അവലോകന യോഗം നടത്തി
മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ വനം വകുപ്പ് തയ്യാറാക്കിയ 574 കോടിയുടെ സമഗ്ര പദ്ധതി ആസ്പിരേഷണല്‍ ഡിസ്ട്രിക്ക് പ്രോജക്ടില്‍ ഉള്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടം ആവശ്യപെടും. പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ വനം വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അവലോകനം ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സൗത്ത് ഫോറസ്റ്റ് ഡിവിഷന്‍ 173.06 കോടിയുടെയും നോര്‍ത്ത് ഫോറസ്റ്റ് ഡിവിഷന്‍ 173.06 കോടിയുടെയും വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ 212.7 കോടി രൂപയുടെയും പദ്ധതികളാണ് തയ്യാറാക്കിയിരുന്നത്. ഇതോടൊപ്പം സുഗന്ധഗിരിയില്‍ പൊതു ആവശ്യങ്ങള്‍ക്കായി നീക്കിവെച്ച നാല്‍പത് ഏക്കറില്‍ ട്രൈബല്‍ കോളേജ് ആരംഭിക്കുന്നതിന് ഭൂമി ലഭിക്കുന്നതിനുളള സാധ്യതയും ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. റവന്യൂ വകുപ്പും വനംവകുപ്പും സംയുക്ത പരിശോധന നടത്തിയ പ്രദേശങ്ങളിലെ തര്‍ക്ക വിഷയങ്ങളും വനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ടൂറിസം കേന്ദങ്ങളിലെ പ്രശ്‌നങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. വനം വകുപ്പ് സെക്രട്ടറി ഡോ.വി വേണുവിന്റെ അധ്യക്ഷതയില്‍ ഡിസംബര്‍ 12 ന് നടക്കുന്ന യോഗത്തില്‍ ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കും.
- Log in to post comments