കടല്‍ക്ഷോഭം: ചെല്ലാനത്തും എടവനക്കാടും ക്യാമ്പുകള്‍ 168 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
കൊച്ചി: കടല്‍ കര കയറിയതിനെ തുടര്‍ന്ന് ചെല്ലാനം, എടവനക്കാട് മേഖലകളില്‍ 168 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ചെല്ലാനം സെന്റ് മേരീസ് യു.പി സ്‌കൂള്‍, പുത്തന്‍തോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എടവനക്കാട് ഗവ. യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ തുറന്നത്. മൊത്തം 580 പേരാണ് മൂന്നു ക്യാമ്പുകളിലുമായി കഴിയുന്നത്. ഇവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ക്യാമ്പുകളില്‍ ഒരുക്കിയതായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.
ചെല്ലാനം സെന്റ് മേരീസ് യു.പി സ്‌കൂളില്‍ 130 കുടുംബങ്ങളില്‍ നിന്നായി 425 പേരാണ് ഇന്നലെ അഭയം തേടിയത്. പുത്തന്‍തോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 20 കുടുംബങ്ങളിലെ 68 പേര്‍ കഴിയുന്നു. എടവനക്കാട് ഗവ യു.പി സ്‌കൂളില്‍ 18 കുടുംബങ്ങളിലെ 87 പേര്‍ക്കും അധികൃതര്‍ താമസസൗകര്യമൊരുക്കി. ഉച്ചയോടെ ക്യാമ്പുകളിലെത്തിയവരില്‍ ചിലര്‍ കടല്‍ ഒരുവിധം ശാന്തമായതോടെ വൈകിട്ട് മടങ്ങിപ്പോയിട്ടുണ്ട്. എന്നാല്‍ അര്‍ധരാത്രിക്കു ശേഷം കടല്‍ ക്ഷോഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ആരും ക്യാമ്പുകള്‍ വിട്ട് കടലോരങ്ങളിലെ വീടുകളിലേക്ക് പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ക്യാമ്പുകളിലെത്തിയവര്‍ക്ക് റവന്യൂ, ഫിഷറീസ്, ആരോഗ്യം, പൊലീസ് വകുപ്പുകള്‍ ചേര്‍ന്ന് സൗകര്യങ്ങളൊരുക്കി. ഭക്ഷണം, കുടിവെള്ളം, പുതപ്പുകള്‍, ചികിത്സ എന്നിവ ലഭ്യമാക്കി. ജില്ലാ കളക്ടര്‍ ഇന്നലെ രാവിലെയും രാത്രിയും ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തി. സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി. ദിനേശ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എം.കെ. കബീര്‍, ഡപ്യൂട്ടി കളക്ടര്‍ (ദുരന്തനിവാരണം) ഷീലാദേവി, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ് എന്നിവരും ക്യാമ്പുകളിലെത്തി. തഹസില്‍ദാര്‍മാര്‍ക്കാണ് ക്യാമ്പുകളുടെ ചുമതല നല്‍കിയിരിക്കുന്നത്.
- Log in to post comments