്ച് ഡിപ്ലോമ കോഴ്‌സുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഐ.ഡി കാര്‍ഡ്, ടാഗ് ഉള്‍പ്പെടെ പ്രിന്റ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-30 വിലാസത്തില്‍ നവംബര്‍ 26-ന് വൈകിട്ട് നാലിനകം ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.
റാങ്ക് പട്ടിക റദ്ദായി
കൊച്ചി: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ്(എസ്.സി/എസ്.റ്റി) തസ്തികയുടെ (കാറ്റഗറി നമ്പര്‍ 445/12) 2015 ഓഗസ്റ്റ് 11 തീയതിയില്‍ നിലവില്‍വന്ന 376/15/ഡി.ഒ.ഇ നമ്പര്‍ റാങ്ക് പട്ടികയുടെ കാലാവധി 2018 ഓഗസ്റ്റ് 10 അര്‍ദ്ധരാത്രി പൂര്‍ത്തിയായതിനാല്‍ റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം
കൊച്ചി: വിവിധ കാരണങ്ങളാല്‍ 1998 ജനുവരി ഒന്നു മുതല്‍ 2018 ഒക്‌ടോബര്‍ 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കാതിരുന്ന ഉദ്യോഗാര്‍ഥികള്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖാന്തിരം നിയമനം ലഭിച്ച് യഥാസമയം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാതിരുന്നവര്‍ക്കും സീനിയോരിറ്റി പുന:സ്ഥാപിച്ചു നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. രജിസ്‌ട്രേഷന്‍ ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 1997 ഒക്‌ടോബര്‍ 10 മുതല്‍ 2018 ഓഗസ്റ്റ് വരെയുളള കാലാവധി രേഖപ്പെടുത്തിയിട്ടുളളവര്‍ക്ക് ഈ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് www.employment.kerala.gov.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായും പ്രതേ്യക പുതുക്കല്‍ നടത്താം. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് അവസരം ഉണ്ടായിരിക്കും.
അഡ്വ.ദീപികസിംഗ് രജാവത്ത് തിരുവനന്തപുരത്ത്
കത്‌വ പീഡനകേസില്‍ ഇരയ്ക്ക് വേണ്ടി ആദ്യം കോടതിയില്‍ ഹാജരായ അഭിഭാഷക അഡ്വ.ദീപിക സിംഗ് രജാവത്ത് തിരുവനന്തപുരത്തെത്തുന്നു. കേരള മീഡിയ അക്കാദമിയുടെയും തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ഇന്ന് (നവംബര്‍ 23) നടക്കുന്ന മാധ്യമ സ്വാതന്ത്ര്യ സംഗമം ഉദ്ഘാടനം ചെയ്യാനാണ് ദീപികയെത്തുന്നത്. പ്രസ്‌ക്ലബ്ബ് ഫോര്‍ത്ത് എസ്റ്റേറ്റ് ഹാളില്‍ രാവിലെ 10.30ന് നടക്കുന്ന 'റിപ്പോര്‍ട്ടിംഗ് സ്വാതന്ത്ര്യം' എന്ന സെമിനാറില്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷത വഹിക്കും. മാധ്യമപ്രവര്‍ത്തകനായ ഡോ.സെബാസ്റ്റ്യന്‍ പോള്‍, കെ.യു.ഡബ്ലിയു.ജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍, സരിത വര്‍മ്മ, റിപ്പോര്‍ട്ടിംഗിനിടെ ആക്രമണത്തിനിരയായ സരിത എസ്.ബാലന്‍, സ്‌നേഹ മേരി കോശി എന്നിവര്‍ പങ്കെടുക്കും.
- Log in to post comments