പോളിംഗ് സ്റ്റേഷന്‍ പുനക്രമീകരണം പുരോഗമിക്കുന്നു
പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടര്‍മാരുടെ എണ്ണം 1200 ആയി നിജപ്പെടുത്തിയുള്ള പുന:ക്രമീകരണ നടപടികള്‍ പുരോഗമിക്കുന്നതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എ.ഡി.എം ജി നിര്‍മല്‍ കുമാര്‍ അറിയിച്ചു. കലക്ടറേറ്റില്‍ ചേർന്ന രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിൽ അധ്യക്ഷനായിരുന്നു. വില്ലേജ്തലത്തില്‍ നടത്തിയ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍, ബൂത്ത് ലെവല്‍ ഏജന്റ് യോഗങ്ങള്‍ക്കും ഫീല്‍ഡ്തല പരിശോധനയ്ക്കും ശേഷം 294 പുതിയ പോളിംഗ് സ്റ്റേഷനുകള്‍ ആവശ്യമുണ്ടെന്ന് കണക്കാക്കി; 192 എണ്ണം നിലവിലുള്ള കെട്ടിടത്തില്‍ സജ്ജമാക്കും. 102 പോളിംഗ് സ്റ്റേഷനുകളില്‍ 61 എണ്ണത്തിന് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി; ബാക്കിയുള്ളവയ്ക്ക് സ്ഥലംകണ്ടെത്താന്‍ ഇ.ആര്‍.ഒ.മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
തദ്ദേശതിരഞ്ഞെടുപ്പിന് ബൂത്ത് ലെവല്‍ ഓഫീസര്‍മാരായി ഗ്രൂപ്പ് സി അല്ലെങ്കില്‍ മുകളിലോ ഉള്ള സര്‍ക്കാര്‍ ജീവനക്കാരെമാത്രം നിയമിക്കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ 1220 പേരെ മാറ്റിനിയോഗിച്ചു. ഗ്രൂപ്പ് സി വിഭാഗക്കാര്‍ ഇല്ലാത്ത ബൂത്തുകളില്‍മാത്രം ഗ്രൂപ്പ് ഡി-യില്‍ ഉള്ളവരെയും ഇവരുടെ അഭാവത്തിൽ മാത്രം ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറുടെ നോണ്‍ അവെയ്‌ലബിലിറ്റി സാക്ഷ്യപത്രം ലഭ്യമാക്കി അങ്കണവാടി/ ആശ വര്‍ക്കര്‍മാരെയും നിലനിര്‍ത്തും.
ജില്ലയിലെ 11 നിയോജക മണ്ഡലങ്ങളിലായി 1290 ബി.എല്‍.ഒമാരെയാണ് പകരം നിയോഗിക്കേണ്ടത്. പുതിയതായി നിയമിക്കപ്പെട്ട ബി.എല്‍.ഒ.മാര്‍ക്ക് ഓഗസ്റ്റ് ഏഴ് മുതല്‍ 25 വരെ നിയോജക മണ്ഡലതലത്തില്‍ പരിശീലനംനല്‍കും. തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിന് മുന്നോടിയായി ലീപ് ബോധവത്കരണ പരിപാടി ഊര്‍ജിതമാക്കാനും തീരുമാനിച്ചു.
ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി.ജയശ്രീ, വി.കെ അനിരുദ്ധന്‍ (സി.പി.ഐ.(എം), ഈച്ചംവീട്ടീല്‍ നയാസ് മുഹമ്മദ് (കേരള കോണ്‍ഗ്രസ് (ജെ), ഷെറീഫ് ചന്ദനത്തോപ്പ് (ഐ.യു.എം.എല്‍), ഡി. ഗീതാകൃഷ്ണന്‍ (ഐ.എന്‍.സി), അഡ്വ.എസ്. വേണുഗോപാല്‍ (ബി.ജെ.പി), ലിയ എയ്ഞ്ചല്‍ ജെറോം (ആം ആദ്മി പാര്‍ട്ടി), പി.കെ. ചന്ദ്രഭാനു (ആര്‍.എസ്.പി), തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments