വോട്ടര്‍പട്ടിക തീവ്രപുതുക്കല്‍ യജ്ഞം; സമഗ്രമായ ഓഡിറ്റിംഗ് ലക്ഷ്യം- ജില്ലാ കലക്ടര്‍
ആനുകാലികവും സമഗ്രവുമായ ഓഡിറ്റിംഗാണ് വോട്ടര്‍പട്ടിക തീവ്രപുതുക്കല്‍ യജ്ഞത്തിന്റെ ലക്ഷ്യമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേമ്പറില്‍ വിളിച്ചുചേര്‍ത്താണ് നടപടികള്‍ വിശദീകരിച്ചത്. അവസാനമായി 2002-2004 ലാണ് സമാനപ്രക്രിയ നടത്തിയത്. 2002ലെ വോട്ടര്‍പട്ടിക അടിസ്ഥാനപ്പെടുത്തിയാണ് ഇത്തവണത്തെ പുതുക്കല്‍; മാപ്പിംഗ് പ്രക്രിയയ്ക്ക് തുടക്കമായി.
ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ വീടുകള്‍തോറും എന്യൂമറേഷന്‍ നടത്തിയാണ് പട്ടിക പുതുക്കുക. കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുകയും അവകാശവാദം/എതിര്‍പ്പ് എന്നിവ രേഖപ്പെടുത്താനുള്ള അവസരം നല്‍കുകയും ചെയ്യും. രേഖകളുടെ തുടര്‍ പരിശോധനയിലൂടെ പരാതികള്‍ തീര്‍പ്പാക്കി അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. 2026 ലെ നിയമസഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ceo.kerala.gov.in ല്‍ വോട്ടേഴ്‌സ് കോര്‍ണര്‍ മുഖേന 2002 ലെ വോട്ടര്‍പട്ടിക ഡൗണ്‍ലോഡ് ചെയ്യാം, വോട്ടര്‍മാരുടെ വിവരങ്ങളും പരിശോധിക്കാമെന്ന് വ്യക്തമാക്കി.
വി കെ അനിരുദ്ധന്‍ (സി.പി.ഐ.എം), എ. ഇക്ബാല്‍കുട്ടി (കേരള കോണ്‍ഗ്രസ് എം), ഡി. ഗീതാ കൃഷ്ണന്‍ (ഐ.എന്‍.സി), ഈച്ചംവീട്ടില്‍ മുഹമ്മദ് നയാസ് (കേരള കോണ്‍ഗ്രസ് ജോസഫ്), കരിക്കോട് ജമീര്‍ ലാല്‍ (കേരള കോണ്‍ഗ്രസ് ജേക്കബ്), അഡ്വ. വി കൈപ്പുഴ റാം മോഹന്‍ (ആര്‍.എസ്.പി), സി. കെ. ഗോപി, നുജുമുദ്ദീന്‍ അഹമ്മദ് (ജനതാദള്‍ എസ്), അഡ്വ. എസ് വേണുഗോപാല്‍ (ബി.ജെ.പി), കിളികൊല്ലൂര്‍ ശിവപ്രസാദ് (കേരള ഡെമോക്രാറ്റിക് പാര്‍ട്ടി), പി രാജേന്ദ്രന്‍, പി ശ്രീകുമാര്‍ (എ.എ.പി), ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബി.ജയശ്രീ, ഇ.ആര്‍.ഒമാര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments