Skip to main content

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് നടത്തി 

 

ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ കടാശ്വാസ അപേക്ഷകളില്‍ തീര്‍പ്പുണ്ടാക്കുന്നതിന് മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ് നടത്തി. കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്റെ നേതൃത്വത്തില്‍ നടന്ന സിറ്റിംഗില്‍ 10 പേരുടെ പരാതികള്‍ പരിഗണിച്ചു. കുമരകം സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും  വായ്പയെടുത്ത മത്സ്യത്തൊഴിലാളിക്ക് കടാശ്വാസം അനുവദിക്കാത്തതില്‍ ലഭിച്ച പരാതിയില്‍ എത്രയും വേഗം തുക അനുവദിക്കാന്‍ ജോയിന്റ് രജിസ്ട്രാര്‍ക്ക് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. വായ്പ എടുത്ത 25,000 രൂപയ്ക്ക് ഈടായി ബാങ്ക് കൈപ്പറ്റിയ ആധാരം തിരികെ നല്‍കാന്‍ ബാങ്കിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. കടാശ്വാസ തുക നല്‍കിയിട്ടും  പലിശ ലഭിക്കാനുണ്ടെന്ന കാരണത്താല്‍ വായ്പ കണക്ക് തീര്‍പ്പാക്കാന്‍ വിസമ്മതിച്ച ചെമ്പ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ അധികൃതരോട് വായ്പ തീര്‍പ്പാക്കി ഈടാധാരം തിരികെ നല്‍കാനും നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ അനുവദിച്ച കടാശ്വാസ തുകയില്‍ പലിശയും പിഴപലിശയും വകയിരുത്തി അധിക തുക ആവശ്യപ്പെട്ട വൈക്കം സെന്‍ട്രല്‍ ഹൗസിംഗ് സൊസൈറ്റിയുടെ നടപടി തിരുത്തണമെന്ന് കമ്മീഷന്‍ ഉത്തരവ് നല്‍കി. ടി. വി പുരം സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പ എടുത്ത മത്സ്യത്തൊഴിലാളി മരിച്ച സാഹചര്യത്തില്‍ കടാശ്വാസമായി അനുവദിച്ച തുക വരവു വച്ച് ഈടാധാരം അവകാശികള്‍ക്ക് ഒരു മാസത്തിനകം നല്‍കണമെന്ന് ബാങ്കിന് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ അനുവദിക്കുന്ന കടാശ്വാസ തുക  മത്സ്യത്തൊഴിലാളികള്‍ക്ക് വേഗത്തില്‍ പ്രയോജനപ്രദമാക്കുന്നതിന് സഹകരണ വകുപ്പും ബാങ്കുകളും നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. വൈക്കം റസ്റ്റ് ഹൗസില്‍ നടന്ന അദാലത്തില്‍ സഹകരണ വകുപ്പ് സീനിയര്‍ ഇന്‍സ്‌പെക്ടര്‍ എ. അനീഷ്, സ്‌പെഷ്യല്‍ ഗ്രേഡ് ഓഡിറ്റര്‍ എ.എസ്. സിമി എന്നിവരും അദാലത്തില്‍ പങ്കെടുത്തു. 

                                                             (കെ.ഐ.ഒ.പി.ആര്‍-2294/18)

 

date