ജില്ലയില്‍ ഇ-മാലിന്യശേഖരണം തുടങ്ങി
വീടുകളില്‍ നിന്നും ഇ-മാലിന്യം ശേഖരിക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങളായ ടിവി, റേഡിയോ, കമ്പ്യൂട്ടര്‍, മൊബൈല്‍, ചാര്‍ജര്‍ തുടങ്ങിയവയാണ് പ്രധാനമായും ശേഖരിക്കുന്നത്. ആദ്യഘട്ടത്തില്‍ തൊടുപുഴ, കട്ടപ്പന നഗരസഭകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
തൊടുപുഴ നഗരസഭയിലെ ഇ-മാലിന്യശേഖരണത്തിന്റെ ഉദ്ഘാടനം മുതലക്കുടത്ത് നഗരസഭ ചെയര്‍പേഴ്സണ്‍ കെ. ദീപക്ക് നിര്‍വഹിച്ചു. നഗരസഭയിലെ 28 വീടുകളില്‍ നിന്ന് 238 കിലോ മാലിന്യം ശേഖരിച്ച് അതിന് പ്രതിഫലമായി 4696 രൂപ നല്‍കി. വാര്‍ഡ് കൗണ്‍സിലറെ അറിയിക്കുന്നതനുസരിച്ചു വരും ദിവസങ്ങളില്‍ എല്ലാ വാര്‍ഡുകളില്‍ നിന്നും ശേഖരണം നടത്തുമെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു.
കട്ടപ്പന നഗരസഭയിലെ ഇ- മാലിന്യ ശേഖരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി നിര്‍വഹിച്ചു. 17, 20, 21 വാര്‍ഡുകളില്‍ നിന്നും 250 കിലോ ശേഖരിച്ചു. ബാക്കി വാര്‍ഡുകളില്‍ നിന്നും ശേഖരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കട്ടപ്പന നഗരസഭയില്‍ എല്ലാ വീടുകളില്‍ നിന്നും നേരിട്ട് ശേഖരിക്കുന്നതിന് പകരം ഓരോ വാര്‍ഡിലും പ്രത്യേക പോയിന്റുകള്‍ നിശ്ചയിച്ച് ആ സ്ഥലത്ത് വച്ചാണ് ഇ- മാലിന്യം ശേഖരിക്കുന്നത്. വാര്‍ഡുകളിലെ പോയിന്റുകള്‍ക്ക് പുറമേ നഗരസഭാ ഓഫീസിനോടനുബന്ധിച്ച് എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന തരത്തില്‍ ഒരു കളക്ഷന്‍ പോയിന്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കടകളില്‍ വില കിട്ടുന്ന ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ വില്‍ക്കുകയും ബാക്കിയുള്ളവ പരിസരത്തു കൂട്ടിയിട്ട് മണ്ണിനെയും ജലസ്രോതസുകളെയും മലിനമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പണം നല്‍കി വീടുകളില്‍ നിന്നും ഇത്തരം വസ്തുക്കള്‍ നഗരസഭ ഹരിതകര്‍മ്മസേന വഴി നേരിട്ട് ശേഖരിക്കുന്നത്. ഈ തുക ഹരിത കര്‍മ്മസേനയുടെ കണ്‍സോര്‍ഷ്യം ഫണ്ടില്‍ നിന്നാണ് നല്‍കുന്നത്. ഇത്തരത്തില്‍ ശേഖരിച്ച ഇ- മാലിന്യം സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും.
വീടുകളിലും ഓഫീസുകളിലുമെല്ലാം ഉപയോഗിച്ച് ഉപേക്ഷിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളായ ടിവി, റേഡിയോ, മ്യൂസിക് പ്ലെയര്‍, ഡിവിഡി, സി.ഡി , ഗെയിമിങ് കണ്‍സോളുകള്‍, ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകള്‍, ലാപ്‌ടോപ്പ്, ടാബ്ലെറ്റ്, പ്രിന്റ്രര്‍, സ്‌കാനര്‍, കീബോര്‍ഡ്, മൗസ്, ഹെഡ്‌ഫോണ്‍, വെബ് ക്യാമറ, മൊബൈല്‍ ഫോണുകള്‍, ചാര്‍ജറുകള്‍,ഡാറ്റ കേബിളുകള്‍, വൈഫൈ റൂട്ടറുകള്‍, മൈക്രോവേവ് ഓവന്‍, ഇലക്ട്രിക് സ്റ്റൗവ്, ഇന്‍ഡക്ഷന്‍ കുക്കര്‍, ബ്രെഡ് ടോസ്റ്റര്‍, മിക്‌സര്‍-ഗ്രൈന്‍ഡര്‍, ഫ്രിഡ്ജ്, ഫ്രീസര്‍, വാഷിംഗ് മെഷീന്‍, ഡിഷ് വാഷര്‍, ട്യൂബ് ലൈറ്റുകള്‍, ഫ്‌ലോറസെന്റ് ലാമ്പുകള്‍, എല്‍ഇഡി ബള്‍ബുകള്‍, ഹൈഡ്രജന്‍ ലാമ്പുകള്‍, റീചാര്‍ജ്ജബിള്‍ ബാറ്ററികള്‍, പവര്‍ ബാങ്കുകള്‍, ഇന്‍വെര്‍ട്ടര്‍, യൂപിഎസ് യൂണിറ്റുകള്‍,ടിവി കേബിളുകള്‍, ഇന്റര്‍നെറ്റ് വയറുകള്‍, വൈദ്യുത കണക്ഷന്‍ കേബിളുകള്‍, ക്യാമറകള്‍ തുടങ്ങിയവയാണ് ശേഖരിക്കുന്നത്.
- Log in to post comments