Skip to main content
തലക്കുളത്തൂര്‍  പഞ്ചായത്തിലെ പറപ്പാറയിൽ നിർമ്മിച്ച മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിൻ്റെ ഉദ്ഘാടനവും, ''മനസ്സോടിത്തിരി മണ്ണ്'' ഭൂമി അനുവദിച്ച വി രാധ ടീച്ചറെ ആദരിക്കലും മന്ത്രി എം ബി രാജേഷ് നിർവഹിക്കുന്നു

മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കാന്‍ പൊതുജനം സമരം ചെയ്യണം -മന്ത്രി എം ബി രാജേഷ്

തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ മന്ത്രി നാടിന് സമര്‍പ്പിച്ചു

പൊതുജനം സമരം ചെയ്യേണ്ടത് മാലിന്യ പ്ലാന്റിനെതിരെയല്ല, മാലിന്യ പ്ലാന്റ് സ്ഥാപിക്കാന്‍ വേണ്ടിയാകണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്റര്‍ ഉദ്ഘാടനവും 'മനസ്സോടിത്തിരി മണ്ണ്' പദ്ധതിയിലേക്ക് ഭൂമി അനുവദിച്ച വി രാധ ടീച്ചറെ ആദരിക്കലും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ശുചിത്വരംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഗ്രാമപഞ്ചായത്ത് നല്ലൊരു മാതൃക സൃഷ്ടിച്ചിട്ടുണ്ട്. അതിന്റെ പൂര്‍ണതയില്‍ എത്തിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ തുടരണം. പഞ്ചായത്ത് പരിധിയില്‍ ഡബിള്‍ ചേംബര്‍ ഇന്‍സിനറേറ്ററും ആര്‍ആര്‍എഫും സ്ഥാപിച്ച് മാലിന്യ സംസ്‌കരണ രംഗത്ത് കൂടുതല്‍ മുന്നോട്ടു പോകണം. ലൈഫ് ഭവന പദ്ധതിയില്‍ 2026ഓടെ സംസ്ഥാനത്തൊട്ടാകെ 6.5 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. 

തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പറപ്പാറയിലാണ് 3,940 ചതുരശ്ര അടിയില്‍ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററിന്റെ പുതിയ കെട്ടിടം നിര്‍മിച്ചത്.സ്വന്തമായി അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ ലൈഫ് മിഷനില്‍ അപേക്ഷ നല്‍കിയ ഭവനരഹിതരായ ആറു കുടുംബങ്ങള്‍ക്ക് 18 സെന്റ് ഭൂമി സൗജന്യമായി നല്‍കിയതിനാണ് കീഴരിയൂര്‍ നമ്പ്രത്തുകര പ്രശാന്തിയില്‍ രാധ ടീച്ചറെ ആദരിച്ചത്. ലൈഫ് പദ്ധതിയുടെ ഭാഗമായ 'മനസ്സോടിത്തിരി മണ്ണ്' കാമ്പയിന്റെ ഭാഗമായാണ് ഭൂമിദാനം.

പറപ്പാറ കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ എല്‍എസ്ജിഡി അസി. എഞ്ചിനീയര്‍ അഭിലാഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനില്‍കുമാര്‍, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള, വൈസ് പ്രസിഡന്റ് കെ കെ ശിവദാസന്‍, സ്ഥിരം സമിതി അധ്യക്ഷരായ സീന സുരേഷ്, അനില്‍ കോരാമ്പ്ര, കെ ജി പ്രജിത, ജില്ലാ പഞ്ചായത്ത് അംഗം റസിയ തോട്ടായി, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഐ പി ഗീത, ടി എം രാമചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഗിരീഷ് കുമാര്‍, പി ബിന്ദു, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി ടി പ്രസാദ്, അസി. ഡയറക്ടര്‍ രാരാരാജ്, ജില്ലാ ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ ഇ ടി രാകേഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്‍ രാജേഷ് ശങ്കര്‍, അസി. സെക്രട്ടറി റീജ മാക്കഞ്ചേരി, വിഇഒമാരായ രാഗേഷ്, ഷിബു, എച്ച്‌ഐമാരായ സജിനി, നിഷ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.

date