അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രതയും പ്രതിരോധവും സുപ്രധാനം- ജില്ലാ കലക്ടര്‍
ജില്ലയില്‍ അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ഭീഷണിനേരിടാന്‍ അതീവജാഗ്രത അനിവാര്യമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. വിവിധ ആരോഗ്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ജലം ശുദ്ധീകരിക്കുന്നതിനുള്ള ക്യാമ്പയിന് തുടങ്ങി. രോഗലക്ഷണങ്ങളായ കഠിനമായതലവേദന, കടുത്തപനി, തൊണ്ടവേദന, ഓക്കാനം, ഛര്‍ദ്ദി, മയക്കം എന്നിവ ശ്രദ്ധയില്‍പെട്ടാല്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് വിദഗ്ധ ചികിത്സ തേടണം.
ജലം ക്ലോറിനേറ്റ് ചെയ്ത് അണുവിമുക്തമാക്കുന്നതിലൂടെ അമീബിക് മസ്തിഷ്ക ജ്വരം ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ വ്യാപനം തടയാന്‍ കഴിയും. രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് പകരില്ലെങ്കിലും ജലസ്രോതസുകളിലൂടെയും മലിനജലത്തിലൂടെയും പകരാന്‍ സാധ്യതയുണ്ട്. മണ്ണും ചെളിയുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പകരാമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
രോഗവ്യാപനം ഉണ്ടാകാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍:
• കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കുക. വാട്ടര്‍ തീം പാര്‍ക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം ക്ലോറിനേറ്റ് ചെയ്ത് ഉപയോഗിക്കണം.
• ജലസ്രോതസ്സുകളില്‍ കുളിക്കുമ്പോള്‍ മൂക്കിലേക്ക് വെള്ളംകയറാതിരിക്കാന്‍ ശ്രദ്ധിക്കണം.
• മലിനജലത്തില്‍ മുങ്ങികുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും പൂര്‍ണമായി ഒഴിവാക്കണം.
• കിണറിലെ വെള്ളം ക്ലോറിനേറ്റ് ചെയ്തതിന്ശേഷം മാത്രം ഉപയോഗിക്കുക.
• വെള്ളം സംഭരിക്കുന്ന ടാങ്കുകള്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കണം.
ആരോഗ്യസ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, ആശാപ്രവര്‍ത്തകര്‍, കുടുംബശ്രീപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ക്യാമ്പയിന് തുടരുന്നത്. ജില്ലയിലെ മുഴുവന്‍ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ടാങ്കുകള്‍ വൃത്തിയാക്കുകയും ചെയ്യുന്നതിന് നടപടിയായി. വിപുലമായ ജലപരിശോധനയും തുടര്‍നടപടികളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തും. സ്കൂളുകളിലും ബോധവത്കരണം ഊര്‍ജിതമാക്കും. പൊതുജലസ്രോതസുകള്‍ ശുചിയാക്കുന്നതിനോടൊപ്പം അവയിലേക്ക് മാലിന്യം ഒഴുകിവരുന്നത് തടയാനുള്ള സംവിധാനവും ഏര്‍പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
- Log in to post comments