ചമ്പക്കുളം ഗ്രാമപഞ്ചായത്തിൽ ഹൈടെക് അങ്കണവാടി ഉദ്ഘാടനം ചെയ്തു
ചമ്പക്കുളം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ 46-ാം നമ്പർ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജേശ്വരി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു അധ്യക്ഷത വഹിച്ചു. ചമ്പക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി ജി ജലജകുമാരി
പഠനോപകരങ്ങൾ വിതരണം ചെയ്തു.
2018 ലെ മഹാപ്രളയത്തിൽ പൂർണ്ണമായും നശിച്ച പഴയ അങ്കണവാടി കെട്ടിടം പൊളിച്ചു മാറ്റിയാണ് ഇരുനിലകളായി പുതിയ കെട്ടിടം പണിതത്. ജില്ലാ പഞ്ചായത്തിന്റെ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 27.60 ലക്ഷം രൂപയും ഇലക്ട്രിഫിക്കേഷനായി 1 ലക്ഷം രൂപയും ഉപയോഗിച്ചാണ് നൂതന സൗകര്യങ്ങളോടെയുള്ള ഈ ഹൈടെക് അങ്കണവാടി നിർമ്മിച്ചത്.
പുതിയ അങ്കണവാടിയിൽ അടുക്കള, ശിശു സൗഹൃദ ശുചിമുറി,കുട്ടികളുടെ സന്തോഷകരമായ പഠനാന്തരീക്ഷത്തിനായി ചുവരുകളിൽ ചിത്രങ്ങൾ, കുട്ടികൾക്കായി കളിപ്പാട്ടങ്ങൾ എന്നിവയും ഉണ്ട്.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം എസ് ശ്രീകാന്ത്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഗസ്റ്റിൻ ജോസഫ്, സ്ഥിരം സമിതി അധ്യക്ഷരായ എസ് മായാദേവി,ബെന്നി വർഗീസ്,ഫില്ലമ്മ ജോസഫ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ എം സജികുമാർ, കൊച്ചുറാണി ബാബു,തോമസ് ജോസഫ്, ടി ബാബു, ഐ സി ഡി എസ് ജില്ലാ പ്രോഗ്രാം ഓഫീസർ ജെ മായാലക്ഷ്മി, അങ്കണവാടി ടീച്ചർ കെ എം സുജാത, ചമ്പക്കുളം ഐസിഡിഎസ് സൂപ്പർവൈസർ സുജ ജയപാൽ, അങ്കണവാടി വർക്കർ കെ കെ ഓമന മറ്റു ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments