പഠിതാക്കള്‍ക്ക് ആവേശം പകര്‍ന്ന് വരയും കളിയുമായി മികവുത്സവം
വരയും കളിയും പാട്ടും പറച്ചിലുമായി സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാക്ഷരത പരീക്ഷയായ മികവുത്സവം പഠിതാക്കളില്‍ ആവേശം പകര്‍ന്നുനല്‍കി. കുറുമ്പന്‍മൂഴി പട്ടികവര്‍ഗ കോളനിയിലെ താങ്കമ്മ ഓലിക്കല്‍ എണ്‍പത്തിയെട്ടാം വയസില്‍ സാക്ഷരതാ പരീക്ഷയ്ക്ക് അണിചേര്‍ന്നപ്പോള്‍ ജീവിതത്തില്‍ ഇതുവരെ ലഭിക്കാത്ത മാനസിക സന്തോമാണ് തനിക്ക് ലഭിച്ചതെന്ന് പറഞ്ഞു. ജീവിതത്തില്‍ അക്ഷരവെളിച്ചം ലഭിക്കാതെ പോയ ജില്ലയിലെ 71 പട്ടികവര്‍ഗക്കാരാണ് മികവുത്സവത്തില്‍ പങ്കെടുത്തത്. കരികുളം പട്ടികവര്‍ഗ കോളനിയില്‍ 17ഉം കുറുമ്പന്‍മൂഴിയില്‍ 30ഉം അട്ടത്തോട് പട്ടികവര്‍ഗ കോളനിയില്‍ 24ഉം പേര്‍ പരീക്ഷയില്‍ പങ്കാളികളായി.
ഏഴ് പട്ടികജാതി കോളനികളിലാണ് ജില്ലയില്‍ സാക്ഷരതാ മികവുത്സവം നടന്നത്. എഴിക്കാട് കോളനിയില്‍ 12ഉം ചാന്തോലിയില്‍ 14ഉം ആത്ത്രപാടില്‍ 19ഉം നാടുകാണിയില്‍ 15ഉം തെക്കുംമലയില്‍ 20ഉം മുരുകന്‍കുന്നില്‍ 14ഉം തണ്ണിത്തോട് ഐഎച്ച്ഡിപി കോളനിയില്‍ 18ഉം ഉള്‍പ്പെടെ 112 പട്ടികജാതി വിഭാഗക്കാര്‍ മികവുത്സവത്തില്‍ പങ്കെടുത്തു.
ഇതര സംസ്ഥാന തൊഴിലാളി സാക്ഷരതാ പരീക്ഷയില്‍ ജില്ലയില്‍ 187 പഠിതാക്കള്‍ പങ്കെടുത്തു. മികവുത്സവം എന്ന പേരില്‍ സംസ്ഥാനത്ത് ആദ്യമായാണ് സാക്ഷരതാമിഷന്‍ സാക്ഷരതാ പരീക്ഷ നടത്തിയത്. സാമ്പ്രദായിക പരീക്ഷ മുതിര്‍ന്ന പഠിതാക്കളില്‍ പരീക്ഷിക്കുന്നത് തികച്ചും അശാസ്ത്രീയമാണെന്ന കണ്ടെത്തലാണ് വരയും കളിയുമായി മികവുത്സവം നടത്താന്‍ സാക്ഷരതാ മിഷനെ പ്രേരിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി കോയിപ്രം ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ മികവുത്സവം ഉദ്ഘാടനം ചെയ്തു. സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.വി.വി.മാത്യു, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.പി.മുരുകദാസ്, ജനപ്രതിനിധികള്‍, പ്രേരക്മാര്‍, ഇന്‍സ്ട്രക്ടര്‍മാര്‍, സാക്ഷരതാ സമിതി അംഗങ്ങള്‍ എന്നിവര്‍ മികവുത്സവത്തിന് ജില്ലയില്‍ നേതൃത്വം നല്‍കി. (പിഎന്‍പി 3832/18)
- Log in to post comments