തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരുടെ പരിശീലനം : ശിൽപ്പശാല മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു
ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിലെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്കുള്ള പരിശീലനത്തിന്റെ ഭാഗമായി കില സംഘടിപ്പിച്ച ശിൽപ്പശാല തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. ഇതാദ്യമായാണ് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിൽ ആദ്യമായാണ് ഗസറ്റഡ് റാങ്കിലുള്ള സെക്രട്ടറി തസ്തികയിലേക്ക് പി എസ് സി വഴി നേരിട്ടുള്ള നിയമനം നടത്തുന്നത്. തസ്തികയിൽ നേരിട്ടുള്ള നിയമനത്തിനുള്ള നടപടികൾ അവസാനഘട്ടത്തിലാണ്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, മുനിസിപ്പാലിറ്റി സെക്രട്ടറി തസ്തികകളിലേക്ക് ഏകദേശം 150 ഉദ്യോഗസ്ഥരാണ് നിയമിക്കപ്പെടുക. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്റ്റേറ്റ് സർവ്വീസ് സ്‌പെഷ്യൽ റൂൾ പ്രകാരം ഇവർക്ക് മൂന്ന് മാസത്തെ പരിശീലനം നൽകണം. ട്രെയിനിംഗ് സംബന്ധിച്ച ആശയങ്ങൾ ക്രോഡീകരിക്കുന്നതിനായിട്ടാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉദ്ദേശം ഭരിക്കുക എന്നുള്ളതല്ല പകരം ഭരണത്തിന് വേണ്ടിയുള്ള ക്രമീകരണങ്ങൾ ചെയ്യുക എന്നതാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ഉദ്യോഗസ്ഥ വർഗ്ഗവും രാഷ്ട്രീയ പ്രവർത്തകരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ട്. തദ്ദേശ സ്വയംരണ സ്ഥാപനങ്ങളിലെ സെക്രട്ടറി ഭരണസമിതി തീരുമാനിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുകയും അവ സംസ്ഥാന സർക്കാരുകളുടെ നയവുമായി യോജിക്കുന്നു എന്ന് ഉറപ്പാക്കുകയുമാണ് ചെയ്യുന്നത്. വരാൻ പോകുന്ന സെക്രട്ടറിമാർക്കുള്ള ട്രെയിനിങ് ഒരു അവസരം ആയിട്ടാണ് കാണേണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി. വി. അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്ജ്, ധനകാര്യ കമ്മീഷൻ ചെയർമാൻ ഡോ. കെ. എൻ. ഹരിലാൽ, നവകേരള മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ടി. എൻ. സീമ, ഐകെഎം ചീഫ് മിഷൻ ഡയറക്ടർ ഡോ. സന്തോഷ് ബാബു, മുൻ ചീഫ് സെക്രട്ടറിമാരായ എസ്. എം. വിജയാനന്ദ്, ശാരദാമുരളീധരൻ, ആസൂത്രണ ബോർഡ് അംഗം ഡോ. ജിജു. പി. അലക്‌സ്, കില ഡയറക്ടർ ജനറൽ എ. നിസാമുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്സ് 3933/2025
- Log in to post comments