Skip to main content
..

തൊഴില്‍ അവസരമൊരുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ ജോബ് സ്റ്റേഷന്‍

അഞ്ചലിലെ യുവതയ്ക്ക് വിവിധമേഖലകളില്‍ തൊഴില്‍ അവസരങ്ങളൊരുക്കി ബ്ലോക്ക് പഞ്ചായത്ത്.  തദ്ദേശസ്വയംഭരണ വകുപ്പിന്റെ വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ (ഡി.ഡബ്ലിയു.എം.എസ്) സാങ്കേതിക പിന്തുണയോടെ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച ജോബ് സ്റ്റേഷന്‍ തൊഴില്‍മേളയും സംഘടിപ്പിക്കുന്നു. ആയിരം പേര്‍ക്ക് തൊഴില്‍അവസരങ്ങള്‍ ഒരുക്കുന്ന മേള ഓഗസ്റ്റ് അവസാനത്തോടെ നടത്തും.
മേളയില്‍ 19നും 59 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. യോഗ്യത, തൊഴില്‍സമയം, ജോലിസ്ഥലം, തൊഴിലിന്റെസ്വഭാവം, എന്നിവയുടെ അടിസ്ഥാനത്തില്‍  തൊഴിലുകള്‍ തരംതിരിച്ചിട്ടുണ്ട്.  പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഗ്രാജുവേറ്റ്, പ്രൊഫഷണല്‍ കോഴ്സ്, മറ്റുള്ള യോഗ്യതകള്‍ ഉള്ളവര്‍ക്ക്  മേളയില്‍ പങ്കെടുക്കാം. പാര്‍ട്ട്ടൈം, ഫുള്‍ടൈം, ഇന്റേണ്‍ഷിപ്പ്, ഓഫീസ്, വര്‍ക്ക് ഫ്രം ഹോം എന്നിങ്ങനെ ഇന്ത്യക്കകത്തും, വിദേശത്തുമുള്ള തൊഴില്‍അവസരങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
തൊഴില്‍മേള ആസൂത്രണം ചെയ്ത ജോബ്‌സ്റ്റേഷന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ 2025-26 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുബന്ധ സൗകര്യങ്ങള്‍, കമ്പ്യൂട്ടര്‍, ഉപകരണങ്ങള്‍ തുടങ്ങിയവക്കായി 1.50 ലക്ഷം രൂപ വകയിരുത്തി.  തൊഴില്‍അന്വേഷകരെ ഡി.ഡബ്ലിയു.എം.എസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിക്കുക, സംശയനിവാരണം നടത്തുക, തൊഴിലിന് അപേക്ഷിക്കാനുള്ള സാങ്കേതിക പിന്തുണനല്‍കുക എന്നിവയാണ് ബ്ലോക്ക്പഞ്ചായത്തുകളില്‍ സ്ഥാപിച്ച ജോബ്‌സ്റ്റേഷനുകളുടെ പ്രധാനചുമതല.  ഫീല്‍ഡ്തലപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടംവഹിക്കുന്നതും തൊഴില്‍അന്വേഷകര്‍ക്ക് കരിയര്‍ കൗണ്‍സിലിംഗ് നല്‍കുന്നതും ഇവിടെതന്നെ. ലഭ്യമായ തൊഴില്‍ അവസരങ്ങളുടെ വിവരങ്ങള്‍, ഓണ്‍ലൈന്‍ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കാനുള്ള സൗകര്യങ്ങള്‍ ഉറപ്പാക്കല്‍, നൈപുണ്യശേഷി വളര്‍ത്തിയെടുക്കാന്‍ പരിശീലനപരിപാടികള്‍ ഒരുക്കുക എന്നിവയും ചുമതലയാണ്.
ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം എന്ന പോര്‍ട്ടല്‍ നല്‍കുന്ന സേവനങ്ങളും തൊഴില്‍ അന്വേഷകര്‍ അതുപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും സംബന്ധിച്ച് ക്ലാസുകള്‍ നടത്തുന്നുമുണ്ട്.  പരമാവധി തൊഴില്‍അന്വേഷകരെ ഡി.ഡബ്ലിയു.എം.എസ്  പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്ന പ്രവര്‍ത്തനമാണ് നടത്തുന്നത്.  
ബ്ലോക്ക്-പഞ്ചായത്ത്തലത്തിലും കുടുംബശ്രീ കമ്മ്യൂണിറ്റി അംബാസിഡര്‍, കുടുംബശ്രീ കോര്‍ഡിനേറ്റര്‍, സാക്ഷരത പ്രേരക്, എസ്.സി, എസ്.റ്റി പ്രൊമോട്ടര്‍, ഓരോ പഞ്ചായത്തിലെയും ലോക്കല്‍ റിസോഴ്‌സ് പേഴ്‌സണ്‍, പഞ്ചായത്ത് ജനപ്രധിനിധികള്‍  തുടങ്ങിയവരിലൂടെയാണ്പദ്ധതി വിവരങ്ങളുടെ പ്രചാരണം. പോര്‍ട്ടല്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനം ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. സംശയനിവാരണത്തിനായി അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തിലെ ജോബ് സ്റ്റേഷന്‍ ഓഫീസുമായി ബന്ധപ്പെടാം.  ആയിരം പേര്‍ക്ക് ജോലി ലഭ്യമാക്കുന്ന  രീതിയില്‍ തൊഴില്‍മേള നടത്തി ജോബ്‌സ്റ്റേഷന്റെ പ്രവര്‍ത്തനം കൂടുതല്‍ മികവുറ്റതാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി പറഞ്ഞു.

date