Skip to main content
..

കിഫ്‌ബി മുഖേന കൂടുതൽ നിക്ഷേപം വിദ്യാഭ്യാസ മേഖലയക്ക്: മന്ത്രി കെ എൻ ബാലഗോപാൽ

 

കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുന്നതിന് കിഫ്‌ബി മുഖേന കൂടുതൽ നിക്ഷേപം നടത്തിയത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. വാക്കനാട് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെയും ടോയ്ലറ്റ് കോംപ്ലക്സിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

അന്താരാഷ്ട്ര നിലവാരമുള്ള കെട്ടിട നിർമാണമാണ് സംസ്ഥാനത്ത് നടക്കുന്നത്.  സ്കൂളിലെ കെട്ടിട നിർമാണത്തിന്റെ അടുത്തഘട്ടത്തിന് 3.9 കോടിയുടെ ടെൻഡർ നടപടിയായി. നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. സ്കൂളിലെ ഗ്രൗണ്ടിന്റെ വികസനവും നടപ്പിലാക്കും. വിവിധ മേഖലകളിലെ തൊഴിലുകൾ, കണ്ടുപിടിത്തങ്ങൾ എന്നിവയിൽ കേരളത്തിലെ സർക്കാർ സ്കൂളുകളിലെ വിദ്യാർഥികൾ മുൻപന്തിയിലാണ്. കൊട്ടാരക്കര ടൗൺ ബോയ്സിൽ ത്രീഡി ലാബ് സൗകര്യം ഉടൻ ഏർപ്പെടുത്തുമെന്നും  മന്ത്രി പറഞ്ഞു. 

രണ്ടുകോടി രൂപ ചെലവിലാണ്  അക്കാദമിക് ബ്ലോക്ക്‌ നിർമിച്ചത്. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് ടോയ്ലറ്റ് കോംപ്ലക്സ്  പൂർത്തിയാക്കിയത്.

ടോയ്ലറ്റ് കോംപ്ലക്സ് ഉദ്ഘാടനം കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ് നിർവഹിച്ചു. കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് എസ് സുവിധ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് ഉന്നത വിജയികളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പ്രജി ശശിധരൻ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. 

കരിപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഉദയകുമാർ, സ്ഥിരംസമിതി അധ്യക്ഷർ, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date