Skip to main content

വിശ്രമമില്ലാതെ ആരോഗ്യ വകുപ്പിന്റെ സംഘം

കടലില്‍ അകപ്പെട്ട മത്‌സ്യത്തൊഴിലാളികളെ വിവിധ സംഘങ്ങളായി രാവിലെ മുതല്‍ കൊണ്ടുവന്നതോടെ ആരോഗ്യവകുപ്പിന്റെ ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടെയുള്ള സംഘം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ വിശ്രമമില്ലാതെയാണ് പ്രവര്‍ത്തിച്ചത്. ഓരോ തവണ ഹെലികോപ്റ്ററില്‍ മത്‌സ്യത്തൊഴിലാളികളെ എത്തിക്കുമ്പോഴും പ്രാഥമിക ശുശ്രൂഷ നല്‍കാനായി ഇവര്‍ ഓടിയെത്തി. കൂടുതല്‍ ചികിത്‌സ ആവശ്യമുള്ളവരെ ആശുപത്രികളിലേക്ക് അയച്ചു. 

അടിയന്തര സാഹചര്യം നേരിടുന്നതിന് മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി ഉള്‍പ്പെടെയുള്ള ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരും ജീവനക്കാരും സജ്ജമായിരുന്നു. ഇന്നലെ രാത്രി ഏഴു മണി വരെ 80 പേരെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചത്. 42 പേര്‍ ജനറല്‍ ആശുപത്രിയിലും 38 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്‌സയിലുണ്ട്. കടല്‍ക്ഷോഭത്തിനിരയായവരെ ചികിത്‌സിക്കാനായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 100ഓളം കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. കൂടുതല്‍ പേരെത്തിയാല്‍ ആവശ്യമായ സൗകര്യം ഒരുക്കും. വിദഗ്ധ ചികിത്‌സ ആവശ്യമുള്ളവര്‍ക്ക് വേണ്ട സൗകര്യം ഒരുക്കിയിട്ടുണ്ട്. 

ചികിത്‌സ ആവശ്യമുള്ളവരെ ആശുപത്രികളിലെത്തിക്കാനായി പതിമൂന്ന് 108 ആംബുലന്‍സുകളും സര്‍വീസ് നടത്തി. ഇതിനു പുറമെ ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സിന്റെ സേവനവും ലഭിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. സരിത, ഡോ. അനില്‍ വി., ഡോ. വിജയ്, ഡോ. നന്ദകുമാര്‍, ദേശീയ ആരോഗ്യദൗത്യത്തിലെ ഡോ. നിത വിജയന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സ്വപ്‌ന, സുരേഷ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് വര്‍ഷ, അരുണ്‍ പ്രശാന്ത്, ഗോപിക, പ്രിജില, ക്ലൗഡിയ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. 

പി.എന്‍.എക്‌സ്.5141/17

date