Skip to main content

71-മത് നെഹ്‌റു ട്രോഫി വള്ളംകളി: ഭാഗ്യചിഹ്നം ‘കാത്തു’

*പേര് പതിച്ച ഭാഗ്യചിഹ്നം മന്ത്രി പി പ്രസാദ് പ്രകാശനം ചെയ്തു

71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴയുന്ന കാക്കത്തമ്പുരാട്ടിക്ക് പേര് 'കാത്തു'. കാത്തു എന്ന പേര് പതിച്ച ഭാഗ്യചിഹ്നം കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പ്രകാശനം ചെയ്തു. ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ്, പ്രമുഖ ചലച്ചിത്ര സംവിധായകനും നടനുമായ ആലപ്പി അഷറഫ്  എന്നിവർ ചേർന്ന് പേര് പതിച്ച ഭാഗ്യചിഹ്നം  മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. 
71 ാമത് നെഹ്റു ട്രോഫി വള്ളംകളി ആലപ്പുഴയുടെ അഭിമാനമാണെന്നും ഇത്തവണ വള്ളംകളി കൂടുതൽ നിറമുള്ളതായി തീരുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസാണ് കാത്തു എന്ന പേര് പ്രഖ്യാപിച്ചത്. പത്തനംതിട്ട ഇടശ്ശേരി മലയിൽ ഇ വി കൃഷ്ണൻകുട്ടി നായരാണ് ഇത്തവണത്തെ ഭാഗ്യചിഹ്നത്തിന് പേര് നിർദ്ദേശിച്ച വിജയി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച 347 എന്‍ട്രികളില്‍ നിന്നാണ് കാത്തു എന്ന പേര് തിരഞ്ഞെടുക്കപ്പെട്ടത്. 
ഭാഗ്യചിഹ്നത്തിന്റെ  പേരിനുള്ള എന്‍ട്രികള്‍ തപാല്‍ മുഖേനയാണ് ക്ഷണിച്ചത്. 347 എന്‍ട്രികളില്‍ നിർദിഷ്ട മാതൃക പാലിക്കാത്ത ഒൻപത് എൻട്രികൾ നിരസിച്ചു. ശേഷിച്ച എൻട്രികളിൽ 18 പേരാണ് കാത്തു എന്ന പേര്  നിര്‍ദേശിച്ചത്. ഇവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്. വിജയിക്ക് മുല്ലക്കല്‍ നൂര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് നല്‍കുന്ന സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും. ആലപ്പുഴ പ്രസ് ക്ലബ്ബ് പ്രസിഡന്റ്  റോയ് കൊട്ടാരച്ചിറ, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.ആര്‍. റോയ്, ഹരികുമാര്‍ വാലേത്ത്  എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് പേര് തിരഞ്ഞെടുത്തത്. 
ചടങ്ങില്‍ കലാരംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രമുഖ സംവിധായകനും നിര്‍മ്മാതാവുമായ ആലപ്പി അഷ്റഫിനെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. മിമിക്രി ആർട്ടിസ്റ്റ് എന്ന നിലയിൽ കലാജീവിതം ആരംഭിച്ച ആലപ്പി അഷറഫ് പിന്നീട് സംവിധായകനായും സിനിമ നിര്‍മ്മാതാവായും തിളങ്ങി. ജയന്‍ മുതല്‍ രജനീകാന്തിന് വരെ ശബ്ദം നല്‍കിയ അദ്ദേഹം 12 ഓളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.  
നെഹ്റു ട്രോഫി വള്ളംകളിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച അദ്ദേഹം ആലപ്പുഴയുടെ അഭിമാനമായി നെഹ്റുട്രോഫി വള്ളംകളി മാറിയതായി അഭിപ്രായപ്പെട്ടു.    
71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ പ്രൊമോ വീഡിയോ ചടങ്ങില്‍ മന്ത്രി പി പ്രസാദ് പ്രകാശനം ചെയ്തു. മന്ത്രി പി പ്രസാദിനെ ആലപ്പുഴ പൗരാവലിക്ക് വേണ്ടി ആലപ്പി അഷറഫ് പൊന്നാട അണിയിച്ചു. 
ചടങ്ങില്‍ പബ്ലിസിറ്റി കമ്മിറ്റി അംഗങ്ങളായ നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ നസീർ പുന്നക്കൽ, കെ. നാസര്‍, അബ്ദുള്‍സലാം ലബ്ബ,  ഹരികുമാര്‍ വാലേത്ത്, എബി തോമസ്, പി സുഭാഷ് ബാബു, ജലാൽ അമ്പനാകുളങ്ങര, എ കബീർ, പി കെ ബൈജു, ടി എസ് സുനില്‍ കുമാര്‍, രമേശൻ ചെമ്മാപറമ്പിൽ, എന്‍ ടി ബി ആര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മാത്യു ചെറുപറമ്പൻ, ജില്ല ഇൻഫർമേഷൻ ഓഫീസർ കെ എസ് സുമേഷ്, അസിസ്റ്റന്റ് എഡിറ്റർ ടി എ യാസിർ, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസർ പി എസ് സജിമോൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ പങ്കെടുത്തു.
(പിആര്‍/എഎല്‍പി/2501)

date