Skip to main content

ജില്ലാതല വിധവാസെല്‍ രൂപീകരിച്ചു

 

വിധവകളും അഗതികളുമായ സ്ത്രീകളുടെ ഉന്നമനത്തിനായി ജില്ലയില്‍ വിധവാസെല്‍ രൂപീകരിച്ചു. ജില്ലാ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസറുടെ നേതൃത്വത്തിലായിരിക്കും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. കൂടാതെ ബ്ലോക്കുതലത്തിലും പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിക്കും. ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷന്‍ ചെയര്‍മാനും വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പൊലീസ് പ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, വനിതാ-ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥര്‍, പാരാലീഗല്‍ വോളന്റിയര്‍മാര്‍, വിവിധ സംഘടന പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അംഗങ്ങളുമായിരിക്കും. അഗതികളുടെയും വിധവകളുടെയും പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജില്ലയിലെ നാലു ബ്ലോക്കുകളിലും നവംബര്‍ 30ന് മുമ്പ് സ്‌ക്വാഡുകള്‍ രൂപീകരിക്കും. ഡിസംബര്‍ പതിനഞ്ചിനകം സര്‍വേ നടത്തി ജില്ലയിലെ മുഴുവന്‍ അഗതികളുടെയും വിധവകളുടെയും വിവരങ്ങള്‍ ശേഖരിക്കും. ആരാധാനലയങ്ങള്‍, പൊതുസ്ഥലങ്ങള്‍, സംരക്ഷണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ പ്രായമായതും, മാനസ്സിക പ്രശ്‌നങ്ങള്‍, മറ്റു പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളതുമായ സ്ത്രീകളെ കണ്ടെത്തി പുനരധിവസിപ്പിക്കും. ഇതിനായി ആക്ഷന്‍പ്ലാന്‍ തയ്യാറാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. തുടര്‍ന്ന് പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്യാന്‍ ഡിസംബര്‍ 17ന് കളക്ടറുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരാനും തീരുമാനിച്ചു. 

date