തിരൂര്‍ താലൂക്കില്‍ 8319 മുന്‍ഗണനാ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി
തിരൂര്‍ താലൂക്കില്‍ 8319 മുന്‍ഗണനാ കാര്‍ഡുകള്‍ പൊതു വിഭാഗത്തിലേക്ക് മാറ്റി. പുതിയ റേഷന്‍ കാര്‍ഡ് വിതരണം ആരംഭിച്ച 2016 മുതല്‍ ഇതേവരെ ഒന്ന് രണ്ട് ഘട്ടങ്ങളായി ഉദ്യോഗസ്ഥന്‍മാര്‍ പരിശോധന നടത്തിയും കാര്‍ഡുടമകള്‍ സ്വമേധയാ വന്ന് സറണ്ടര്‍ ചെയ്തതുമായി 8319 അനര്‍ഹരായ പ്രയോറിറ്റി എ.എ.വൈ കാര്‍ഡുകളാണ് പൊതുവിഭാഗത്തിലേക്ക് മാറ്റിയത്. അനര്‍ഹരെ കണ്ടെത്താന്‍ താലൂക്ക് സപ്ലൈ ഓഫീസറും, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരും വീടു വീടാന്തരം കയറിയിറങ്ങി പരിശോധന നടത്തിയതിന്റെ ഭാഗമായി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 61 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത് നടപടികള്‍ ആരംഭിച്ചു. നാഷണല്‍ ഫുഡ് സെക്യൂരിറ്റി ആക്റ്റ് 2013 പ്രകാരം ഇപോസ് മെഷീന്‍ ഉപയോഗിച്ച് റേഷന്‍ വാങ്ങിയതുമുതല്‍ കാര്‍ഡുടമകള്‍ അനര്‍ഹമായി കൈപ്പറ്റിയ റേഷന്റെ പൊതുവിപണി വില ഈടാക്കാന്‍ നോട്ടീസ് അയച്ചുതുടങ്ങി. 61 കാര്‍ഡുടമകളില്‍ നിന്നായി 1.47 ലക്ഷം (ഒന്നര ലക്ഷത്തോളം) രൂപ പിഴയായി ഈടാക്കാനുള്ള നോട്ടീസ് നല്‍കിവരുന്നു.
സ്വമേധയാ വന്ന് കാര്‍ഡുമാറ്റുന്നവരെ നടപടികള്‍ നിന്നും ഒഴിവാക്കുന്നുണ്ടെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ പറഞ്ഞു. തിരൂര്‍ പൊന്‍മുണ്ടം പഞ്ചായത്തില്‍ നിന്നും പിടിച്ചെടുത്ത പ്രയോറിറ്റി കാര്‍ഡില്‍ ഉന്നത ബാങ്ക് ഉദ്യോഗസ്ഥനും സ്‌കൂള്‍ ടീച്ചറായ ഭാര്യയും ഉണ്ട്.
താനൂര്‍ പഞ്ചായത്തില്‍ നിന്നും പിടിച്ചെടുത്ത പ്രയോറിറ്റി കാര്‍ഡില്‍ ഉള്‍പ്പെട്ട യാള്‍ക്ക് 4 എ.സി ഫിറ്റ് ചെയ്ത വീടും, ഫാന്‍സി നമ്പറുള്ള കാറും 3500 സ്‌ക്വര്‍ ഫീറ്റ് ഉള്ള നിര്‍മാണത്തിലുള്ള വീടും കണ്ടെത്തി. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ഇന്‍-ചാര്‍ജ്ജ് ശിവദാസന്‍ പിലാപ്പറമ്പില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ഗംഗാധനര്‍ കെ. സുധീഷ് എസ്, രമേശന്‍ ടി.പി, മനോജ്, കെ.സി രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments