ലോക സൗഹൃദ ദിനത്തിൽ വൃക്ഷത്തൈ കൈമാറ്റവുമായി ഹരിതകേരളം മിഷൻ
ലോക സൗഹൃദ ദിനമായ ആഗസ്റ്റ് മൂന്നിന് സുഹൃത്തുക്കൾ തമ്മിൽ വൃക്ഷത്തൈകളുടെ കൈമാറൽ പരിപാടിയുമായി ഹരിതകേരളം മിഷൻ. സൗഹൃദം മഹാവൃക്ഷമായി വളരട്ടെ എന്ന ആശയവുമായി ഒരു തൈ നടാം ജനകീയ വൃക്ഷവത്ക്കരണ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സൗഹൃദ ദിനത്തിലോ അനുബന്ധ ദിവസങ്ങളിലോ നടക്കുന്ന പരിപാടിയിൽ സംസ്ഥാനത്തെ സ്കൂളുകൾ, കലാലയങ്ങൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, വായനശാലകൾ ക്ലബ്ബുകൾ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സുഹൃത്തുക്കൾക്ക് നട്ടുവളർത്താൻ വൃക്ഷത്തൈകൾ പരസ്പരം കൈമാറിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് സൃഷ്ടിച്ച പച്ചത്തുരുത്തുകളിലും അന്ന് തൈകൾ നടും. പുതിയ നിരവധി പച്ചത്തുരുത്തുകൾക്കും അന്ന് തുടക്കം കുറിക്കും. പരിസ്ഥിതി പുനഃസ്ഥാപനം, നെറ്റ് സീറോ കാർബൺ കേരളം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് പരിപാടി. കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുന്നതിനും ചങ്ങാതിക്കൊരു തൈ പരിപാടിയിലൂടെയുള്ള വൃക്ഷത്തൈ കൈമാറ്റം ലക്ഷ്യമിടുന്നുണ്ട്. ചങ്ങാതിയുടെ പേരിൽ മണ്ണിലൊരു തൈ നട്ട് പരിപാലിക്കുന്നതിലൂടെ മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവബന്ധവും സുഹൃത്തുക്കൾ തമ്മിലുള്ള ആത്മബന്ധവും മഹാവൃക്ഷം പോലെ വളരട്ടെയെന്ന സന്ദേശംകൂടി കുട്ടികളിലെത്തും. 2025 സെപ്തംബർ 30 നകം ഒരുകോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു തൈ നടാം ക്യാമ്പയിൻ സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ഇതിനകം 21 ലക്ഷത്തിലധികം തൈകൾ നട്ടുകഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, അയൽക്കൂട്ടങ്ങൾ, മഹാത്മാഗാന്ധി ദേശീയ-ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഫോറസ്ട്രി വിഭാഗം തുടങ്ങിയവയുടെ നേതൃത്വത്തിൽ വ്യാപകമായി വൃക്ഷത്തൈ ഉല്പാദനവും ഓഗസ്റ്റ്-സെപ്തംബർ മാസങ്ങളിലായി നടക്കുമെന്ന് ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സൺ ഡോ. ടി.എൻ. സീമ അറിയിച്ചു.
ജില്ലയിൽ കാൽ ലക്ഷം വിദ്യാർത്ഥികൾ സൗഹൃദ വൃക്ഷത്തൈകൾ കൈമാറും
ലോക സൗഹൃദദിനാചരണത്തിൻ്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ വിദ്യാലയങ്ങളിൽ ആഗസ്ത് നാലിന് 25,400 വൃക്ഷതൈകൾ വിദ്യാർത്ഥികൾ പരസ്പരം കൈമാറി നടും. ഹരിത കേരളം മിഷൻ്റെ ഒരു തൈ നടാം എന്ന പരിപാടിയുടെ ഭാഗമായാണ് ജില്ലയിലെ വിദ്യാലയങ്ങളിൽ സുഹൃത്തുകൾക്ക് വൃക്ഷ തൈകൾ കൈമാറി നട്ടുപിടിപ്പിക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത്. വൃക്ഷതൈകൾ വിദ്യാർത്ഥികൾ തന്നെ ശേഖരിച്ചാണ് സുഹൃത്തുകൾക്ക് കൈമാറുക. ഏറ്റവും അധികം സുഹൃത്തുകൾക്ക് തൈകൾ കൈമാറുന്ന ചടങ്ങ് സംഘടിപ്പിക്കുന്ന വിദ്യാലയങ്ങൾക്ക് ഹരിതകേരളം മിഷൻ പുരസ്കാരം നൽകും.
ചങ്ങാതിക്കൊരു തൈ ആന്തൂർ നഗരസഭ നഗരസഭാ തല ഉദ്ഘാടനം പറശ്ശിനിക്കടവ് ഹൈസ്ക്കൂളിൽ നഗരസഭ ചെയർമാൻ പി. മുകുന്ദൻ നിർവ്വഹിക്കും കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം ചെറുകുന്ന് പുന്നച്ചേരി സെൻ്റ് മൈക്കിൾസ് സ്കൂളിൽ ആഗസ്റ്റ് നാലിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷാജിർ ഉദ്ഘാടനം ചെയ്യും. ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.നിഷ അധ്യക്ഷത വഹിക്കും.എടക്കാട് ബ്ലോക്ക് തല ഉദ്ഘാടനം രാവിലെ 11 മണിക്ക് ചാല ജിഎച്ച്എസ്എസിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രമീള നിർവഹിക്കും.തലശ്ശേരി ബ്ലോക്ക് തല ഉദ്ഘാടനം കുന്നിരിക്ക എൽ പി സ്കൂളിൽ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.പി അനിത നിർവ്വഹിക്കും. പയ്യന്നൂർ ബ്ലോക്ക് തല സൗഹൃദ വൃക്ഷതൈ വിതരണ ഉദ്ഘാടനം കുഞ്ഞിമംഗലം സെൻട്രൽ യു.പി. സ്കൂളിൽ രാവിലെ 10 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.വി. വൽസല നിർവ്വഹിക്കും
- Log in to post comments