Skip to main content

ഓണത്തിന് വീട്ടിലൊരു വാഴക്കുല പദ്ധതി ഉദ്ഘാടനം ചെയ്തു.

പള്ളിപ്പുറം: ചേന്നം പള്ളിപ്പുറം പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയായ ഓണത്തിന് വീട്ടിലൊരു വാഴക്കുല പദ്ധതി ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 16-ാം വാര്‍ഡ് ദേവസ്വംപറമ്പില്‍ നടന്ന ചടങ്ങില്‍ ചേന്നം പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.ഹരിക്കുട്ടന്‍ അധ്യക്ഷത വഹിച്ചു.

 

പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേന വാഴവിത്ത് എത്തിക്കും. തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ വാഴവിത്ത് നട്ട് നല്‍കും. പദ്ധതി പ്രകാരം റോബസ്റ്റ, ഏത്തന്‍, ഞാലിപൂവാന്‍ എന്നിങ്ങനെ മൂന്നു വാഴ വിത്തുകളാണ് ഒരു വീട്ടിലേക്ക് വിതരണം ചെയ്യുക. 

 

ഓണത്തിന് പഞ്ചായത്തിലെ എല്ലാ വീട്ടിലും വാഴക്കുല എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍.ഹരിക്കുട്ടന്‍ പറഞ്ഞു. 7000 ഓളം വാഴ വിത്തുകളാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് മൂന്നര ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവായത്.

 

date