Skip to main content

നവകേരള ശില്പശാലയ്ക്ക് ഇന്ന് (നവംബര്‍ 27) തുടക്കമാകും 

 

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരും മിഷന്‍ - വകുപ്പ് ചുമതലക്കാരും പങ്കെടുക്കുന്ന നവകേരള ശില്‍പശാല ഇന്ന് (നവംബര്‍ 27) രാവിലെ 10.30 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ദ്വിദിന പരിപാടിയില്‍  സംസ്ഥാനത്തിന്റെ പ്രളയാനന്തര സാഹചര്യം ലൈഫ്, ആര്‍ദ്രം, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ മിഷനുകളുടെ പ്രവര്‍ത്തന പുരോഗതിയും  വിശദമായി വിലയിരുത്തും.  ഭാവിപരിപാടികള്‍ രൂപപ്പെടുത്തുന്ന തിനുള്ള വിശദമായ ചര്‍ച്ചകള്‍ക്കും ശില്പശാല വേദിയാവും. 

കേരളത്തിലും രാജ്യമൊട്ടാകെയും നടക്കുന്ന വികസന സംവാദങ്ങള്‍ക്ക്  മുതല്‍കൂട്ടാവുന്ന ഈ സംഗമത്തില്‍, മുഖ്യമന്ത്രിക്കു പുറമേ, മറ്റു മന്ത്രിമാരും പ്രതിപക്ഷനേതാവും വകുപ്പു മേധാവികളും മിഷന്‍ പ്രതിനിധികളും പങ്കെടുക്കും. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 21,000 ഓളം വരുന്ന ജനപ്രതിനിധികള്‍ക്കും ഉദ്യാഗസ്ഥര്‍ക്കും വിക്ടേഴ്‌സ് ചാനലില്‍ പരിപാടി തല്‍സമയം കാണാന്‍ അവസരമുണ്ടാവും. പ്രേക്ഷകരുടെ അഭിപ്രായങ്ങളും സംശയങ്ങളും ശില്‍പശാലയിലേക്ക് തല്‍സമയം അറിയിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

പി.എന്‍.എക്സ്. 5244/18

date