റോഡ് സുരക്ഷ: ലൈഫ്@24 മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങും
ജില്ലയിലെ റോഡ് സുരക്ഷ ഉറപ്പുവരുത്താന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ സീറാം സാബശിവ റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. റോഡപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ അപകടം നടന്ന സ്ഥലത്ത് ഉടന്‍ തന്നെ ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നതിനായി ലൈഫ്@24 മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തനം ആരംഭിക്കും. ആംബുലന്‍സ് സര്‍വീസ് നടത്തുന്ന വിവരം അലര്‍ട്ട് ആയി പോലീസിന് ലഭിക്കുകയും ജിയോ ട്രാക്ക് വഴി അപകടം നടന്ന സ്ഥലം രേഖപ്പെടുത്തുകയും ചെയ്യും. താലൂക്ക് അടിസ്ഥാനത്തില്‍ റോഡ് സുരക്ഷ ഓഡിറ്റ് ആന്റ് ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കാനും യോഗത്തില്‍ ധാരണയായി. റോഡ് സുരക്ഷ നിയമങ്ങള്‍ തെറ്റിക്കുന്നവരെ പിടികൂടാനായി ട്രാഫിക് പോലീസ് ചെയ്തു വരുന്ന തേഡ് ഐ പദ്ധതി തുടരാനും ജംഗ്ഷനുകളിലെ പ്രവര്‍ത്തനരഹിതമായ സിസിടിവി ക്യാമറകള്‍ മാറ്റി സ്ഥാപിക്കാനും തിരക്കേറിയ ജംഗ്ഷനുകളില്‍ സീബ്രാലൈന്‍ സ്ഥാപിക്കാനും കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ആര്‍.ടി.ഒ എ.കെ. ശശികുമാര്‍, ഡെപ്യൂട്ടി എക്സിക്യൂറ്റീവ് എന്‍ജിനീയര്‍ (പൊതുമരാമത്ത് ) സി.എച്ച്. അബ്ദുള്‍ ഗഫൂര്‍, എ.സി.പി ( ട്രാഫിക്, നോര്‍ത്ത് ) പി.കെ. രാജു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് പൊതുമരാമത്ത് (എന്‍ജിനീയര്‍, എന്‍.എച്ച്) പി.പി. മുഹമ്മദ് എന്നിവര്‍ പങ്കടുത്തു.
- Log in to post comments