*34 ദിവസങ്ങൾക്കുള്ളിൽ ഉയിർപ്പിന്റെ കരുത്തോടെ തുടര്‍പഠനം *
അക്ഷരം പകര്‍ന്ന വിദ്യാലയം ഉരുള്‍ തകര്‍ത്തപ്പോഴും കൂട്ടുകാരുടെ ജീവന്‍ ദുരന്തം പറിച്ചെടുത്തപ്പോഴും പകച്ച കുരുന്നുകള്‍ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഉയിർപ്പിന്റെ കരുത്താര്‍ന്ന ചുവടുകളോടെ സര്‍ക്കാര്‍ സജ്ജമാക്കിയ പുതിയ സ്‌കൂളിലേക്ക് എത്തിയത്.
പൊതുവിദ്യാഭ്യാസ വകുപ്പ് ദുരന്തം പിന്നിട്ട് 34 ദിവസത്തിനകം മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും മേപ്പാടി പഞ്ചായത്തിലെ എപിജെ ഹാളിലുമായി ക്ലാസ് സജ്ജീകരിച്ചു. വെള്ളാര്‍മല വിഎച്ച്എച്ച് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മേപ്പാടി സ്‌കൂളിലും മുണ്ടക്കൈ ജിഎൽപി സ്‌കൂളിലെ കുരുന്നുകള്‍ക്ക് എപിജെ ഹാളിലുമാണ് ക്ലാസ് ഒരുക്കിയത്. മുണ്ടക്കൈ സ്‌കൂളിലെ 61 കുട്ടികളും വെളളാര്‍മല സ്‌കൂളിലെ 546 കുട്ടികളുമാണ് മേപ്പാടിയിലെ സ്‌കൂളില്‍ തുടര്‍പഠനം നടത്തുന്നത്. കുട്ടികളുടെ അധ്യാപകരെയും നിലവിലെ സ്‌കൂളുകളിലേക്ക് എത്തിച്ചു. കുട്ടികള്‍ക്ക് ആവശ്യമായ പാഠ പുസ്തകങ്ങള്‍, മറ്റു അനുബന്ധ സൗകര്യങ്ങള്‍ എന്നിവ അതിവേഗം ക്രമീകരിക്കുകയായിരുന്നു.
ദുരന്തത്തിന്റെ ആഴക്കയത്തില്‍ നിന്നും ജീവിതത്തിലേക്ക് നീന്തിക്കയറിയ കുട്ടികള്‍ക്ക് പുതിയ ലോകമാണ് ഇവിടെ ഒരുക്കിയത്. നാടിനെ നടുക്കിയ ദുരന്തത്തില്‍ 32 വിദ്യാര്‍ത്ഥികളുടെ ജീവൻ പൊലിഞ്ഞു. 17 കുട്ടികളെ കാണതായി. 316 കുട്ടികളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞത്.
മാതാപിതാക്കളെയും കൂട്ടുകാരെയും ബന്ധുക്കളെയും ദുരന്തം കവര്‍ന്നത് പലരുടെയും മനസിന് താങ്ങാന്‍ കഴിഞ്ഞില്ല. ഇവര്‍ക്കായി വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസ്, ആരോഗ്യ വകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ കൗണ്‍സിലിങ് ഉറപ്പാക്കി. മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധിക സൗകര്യത്തിനായി ബില്‍ഡിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യ 12 ക്ലാസ് മുറികള്‍ നിര്‍മ്മിച്ചു നല്‍കി. ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ പത്താംക്ലാസ് പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് മുന്നേറുകയാണ്.
- Log in to post comments