Skip to main content

സ്വാമി വിവേകാനന്ദന്റെ സന്ദര്‍ശന വാര്‍ഷികം കല്‍പ്പറ്റയില്‍ മെഗാ ഷോ സംഘടിപ്പിക്കുന്നു

സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 5ന് (ചൊവ്വാഴ്ച) വൈകീട്ട് 6ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ മെഗാ ഷോ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ഭാരത് ഭവന്‍ അവതരിപ്പിക്കുന്ന   നവോത്ഥാന ദൃശ്യസന്ധ്യയില്‍ എഴുപതോളം കലാകാരന്‍മാര്‍ പങ്കെടുക്കും. കേരളത്തിലെ നവോത്ഥാന കാലഘട്ടത്തെയും വിവേകാനന്ദന്റെ ദര്‍ശനങ്ങളെയും മള്‍ട്ടി മീഡിയ ദൃശ്യാവിഷ്‌കാരത്തോടുകൂടി മെഗാ ഷോയില്‍ അവതരിപ്പിക്കും. പ്രവേശനം സൗജന്യമായിരിക്കും.  ഇതോടൊപ്പം 'ഉത്തിഷ്ഠത ജാഗ്രത' എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും   നടക്കും. വൈകീട്ട് 5 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. എം.എല്‍.എ.മാരായ ഐ.സി.ബാലകൃഷ്ണന്‍, ഒ.ആര്‍.കേളു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.

 രാവിലെ 10 ന് കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി 'സ്വാമി വിവേകാനന്ദന്റെ ജീവിതവും കേരള ചരിത്രവും' എന്ന വിഷയത്തില്‍ ക്വിസ് മത്സരവും  ഉച്ചയ്ക്ക് 2ന് ലക്കിടി ഓറിയന്റല്‍ കോളജില്‍ 'വിവേകാനന്ദദര്‍ശനവും സമകാലിക ഭാരതവും' എന്ന വിഷയത്തില്‍ സെമിനാറും നടത്തും. സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അദ്ധ്യക്ഷത വഹിക്കും. സെമിനാറില്‍ പ്രമുഖ പ്രഭാഷകനും ചിന്തകനുമായ കെ.ഇ.എന്‍.കുഞ്ഞഹമ്മദ് വിഷയം അവതരിപ്പിക്കും.  കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം സി.ആര്‍.ദാസ് മോഡറേറ്ററായിരിക്കും. അഡ്വ.എം.വേണുഗോപാല്‍, വിനു ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.  സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

 

date