പുതിയ തലമുറയ്ക്ക് ഉത്തരവാദിത്വങ്ങളും അവസരങ്ങളും ഏറെ: മന്ത്രി കെ എൻ ബാലഗോപാൽ പൂയപ്പള്ളി സർക്കാർ ഹൈസ്കൂളിൽ പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്തു
ഉത്തരവാദിത്വങ്ങളും അവസരങ്ങളും ധാരാളമുള്ള തലമുറയാണ് ഇന്നുള്ളതെന്നു ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. പൂയപ്പള്ളി സർക്കാർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വിവിധ ഇനങ്ങളിൽ പ്രതിഭ തെളിയിച്ച വിദ്യാർഥികളെ ആദരിക്കുന്ന പ്രതിഭാ സംഗമം 'നിറവ് 2025' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.എസ്.എൽ.സി, പ്ലസ്.ടു വിഭാഗത്തിൽ മികച്ച നേട്ടം കൊട്ടാരക്കര വിദ്യാഭ്യാസ ജില്ല സ്വന്തമാക്കി. കൊട്ടാരക്കരയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് പൂയപ്പള്ളി സർക്കാർ സ്കൂളിലെ വിദ്യാർഥികളാണ്. അക്കാദമിക്ക് രംഗത്ത് മാത്രമല്ല പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ മുന്നിലാണ്. പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് പ്രഥമ പരിഗണന നൽകി അധ്യാപക- വിദ്യാർഥി ക്ഷേമത്തിനും അനവധി പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ 40 പ്രതിഭകളെയും എൽ.എസ്.എസ് (4), യു.എസ്.എസ് (29), എൽ.എം.എം.എസ് (5), സംസ്കൃതം സ്കോളർഷിപ്പ് (6), പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച പ്രതിഭകളെയും ചടങ്ങിൽ ആദരിച്ചു.
ജി. എസ്. ജയലാൽ എം.എൽ.എ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് കെ. കലാദേവി, പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. മായ, വൈസ് പ്രസിഡൻ്റ് ആർ. ഉദയകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷർ, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു
- Log in to post comments