കെയര്‍ ഹോം പദ്ധതിയില്‍ ജില്ലയില്‍ 460 വീടുകള്‍ : നിര്‍മ്മാണോദ്‌ഘാടനം ഡിസംബര്‍ 8 ന് ചാലക്കുടിയില്‍ - ജില്ലാ കളക്‌ടര്‍
പ്രളയത്തില്‍ വീടും സ്വത്തും ജീവനോപാധികളും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് സംസ്ഥാന സഹകരണ വകുപ്പ് കെയര്‍ കേരള (കോ-ഓപ്പറേറ്റീവ് അലയന്‍സ് ടു റീബില്‍ഡ് കേരള) എന്ന പേരില്‍ സംസ്ഥാനത്ത് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന കെയര്‍ ഹോം പദ്ധതിയിലൂടെ ജില്ലയില്‍ 460 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ജില്ലാതല ഉദ്‌ഘാടനം ഡിസംബര്‍ 8ന് ചാലക്കുടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്‌തീന്‍ നിര്‍വ്വഹിക്കും. 2019 മാര്‍ച്ച് 15 നകം വീടു നിര്‍മാണം പൂര്‍ത്തിയാക്കി താക്കോല്‍ദാനം നടത്തുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. സഹകരണ സംഘങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ 500 ചതുരശ്ര അടിയില്‍ കുറയാത്തതും ഭാവിയില്‍ വിസ്‌തീര്‍ണം വര്‍ധിപ്പിക്കാവുന്ന തരത്തിലുമാണ് വീടുകള്‍ നിര്‍മിക്കുക. വീട്ടില്‍ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടുത്തും. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള തുക ഉള്‍പ്പെടെ 5 ലക്ഷം രൂപയാണ് വീട് നിര്‍മാണത്തിന് സഹകരണ വകുപ്പ് അനുവദിച്ചിട്ടുള്ള തുക. ഇതിനു പുറമേ ഗുണഭോക്താവിന് കഴിയുന്ന വിഹിതവും സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും സാമ്പത്തികമായും അല്ലാതെയും നല്‍കുന്ന സഹായവും ഭവന നിര്‍മാണത്തിന് ഉപയോഗിക്കാം. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം 90 തൊഴില്‍ ദിനങ്ങളാണ് ഭവനനിര്‍മാണത്തിന് അനുവദിക്കുക.
പദ്ധതിയുടെ നടത്തിപ്പില്‍ സുതാര്യത, ജനകീയ പങ്കാളിത്തം എന്നിവ ഉറപ്പുവരുത്തുന്നതിനായി ജില്ലാ തലത്തില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനും സഹകരണ സംഘം ജോയിന്റ് രജിസ്‌ട്രാര്‍ (ജനറല്‍) കണ്‍വീനറും ആയിട്ടുള്ള ജില്ലാതല നിര്‍വാഹക സമിതി രൂപീകരിച്ചുവെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഓരോ വീടുകളുടെയും നിര്‍മാണത്തിന് ഓരോ ഗുണഭോക്തൃ സമിതിയുണ്ട്. നിര്‍മാണ ഏജന്‍സിയായി തിരഞ്ഞെടുക്കപ്പെടുന്ന സഹകരണ സംഘത്തിന്റെ പ്രസിഡണ്ടും ഒരു ഭരണസമിതി അംഗവും സെക്രട്ടറിയും ഗുണഭോക്താവും ബന്ധപ്പെട്ട പഞ്ചായത്തിന്റെ പ്രതിനിധിയും ജില്ലാ കളക്ടറുടെ പ്രതിനിധിയും അടങ്ങുന്നതാണ് ഗുണഭോക്തൃ സമിതി. സഹകരണ സംഘത്തിന്റെ സെക്രട്ടറിയാണ് ഗുണഭോക്തൃ സമിതിയുടെയും സെക്രട്ടറി.
ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി നടത്തിവരുന്ന ഭവന നിര്‍മാണ പദ്ധതിക്കായി രൂപകല്‌പന ചെയ്‌ത 12 മാതൃകകളില്‍ നിന്നോ ഈ പദ്ധതിയുടെ കീഴില്‍ ഭവന നിര്‍മാണത്തിനായി സഹകരണ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ആറോളം രൂപകല്‌പനകളില്‍ നിന്നോ ഗുണഭോക്താവിന്റെ താത്‌പര്യം, ഭൂമിയുടെ കിടപ്പ്, മണ്ണിന്റെ ഘടന, സാമ്പത്തികശേഷി എന്നിവയ്‌ക്കനുസരിച്ച് വീടിന്റെ മാതൃകകള്‍ തിരഞ്ഞെടുക്കാം. പദ്ധതി നിര്‍വഹണത്തിന്റെ പുരോഗതി, ഗുണമേന്മ, നിര്‍മാണത്തിന് വിനിയോഗിക്കാവുന്ന സാങ്കേതിക വിദ്യ, നിര്‍മാണരീതി എന്നിവ പരിശോധിക്കുന്നതിന് സര്‍ക്കാര്‍/എയ്‌ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുടെ സന്നദ്ധ സേവനവും പ്രയോജനപ്പെടുത്തും. ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നതിനായി പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ കെയര്‍ ഹോം പദ്ധതിയില്‍ വീട് ലഭിക്കുന്നതിനുള്ള സമ്മതപത്രം റവന്യൂ അധികാരികളെ ഏല്‍പ്പിക്കണമെന്നും ജില്ലാകലക്ടര്‍ ടി.വി. അനുപമ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സഹകരണ സംഘം ജോയിന്റ് രജിസ്‌ട്രാര്‍ ജനറല്‍ ടി.കെ. സതീഷ് കുമാര്‍, ഡെപ്യൂട്ടി രജിസ്‌ട്രാര്‍ കെ.എസ്. ജയപ്രകാശ്, അസിസ്റ്റന്റ് രജിസ്‌ട്രാര്‍ ഷാലി ടി. നാരായണന്‍ എന്നിവരും പങ്കെടുത്തു.
- Log in to post comments