Skip to main content

ബാലസംരക്ഷണസമിതികളുടെ ശാക്തീകരണം ശില്പശാല ഇന്ന് (23)  

 

തദ്ദേശഭരണ സ്ഥാപനങ്ങളിലെ ബാലസംരക്ഷണ സമിതികളുടെ ശാക്തീകരണം ഉറപ്പുവരുത്തുന്നതിനുള്ള ജില്ലാതല ഏകദിന ശില്പശാല ഇന്ന് (23) രാവിലെ 10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എംഎല്‍എമാരായ വീണാജോര്‍ജ്, രാജുഎബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാജോര്‍ജ് എന്നിവര്‍ മുഖ്യാതിഥികളാകും. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം സിസ്റ്റര്‍ വിജി ജോസ് ആമുഖ പ്രഭാഷണം നടത്തും. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.ഒ.അബീന്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസമ്മ മാത്യു, ജില്ലാ വനിതാശിശു വികസന ഓഫീസര്‍ എല്‍.ഷീബ, ബാലാവകാശ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ പി.സുരേഷ്, ഷാന്‍ രമേശ് ഗോപന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള നിയമങ്ങളും പദ്ധതികളും പ്രദാനം ചെയ്യുന്ന പരിരക്ഷയും സേവനങ്ങളും വിഷമകരമായ സാഹചര്യത്തില്‍ ജീവിക്കുന്ന എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കുന്നതിന് ഗ്രാമ-ബ്ലോക്ക്-മുനിസിപ്പല്‍ തലങ്ങളില്‍ രൂപീകരിച്ചിട്ടുള്ള ബാലാവകാശ സംരക്ഷണ സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കുട്ടികളുടെ സംരക്ഷണത്തില്‍ ഏറെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയും. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളെയും ചൂഷണങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കുവാന്‍ കഴിയുന്ന ബാലസംരക്ഷണ സമിതികള്‍ ശാക്തീകരിക്കപ്പെടേണ്ടത് അടിയന്തരപ്രാധാന്യമുള്ള വിഷയമായതിനാലാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബാലാവകാശസംരക്ഷണ കമ്മീഷന്റെ പിന്തുണയോടെ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നത്.                   (പിഎന്‍പി 3775/18)  

date