Skip to main content

ജില്ലയുടെ അടിസ്ഥാന സൗകര്യവികസനം ആയിരം കോടി രൂപ അനുവദിക്കും മന്ത്രി ജി.സുധാകരന്‍

ജില്ലയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് പൊതുമരാമത്ത് വകുപ്പ് രണ്ടരവര്‍ഷത്തിനകം ആയിരം കോടി രൂപകൂടി അനുവദിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന കല്‍പ്പറ്റ- വാരാമ്പറ്റ, മേപ്പാടി-ചൂരല്‍മല, കണിയാമ്പറ്റ-മീനങ്ങാടി റോഡുകളുടെയും നബാര്‍ഡിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന താളിപ്പാറക്കടവ്, മാമ്പിള്ളിച്ചിക്കടവ് പാലങ്ങളുടെയും നിര്‍മ്മാണ പ്രവൃത്തികളും പുതുക്കി പണിത കല്‍പ്പറ്റ റസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം കല്‍പ്പറ്റ ടൗണില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ പശ്ചാത്തല മേഖലയില്‍ മുന്‍കാലത്തൊന്നും ലഭിക്കാത്ത പരിഗണനയാണ് നല്‍കുന്നത്. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിലും ജില്ലയ്ക്ക് പ്രഥമ പരിഗണനയാണ് നല്‍കുന്നത്. 110 കോടി രൂപയാണ് ഇതിനായി ആദ്യഘട്ടത്തില്‍ നീക്കിവെച്ചത്. മാനന്തവാടി നിയോജക മണ്ഡലത്തിന് 50 കോടിയും കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലങ്ങള്‍ക്ക് 30 കോടി രൂപ വീതവുമാണ് അനുവദിച്ചിരിക്കുന്നത്. റോഡ് നിര്‍മ്മാണത്തിനും പുനരുദ്ധാരണ പ്രവൃത്തികള്‍ക്കുമായി 1116.94 കോടി രൂപ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര റോഡ് ഫണ്ടില്‍ നിന്ന് 30 കോടി രൂപ ലഭ്യമാക്കിയിട്ടുണ്ട്. ജില്ലയിലെ പ്രധാന റോഡുകളും പാലങ്ങളും നവീകരിക്കാനുള്ള നടപടികളും ഇതോടൊപ്പം സ്വീകരിക്കും. കല്‍പ്പറ്റയിലെ മണ്ണാര്‍ക്കുന്ന് പാലം, ചുഴലിപാലം,ഞെട്ടാറപ്പാലം, കോട്ടത്തറ ഡാം സൈറ്റ് പാലം എന്നിവയ്ക്കും 40 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കല്‍പ്പറ്റ വാരാമ്പറ്റ, മേപ്പാടി ചൂരല്‍മല, കണിയാമ്പറ്റ മീനങ്ങാടി റോഡുകളുടെ നിര്‍മ്മാണത്തിന് 136.61 കോടി രൂപയാണ് ചെലവിടുന്നത്. നബാര്‍ഡിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന താളിപ്പാറക്കടവ് പാലത്തിന് 17.50 കോടി രൂപയും വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ മാമ്പിള്ളിച്ചിക്കടവ് പാലത്തിന് 11.64 കോടി രൂപയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 1.96 കോടി രൂപ ചെലവിലാണ് കല്‍പ്പറ്റ റസ്റ്റ് ഹൗസ് പുതുക്കി പണിതത്. എ ഗ്രേഡ് നിലവാരത്തിലുളള റെസ്റ്റ് ഹൗസില്‍ ആവശ്യമായ ജീവനക്കാരെയും ഉടന്‍ നിയമിക്കും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് പി.എം നാസര്‍, കെ.ആര്‍.എഫ്.ബി ചീഫ് എഞ്ചിനിയര്‍ വി.വി ബിനു, നിരത്ത് വിഭാഗം സുപ്രണ്ടിംഗ് എഞ്ചിനിയര്‍ ഇ.ജി വിശ്വപ്രകാശ്, കെട്ടിട വിഭാഗം സുപ്രണ്ടിംഗ് എഞ്ചിനിയര്‍ പി.കെ മിനി എന്നിവര്‍ സംസാരിച്ചു.

date