Skip to main content

കടല്‍ക്ഷോഭം:   എറണാകുളത്ത് ഏഴു ക്യാമ്പുകളിലായി 4674 പേര്‍

കൊച്ചി: കടല്‍ക്ഷോഭത്തെ  തുടര്‍ന്ന് എറണാകുളത്ത് ഏഴ് ക്യാമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. 1258 കുടുംബങ്ങളിലായി 4674 പേരാണ് ക്യാമ്പുകളില്‍ ഉള്ളത്. 

എടവനക്കാട് ഗവണ്‍മെന്റ് യുപി സ്‌കൂള്‍, ചെല്ലാനം സെന്റ് മേരീസ് എച്ച്എസ്എസ്,  ചെല്ലാനം പുത്തന്‍തോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ചെല്ലാനം സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് പാരിഷ് ഹാള്‍, ചെല്ലാനം സെന്റ് ജോര്‍ജ്ജ് ചര്‍ച്ച് പാരിഷ് ഹാള്‍,  നായരമ്പലം ദേവിവിലാസം സ്‌കൂള്‍, ഞാറയ്ക്കല്‍ ഗവണ്‍മെന്റ് ഫിഷറീസ് സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുള്ളത്. 

എടവനക്കാട് ക്യാമ്പില്‍ 38 കുടുംബങ്ങളിലെ 164 പേരും  ചെല്ലാനം സെന്റ് മേരീസില്‍ 403 കുടുംബങ്ങളിലെ 1200 പേരുമാണുള്ളത്. പുത്തന്‍തോട് ഗവണ്‍മെന്റ് എച്ച്എസ്എസില്‍  131 കുടുംബങ്ങളിലെ  494 പേരും സെന്റ് ഫ്രാന്‍സിസ് പാരിഷ് ഹാളില്‍ 200 കുടുംബങ്ങളിലെ 800 പേരും  നായരമ്പലം ദേവിവിലാസം സ്‌കൂളില്‍ 421 കുടുംബങ്ങളിലായി 1846 പേരുമാണുള്ളത്. ഞാറയ്ക്കല്‍ ഗവണ്‍മെന്റ് ഫിഷറീസ് സ്‌കൂളില്‍ 42 കുടുംബങ്ങളിലെ 110 അംഗങ്ങളാണുള്ളത്. ചെല്ലാനം സെന്റ് ജോര്‍ജ്ജ്  ചര്‍ച്ച് പാരിഷ് ഹാളില്‍ 19 കുടുംബങ്ങളിലെ 60 അംഗങ്ങള്‍ ഉണ്ട്. 

ക്യാമ്പുകളില്‍ സൗജന്യഭക്ഷണവും മെഡിക്കല്‍ സൗകര്യങ്ങളും ഉണ്ടായിരിക്കും എന്ന് ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു. വനിതാ പോലീസ് അടക്കമുള്ള സേവനങ്ങളും ക്യാമ്പുകളില്‍ ലഭ്യമാണ്. ക്യാമ്പുകളിലെത്തിയവര്‍ക്ക് റവന്യൂ, ഫിഷറീസ്, ആരോഗ്യം, പൊലീസ് വകുപ്പുകള്‍ ചേര്‍ന്നാണ് സൗകര്യങ്ങളൊരുക്കുന്നത്. പുതപ്പുകളും ക്യാമ്പിലുള്ളവര്‍ക്ക് ലഭ്യമാക്കി. ജില്ലാ കളക്ടറും ഉന്നതഉദ്യോഗസ്ഥരും ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തി. സബ്കളക്ടര്‍ ഇമ്പശേഖര്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എം.കെ. കബീര്‍, ഡപ്യൂട്ടി കളക്ടര്‍ (ദുരന്തനിവാരണം) ഷീലാദേവി, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ#് എന്നിവരും ക്യാമ്പുകളിലെത്തി. തഹസില്‍ദാര്‍മാര്‍ക്കാണ് ക്യാമ്പുകളുടെ ചുമതല നല്‍കിയിരിക്കുന്നത്.

രക്ഷാപ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. ഡിസംബര്‍ ഒന്നിന് 22 പേരെയും ഡിസംബര്‍ രണ്ടിന് 26 മത്സ്യബന്ധനതൊഴിലാളികളെയുമാണ് രക്ഷപ്പെടുത്തിയത്. നാലുപേരെ പറവൂര്‍ ആശുപത്രിയിലും രണ്ടുപേരെ എറണാകുളം ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരെല്ലാം ഇതര ജില്ലക്കാരാണ്. കൊല്ലം തിരുവനന്തപുരം നാഗര്‍കോവില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള  മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള വാഹനസൗകര്യമടക്കമുള്ള സജ്ജീകരണങ്ങളും ജില്ലാ ഭരണകൂടം ചെയ്തിട്ടുണ്ട്. എല്ലാ താലൂക്ക് ഓഫീസുകളും തീരപ്രദേശത്തുള്ള വില്ലേജ് ഓഫീസുകളും രാത്രിയിലും പ്രവര്‍ത്തിക്കും. ക്യാമ്പുകളുടെ പരിസരത്തും തീരപ്രദേശത്തും രാത്രിയില്‍ പോലീസ് പട്രോളിങ് ഉണ്ടായിരിക്കും. 

ചെല്ലാനം, തോപ്പുംപടി, കൊച്ചി, മുനമ്പം ഹാര്‍ബറുകളില്‍ രജിസ്റ്റര്‍ ചെയ്ത മത്സ്യബന്ധനയാനങ്ങളോ  ജോലി ചെയ്യുന്ന തൊഴിലാളികളെയോ കാണാതായതായി റിപ്പോര്‍ട്ടുകളില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലോ ഹാര്‍ബറുകളിലോ രജിസ്റ്റര്‍ ചെയ്ത യാനങ്ങള്‍ കൊച്ചിക്കു സമീപം അപകടത്തില്‍ പെട്ടിട്ടുണ്ടോ എന്നറിയാന്‍ നാവികസേനയും മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റല്‍ പൊലീസും വ്യാപകമായി തെരച്ചില്‍ നടത്തുന്നുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.

കടല്‍ക്ഷോഭത്തെ തുടര്‍ന്ന് രണ്ട്  മരണമാണ് ചെല്ലാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവ രണ്ടും ഹൃദയസ്തംഭനം മൂലമാണെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്ക് അടിയന്തര ധനസഹായമായി 10000 രൂപ ജില്ലാഭരണകൂടം അനുവദിച്ചിട്ടുണ്ട്. കടല്‍ക്ഷോഭത്തെ തുടര്‍ന്ന് 365 വീടുകള്‍ ഭാഗികമായും അഞ്ച് വീടുകള്‍ മുഴുവനായും തകര്‍ന്നു. 75 നാടന്‍ വള്ളങ്ങള്‍ ഭാഗികമായി നശിച്ചതായും 200 വലകള്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. 

ഡിസംബര്‍ നാലുവരെ കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

പി.എന്‍.എക്‌സ്.5149/17

date