ആചാരത്തിന്റെ പേരിൽ നടക്കുന്നത് കേരളത്തിന്റെ ഒരുമ തകർക്കാനുള്ള ശ്രമം: ഡോ പി മോഹൻദാസ്
പ്രളയസമയത്ത് കേരളം കാണിച്ച ഒരുമ തകർക്കാനുള്ള ആസൂത്രിത ശ്രമമാണ് ശബരിമല വിഷയത്തിൽ നടക്കുന്നതെന്ന് ഡോ. പി മോഹൻദാസ്. ക്ഷേത്ര പ്രവേശന വിളംബരം 82ാം വാർഷികത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും കണ്ണൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നവോത്ഥാന സംഗമവും താലൂക്ക് വനിതാവേദി രൂപീകരണ കൺവെൻഷനും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ലക്ഷ്യം മാത്രം മുന്നിൽ കണ്ട് ജാതിയുടെയും മതത്തിന്റെയും പേരിൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്താനാണ് ചിലർ ആഗ്രഹിക്കുന്നത്. കേരളത്തിലെ ഈ ശ്രമങ്ങളുടെ അവസാന കണ്ണിയാണ് ശബരിമല. ഈ വിലക്കുകൾ അതിജീവിക്കുക എന്നുള്ളത് സാമൂഹ്യപരമായ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മനസിലുള്ള ദൈവത്തെ കണ്ടെത്താനാണ് മനുഷ്യർ ലോകം മുഴുവൻ തേടുന്നത്. ഒരു വിഭാഗത്തിന് ക്ഷേത്രങ്ങളുടെ അടുത്ത് പോകാൻ പോലും വിലക്കുണ്ടായിരുന്ന ഒരു കാലത്ത് നിന്നാണ് നാം ഇന്നത്തെ അവസ്ഥയിലെത്തിയത്. പഴയതിനെ തിരിച്ചു പിടിക്കലല്ല, എല്ലാ കാലഘട്ടങ്ങളിലുമുണ്ടാകുന്ന മാറ്റങ്ങളെ ജനങ്ങൾക്ക് മനസിലാക്കികൊടുക്കുന്നതാണ് നവോത്ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആസൂത്രണ സമിതി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കവിയൂർ രാജഗോപാലൻ, കണ്ണൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഇ ചന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ബാലൻ, കെ ശിവദാസൻ മാസ്റ്റർ, കമലാ സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments