Skip to main content

എറണാകുളം വാര്‍ത്ത

വിഭവ വൈവിധ്യവുമായി പാചക മത്സരം

കാക്കനാട്:'രണ്ട് ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍ ഉലുവ പൊട്ടിച്ച് ഉള്ളി വെളുത്തുള്ളി പച്ചമുളക് ഇഞ്ചി കറിവേപ്പില വഴറ്റിയശേഷം ......' കുഞ്ഞു ഇഹ്താസ് പറഞ്ഞു തീരും മുമ്പേ കേള്‍ക്കുന്നവരുടെ വായില്‍ വെള്ളം നിറയും. മീനില്ലാതെ മീന്‍ കറി വയ്ക്കുന്ന രഹസ്യമാണ് ഇഹ്താസ്സ് പറഞ്ഞു തരുന്നത്. കറിയില്‍ മീനിനു പകരം ഉപയോഗിക്കുന്നത് പപ്പായ. ഒടുവില്‍ പപ്പായ കഷണങ്ങളും കുടംപുളിയും തേങ്ങാപ്പാലും ചേര്‍ത്ത് തിളച്ച്കുറുകുമ്പോള്‍ വാങ്ങി വച്ചാല്‍ അസല്‍ പപ്പായ മീന്‍ കറി റെഡി. ഇതോടൊപ്പം പച്ചക്കറിപുട്ടും. 
ദേശീയ പോഷകാഹാര വാരാചരണത്തോടനുബന്ധിച്ച് വനിതാ ശിശു വികസന വകുപ്പും  ഐ.സി.ഡി.എസ് സെല്ലും സംഘടിപ്പിച്ച ജില്ലാതല പാചക മത്സരത്തില്‍ പച്ചക്കറി പുട്ടും പപ്പായ മീന്‍കറിയും താരങ്ങളായി. വൈപ്പിന്‍ ബ്ലോക്കില്‍ നിന്നുമാണ് പത്തു വയസുകാരനായ ഇഹ്ത്താസ് ഫത്താഹി കൊതിയൂറും വിഭവങ്ങളുമായെത്തിയത്. ഇഹ്ത്താസിനാണ് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത്.
കൗമാരപ്രായക്കാര്‍ക്കു വേണ്ടിയായിരുന്നു ഈ വര്‍ഷം മത്സരം സംഘടിപ്പിച്ചത്. നാടന്‍ ഭക്ഷണ വിഭവങ്ങളെ കുറിച്ചുള്ള അറിവും അവയിലെ പോഷകങ്ങളെക്കുറിച്ചുള്ള തിരിച്ചറിവും കുട്ടികള്‍ക്ക് നല്‍കുകയെന്ന ലക്ഷ്യം മത്സരത്തിനുണ്ടായിരുന്നു. ചുറ്റുപാടുമുള്ളവ ഉപയോഗിച്ചായിരുന്നു വിഭവങ്ങള്‍ തയാറാക്കേണ്ടിയിരുന്നത്.
കൃത്രിമമായ വസ്തുക്കളൊന്നും പാടില്ലെന്ന നിര്‍ദ്ദേശം മത്സരത്തിലുണ്ടായിരുന്നു. എണ്ണയില്‍ പൊരിച്ചത് ഒഴിവാക്കി ആവിയില്‍ പുഴുങ്ങിയ ഭക്ഷണത്തിനായിരുന്നു മുന്‍തൂക്കം. 36 കുട്ടികള്‍ പങ്കെടുത്തു. 
എല്ലാവരും വീട്ടുകാരുടെ സഹകരണത്തോടെ വിഭവങ്ങള്‍ തയാറാക്കി കൊണ്ടുവരികയായിരുന്നു. നിറക്കൂട്ട് മുട്ടപുലാവ് തയാറാക്കിയ തുറവൂരില്‍ നിന്നുള്ള അഖില രണ്ടാം സ്ഥാനം നേടി. 
ചീര, ബീറ്റ്‌റൂട്ട്, മത്തങ്ങ, എന്നിവ ഉപയോഗിച്ച് വ്യത്യസ്ത നിറങ്ങളിലുള്ള ദോശകളും മത്സരത്തില്‍ ശ്രദ്ധേയമായി. ചേന പായസം, നുറുക്ക് ഗോതമ്പ് ബിരിയാണി, മിക്‌സഡ് വട്ടയപ്പം, , കഞ്ഞി വെള്ളം ഹല്‍വ , മിക്‌സഡ് ദില്‍കുഷ്,  പപ്പായ പഴം അട , കപ്പങ്ങ കൊഴുക്കട്ട, നൂലപ്പം ഉപ്പുമാവ്, പോഷക ഇഡലി, താള്‍ കറി, പോഷക ചപ്പാത്തി കൂടാതെ വിവിധ തരം തോരനുകളും മത്സരത്തിലുണ്ടായിരുന്നു. നാല് ആണ്‍കുട്ടികളാണ് മത്സരത്തിലുണ്ടായിരുന്നത്. 

തൃക്കാക്കര കമ്യൂണിറ്റി ഹാളില്‍ നടന്ന പൊതു സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.അബ്ദുള്‍ മുത്തലിബ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വനിതാ ശിശുവികസന വകുപ്പ് സ്‌റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ വി എസ് വേണു അധ്യക്ഷത വഹിച്ചു. 

പ്രളയത്തില്‍ ഗുരുതരമായി പരിക്കേറ്റ രത്‌നകുമാറിനെ ആദരിച്ചു

 വനിതാ ശിശു വികസന വകുപ്പും  ജില്ലാ ഐ.സി.ഡി.എസ് സെല്ലും പ്രളയത്തില്‍ ഗുരുതരമായി പരിക്കേറ്റ ആലപ്പുഴ ആറാട്ടുപുഴ സ്വദേശി രത്‌നകുമാറിനെ ആദരിച്ചു. ചടങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.അബ്ദുള്‍ മുത്തലിബ് ഉദ്ഘാടനം ചെയ്തു. വകുപ്പിലെ വിവിധ ജീവനക്കാരില്‍ നിന്നും ശേഖരിച്ച 1,25000 രൂപ ധനസഹായമായി രത്‌നകുമാറിന് ചടങ്ങില്‍ കൈമാറി. സ്‌റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ വി എസ് വേണു കോതമംഗലം അഡീഷണല്‍ സി ഡി.പി.ഒ ജുമൈല ബീവി ഫുഡ് സേഫ്റ്റി ഓഫീസര്‍ സിന്ധ്യാ , ഫുഡ് ന്യൂട്രീഷ്യനിസ്റ്റ് സിന്ധു , ജില്ലാതല ഐ സി ഡി എസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ ജെ. മായാ ലക്ഷ്മി,എന്നിവര്‍ പങ്കെടുത്തു.

 

ലോക എയ്ഡ്സ് ദിനാചരണം നടത്തി

കാക്കനാട്: ജില്ലാ ഭരണകൂടത്തിന്റെയും ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെയും സി.പി.കെ.പ്ലസ്സിന്റെയും കെ.എസ്. എ.സി.എസിന്റെയും സംയുക്താഭിമുഖ്യത്തിൽ കളക്ടറേറ്റ് വളപ്പിൽ ലോക എയ്ഡ്സ് ദിനാചരണം  നടത്തി. ജില്ലാ സാമൂഹികനീതി ഓഫീസർ  ജെബിൻ ലോലിക സെയ്ൻ   ഫ്ലാഗ് ഓഫും  ഉദ്ഘാടനവും നിർവഹിച്ചു. കലക്ടറേറ്റിലെ എല്ലാ വകുപ്പ് ഓഫീസുകളിലും ബോധവൽക്കരണ പ്രചാരണം നടത്തി.

ലോകത്ത് ഏകദേശം 3.7 കോടിയോളം എച്ച്.ഐ.വി രോഗബാധിതരുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.എച്ച്.ഐ.വി ബാധിച്ചാലും വർഷങ്ങളോളം രോഗലക്ഷണങ്ങൾ ഇല്ലാതെ ജീവിക്കാൻ കഴിയുന്നത് മൂലം രോഗാണുവിനെ കണ്ടെത്തുന്നത് പലപ്പോഴും താമസിച്ചാണ്. ഇതു രോഗം ഗുരുതരമാകുന്നതിന് കാരണമാകുന്നു. അണുബാധ എത്രയും നേരത്തെ കണ്ടെത്തുന്നതിന് എല്ലാവരെയും രക്ത പരിശോധന നടത്തുന്നതിന് പ്രേരിപ്പിക്കുകയാണ് ഈ വർഷത്തെ ബോധവൽക്കരണ പരിപാടികൾ ലക്ഷ്യമിടുന്നത്. 'നിങ്ങളുടെ എച്ച്.ഐ.വി സ്റ്റാറ്റസ് അറിയൂ. ആസ്വദിക്കൂ ജീവിതം പോസിറ്റീവായി' എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.

എയ്ഡ്സ് രോഗബാധിതർക്ക് ഐക്യദാർഢ്യം  രേഖപ്പെടുത്തുന്ന റെഡ് റിബൺ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ടി.പി. ഗീവർഗ്ഗീസ് ജില്ലാ സാമൂഹിക നീതി വകുപ്പ് മേധാവിയെ അണിയിച്ചു. എയ്ഡ്സ് രോഗബാധിതരായ സ്ത്രീകൾക്കായി ജില്ലാതലത്തിൽ സ്പെഷ്യൽ അയൽക്കൂട്ടവും  കുട്ടികൾക്കായി ജില്ലാ തലത്തിൽ ബാലസഭയും രൂപീകരിക്കുമെന്നും  അദ്ദേഹം അറിയിച്ചു. സി.പി.കെ.പ്ലസ് സംസ്ഥാന പ്രസിഡൻറ് ജോസഫ് മാത്യു എയ്ഡ്സ് ബോധവത്കരണ പ്രതിജ്ഞ ചൊല്ലി.

എച്ച്. ഐ. വി അണുബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഭാരത് മാതാ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ തെരുവുനാടകവും ഫ്ലാഷ് മോബും അവതരിപ്പിച്ചു.

 

 

 

ഓണ്‍ലൈന്‍  ടാക്‌സി സമരം:   സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

 

 

കാക്കനാട്: ഓണ്‍ലൈന്‍ ടാക്‌സി െ്രെഡവര്‍മാരും  സേവനദാതാക്കളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കെ.പത്മകുമാര്‍ അറിയിച്ചു.  സേവനവേതന വ്യവസ്ഥകളിലെ പൊരുത്തക്കേടുകളെ തുടര്‍ന്ന് കളക്ടറേറ്റിനു മുന്നില്‍ ഒരു വിഭാഗം ഓണ്‍ലൈന്‍ ടാക്‌സി െ്രെഡവര്‍മാര്‍ നടത്തിവരുന്ന നിരാഹാര സമരം ഒത്തുതീര്‍പ്പാക്കാന്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍  ചേര്‍ന്ന അനുരഞ്ജന ചര്‍ച്ചക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്.  ഇരു വിഭാഗങ്ങളുമായി അദ്ദേഹം വെവ്വേറെ ചര്‍ച്ച നടത്തി.  

 

 

മിനിമം വേതനം ഉയര്‍ത്തുക, കമ്മീഷന്‍ നിരക്ക് കുറക്കുക, പിക് അപ്പ് ദൂരം കുറയ്ക്കുക, രാത്രിയാത്രകള്‍ക്ക്  നഗരപരിധി ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ടാക്‌സി െ്രെഡവര്‍മാര്‍ കളക്ടറേറ്റിനു മുന്നില്‍ നിരാഹാര സമരം തുടങ്ങിയത്.   സേവനം പരമാവധി ജനകീയമാക്കുന്നതിന്റെ ഭാഗമായി ഇതര ഗതാഗത മാര്‍ഗ്ഗങ്ങളില്‍ നിന്നും കുറഞ്ഞ നിരക്കില്‍ യാത്ര  അനുവദിക്കുകയും ഉയര്‍ന്ന കമ്മീഷന്‍ ഏര്‍പ്പെടുത്തി െ്രെഡവര്‍മാരില്‍ നിന്നും തുകയീടാക്കുകയുമാണ് സേവനദാതാക്കള്‍ ചെയ്യുന്നതെന്ന് െ്രെഡവര്‍മാര്‍ പറഞ്ഞു.  അസമയങ്ങളിലെ സേവനത്തിന് കമ്പനി അധിക തുക നല്‍കുന്നില്ല.  വാഹനാപകടം, യാത്രികര്‍ തമ്മിലുണ്ടാകുന്ന പ്രശ്‌നം തുടങ്ങിയവ  കമ്പനി പരിഹരിക്കാറുമില്ലെന്നും െ്രെഡവര്‍മാര്‍ പറഞ്ഞു.   ഇത്തരം അവസരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനു വ്യവസ്ഥയുണ്ടാവണം.  കൂടാതെ   സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള കൂലി നിരക്ക് ഓണ്‍ലൈന്‍ സേവനത്തിലും ബാധകമാക്കണമെന്നും ജോലി സമയം ക്രമീകരിക്കണമെന്നും  ആവശ്യപ്പെട്ടു.  

 

ജോലി സമയം നിശ്ചയിക്കുന്നത് കമ്പനിയല്ലെന്ന് ഓണ്‍ലൈന്‍ ടാക്‌സി സേവന പ്രതിനിധികള്‍  അറിയിച്ചു.  ബുക്കിങ്ങിനനുസരിച്ച്  ഓട്ടം നിശ്ചയിക്കുന്നത് െ്രെഡവര്‍മാരാണ്.  ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം കമ്പനിക്കു വേണ്ടി ഓടുകയും ബാക്കി ദിവസങ്ങളില്‍ സ്വന്തം നിലയില്‍ സര്‍വ്വീസ് നടത്തുന്നവരുമുണ്ട്.     കമ്മീഷനായി യാത്രാ നിരക്കിന്റെ 20 ശതമാനം മാത്രമാണ് ഈടാക്കുന്നതെന്നും ഇവര്‍ പറഞ്ഞു.  

 

പൊതുജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന സ്വകാര്യ ഗതാഗത സംവിധാനമായതിനാല്‍ ഓണ്‍ലൈന്‍ ടാക്‌സി സേവനം പ്രാധാന്യമര്‍ഹിക്കുന്നതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അഭിപ്രായപ്പെട്ടു.  സോഫ്റ്റ് വെയര്‍ സേവനമായതിനാല്‍ സര്‍ക്കാര്‍ തലത്തില്‍ ഓണ്‍ലൈന്‍ ടാക്‌സി സേവനം നിയന്ത്രിക്കാന്‍ സംവിധാനമില്ല.  ലേബര്‍ കമ്മീഷണറുമായും   സര്‍ക്കാര്‍ തലത്തില്‍ െ്രെഡവര്‍മാരുടെ സംഘടനാ പ്രതിനിധികളുമായും കൂടിയാലോചിച്ച ശേഷം ഫെയര്‍ റിവിഷന്‍ കമ്മീഷനു മുന്നില്‍ വിഷയം അവതരിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.  ഓണ്‍ലൈന്‍ യാത്രാ നയം രൂപീകരിക്കാനും ശുപാര്‍ശ ചെയ്യും.  പൊതുജനങ്ങളും സേവനദാതാക്കളും െ്രെഡവര്‍മാരുമുള്‍പ്പെടെയുള്ളവരില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിക്കും.  അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരും.  വിഷയം പഠിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ കമ്മീഷനെ നിയോഗിക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും അറിയിച്ചു.

 

സമരത്തില്‍ നിന്നും പിന്മാറണമെന്ന് ജില്ലാ കളക്ടര്‍ െ്രെഡവര്‍മാരോട് ആവശ്യപ്പെട്ടു.   

 

സംസ്ഥാനത്ത് ഏറ്റവുമധികം ആളുകള്‍  ഓണ്‍ലൈന്‍ ഗതാഗത സേവനം പ്രയോജനപ്പെടുത്തുന്നത് എറണാകുളം ജില്ലയിലാണ്.  

 

ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഷാജി ജോസഫ്, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. മനോജ് കുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

 

 

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പോലീസ് ക്ലിയറന്‍സ്  സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം: താലൂക്ക് വികസന സമിതി യോഗം

 

പെരുമ്പാവൂര്‍: താലൂക്കിലെ വിവിധ കമ്പനികളില്‍  ജോലിക്കെത്തുന്നവരും ജോലി ചെയ്യുന്നവരുമായ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന്  കുന്നത്തുനാട് താലൂക്ക് വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. 

മണ്ണൂരിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്നും ബോഡോ തീവ്രവാദക്കേസില്‍ പ്രതികളായ മൂന്ന് പേരെ കഴിഞ്ഞ ദിവസം പിടികൂടിയ സാഹചര്യത്തിലാണ് യോഗത്തില്‍ ഈ ആവശ്യമുയര്‍ന്നത്. മേഖലയിലെ വിവിധ കമ്പനികളിലായി ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളുണ്ട്. ഇവരുടെ കൃത്യമായ പശ്ചാത്തലം ആര്‍ക്കുമറിയില്ല. പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയാല്‍ നിയമവിരുദ്ധ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടവര്‍ തൊഴിലാളികളെന്ന വ്യാജേന പ്രദേശത്തെത്തുന്നത് ഒഴിവാക്കാനാകുമെന്ന് യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ പറഞ്ഞു. 

വാഴക്കുളം പഞ്ചായത്തിലെ മഞ്ഞപ്പെട്ടിയിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. കെ.എസ്.ഇ.ബിയുടെ പുല്ലുവഴി ഔട്ട്‌സ്‌റ്റേഷന്റെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നും ആവശ്യമുണ്ടായി. കെ.എസ്.ഇ.ബി വളയന്‍ചിറങ്ങര സബ്‌സ്‌റ്റേഷന് കീഴിലായിരുന്നു ഈ ഔട്ട്‌സ്‌റ്റേഷന്‍. ഇത് നിര്‍ത്തിയതോടെ ഇവിടങ്ങളില്‍ വൈദ്യുതി വകുപ്പിന്റെ സേവനം കാര്യക്ഷമമായി ലഭിക്കുന്നില്ലെന്ന് ഈ മേഖലയില്‍ നിന്നുള്ള ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിച്ച് ഔട്ട്‌സ്‌റ്റേഷന്റെ പ്രവര്‍ത്തനം എത്രയും വേഗം പുനരാരംഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനും തടസ്സമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനും  ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനും ഉദ്യോഗസ്ഥര്‍ കാര്യക്ഷമായി ഇടപെടണമെന്ന ആവശ്യവും യോഗത്തിലുയര്‍ന്നു. 

ജീര്‍ണ്ണാവസ്ഥയിലായ പെരുമ്പാവൂര്‍ ആയൂര്‍വേദാശുപത്രി കെട്ടിടത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ചെങ്കിലും  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നത് ജനങ്ങളെ വലയ്ക്കുകയാണെന്ന വിമര്‍ശനവും യോഗത്തിലുണ്ടായി. എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ താലൂക്കിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

തൊഴിലവസരം

സൗദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിലേക്ക് കണ്‍സള്‍ട്ടന്റ്, സ്‌പെ്ഷ്യലിസ്റ്റ് ഡോക്ടര്‍ തസ്തികകളിലേക്ക് ഒഡേപെക് (ഓവര്‍സീസ് ഡെവലപ്‌മെന്റ് ആന്റ് എംപ്‌ളോയ്‌മെന്റ് പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്‌സ്) അപേക്ഷ ക്ഷണിച്ചു. ഫാമിലി മെഡിസിന്‍, ജനറല്‍ സര്‍ജറി, ഐസിയു, ഇന്‍#േറണല്‍ മെഡിസിന്‍, ഒബ്‌സറ്റിട്രിക്‌സ് & ഗൈനക്കോളജി എന്നിവയില്‍ രണ്ടുവര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റ  odepckerala@gmail.com എന്ന ഇമെയിലിലേക്ക് ഡിസംബര്‍ 7-ന് മുമ്പ് അയയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in

 

മീഡിയ ക്ലബ്ബ് ഉദ്ഘാടനം ഡിസംബര്‍ നാലിന്

സംസ്ഥാന വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് കേരള മീഡിയ അക്കാദമി സ്‌കൂള്‍-കോളേജുതലങ്ങളില്‍ മാധ്യമ ക്ലബ്ബ് രൂപീകരിക്കുമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു പറഞ്ഞു.

നൂറിലധികം വിദ്യാലയങ്ങളില്‍ ഈ അധ്യയനവര്‍ഷം മീഡിയ ക്ലബ്ബ് നിലവില്‍ വരും. പുതുതലമുറയില്‍ മാധ്യമ സാക്ഷരത വളര്‍ത്തുക, നല്ല സിറ്റിസണ്‍ ജേര്‍ണലിസ്റ്റുകളെ വാര്‍ത്തെടുക്കുക, പൊതുവിജ്ഞാനം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ  ലക്ഷ്യങ്ങളാണ് മീഡിയ ക്ലബ്ബിന് പദ്ധതിയുടെ ഉദ്ഘാടനം ഡിസംബര്‍ നാലിന് പകല്‍ 3.30ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വഹിക്കും. കെ. മുരളീധരന്‍ എംഎല്‍എ മുഖ്യാതിഥിയാകും. മീഡിയ അക്കാദമി വൈസ് ചെയര്‍മാനും കേരളകൗമുദി ചീഫ് എഡിറ്ററുമായ ദീപു രവി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍, ഐ ആന്റ് പിആര്‍ഡി ഡയറക്ടര്‍ ടി.വി സുഭാഷ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍സെക്രട്ടറി സി.നാരായണന്‍ എന്നിവര്‍ പങ്കെടുക്കും. 

നാലുപതിറ്റാണ്ടാകുന്ന മീഡിയ അക്കാദമിയുടെ ആദ്യസബ്ബ് സെന്റര്‍ തിരുവനന്തപുരം ശാസ്തമംഗലത്ത് ആരംഭിക്കുകയാണ്. ഇവിടെ അക്കാദമിയുടെ വിവിധ കോഴ്‌സുകള്‍ നടത്തും. പുതിയ പദ്ധതികളുടെ ഏകോപന പ്രവര്‍ത്തനങ്ങളും ഇവിടെ ഉണ്ടാകും. ടൂറിസം-ദേവസ്വം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ തിങ്കളാഴ്ച രാവിലെ 11ന് സെന്റര്‍ ഉദ്ഘാടനം ചെയ്യും. 

തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇതോടനുബന്ധിച്ച് നടക്കുന്ന മാധ്യമ മേളയില്‍ കേരളം തോല്‍ക്കില്ല എന്ന പേരില്‍സംസ്ഥാനം നേരിട്ട മഹാപ്രളയത്തിന്റെ കാഴ്ചകള്‍ അടങ്ങുന്ന ഫോട്ടോകളും വാര്‍ത്താ ക്ലിപ്പുകളും  പ്രദര്‍ശിപ്പിക്കും. 

'നവകേരള നിര്‍മ്മിതിയില്‍ മാധ്യമങ്ങളുടെ പങ്ക്' എന്ന വിഷയത്തില്‍ മാധ്യമ പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാര്‍ ഡിസംബര്‍ മൂന്നിന് രാവിലെ 11.30നാണ്. മാറുന്ന ദൃശ്യമാധ്യമ സംസ്‌കാരത്തെപ്പറ്റിയുള്ള സംവാദം,  നക്കീരന്‍ ഗോപാലുമായുള്ള അഭിമുഖം, വനിതാ മാധ്യമപ്രവര്‍ത്തകരുമായുള്ള മുഖാമുഖം എന്നിവയാണ് മുഖ്യ പരിപാടികള്‍. സമാപനമായി എം ബി എസ് യൂത്ത് ക്വയര്‍ ഒരുക്കുന്ന 100 സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സംഘഗാന സായാഹ്നം. മാധ്യമ വാര്‍ത്തയുടെ പേരില്‍ സമീപകാലത്ത് ജയിലിലടയ്ക്കപ്പെട്ട തമിഴ്‌നാട്ടിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും നക്കീരന്റെ എഡിറ്ററുമായ നക്കീരന്‍ ഗോപാലുമായുള്ള മുഖാമുഖം തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിന് നടക്കും.

'നവകേരള നിര്‍മ്മിതിയും മാധ്യമങ്ങളും' എന്ന സെമിനാറില്‍ ദേശാഭിമാനി ജനറല്‍ മാനേജര്‍ കെ.ജെ തോമസ്, ന്യൂഡല്‍ഹിയിലെ ഇക്കണോമിക്‌സ് ടൈംസ് ഒപ്പിനിയന്‍ എഡിറ്റര്‍ ടി.കെ അരുണ്‍, മാധ്യമം ചീഫ് എഡിറ്റര്‍ ഒ.അബ്ദുല്‍ റഹ്മാന്‍, ദീപിക ചീഫ് എഡിറ്റര്‍ ഫാ. ബോബി അലക്‌സ് മണ്ണപ്ലാക്കല്‍, ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റര്‍ എം. ജി രാധാകൃഷ്ണന്‍, ജനയുഗം എഡിറ്റര്‍ രാജാജി മാത്യു തോമസ്, ദൂരദര്‍ശന്‍ തിരുവനന്തപുരം കേന്ദ്രം ഡയറക്ടര്‍ ബൈജു ചന്ദ്രന്‍, മലയാള മനോരമ ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയം, ജീവന്‍ ടിവി എം.ഡി ബേബി മാത്യു സോമതീരം എന്നിവര്‍ പങ്കെടുക്കും.

 

കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍ - 2017 പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമിയുടെ 2017-ലെ  മാധ്യമ അവാര്‍ഡുകള്‍  തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന പത്രസമ്മേളനത്തില്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പ്രഖ്യാപിച്ചു.  25000/- രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്‌കാരം. 

മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡിന് മംഗളം ദിനപത്രത്തിന്റെ ലേഖകന്‍ കെ.സുജിത് അര്‍ഹനായി.  മുഖ്യധാരയുടെ തീണ്ടാപ്പാടകലെ ഇന്നും നില്‍ക്കേണ്ടിവരുന്ന ദളിത് ജീവിതങ്ങള്‍ തുറന്നുകാണിക്കുന്ന 'ഊതികത്തിക്കരുത് വീണ്ടും ആ 'ചാരം' ' എന്ന പരമ്പരയാണ് സുജിത്തിനെ അവാര്‍ഡിനര്‍ഹനാക്കിയത്.   എം.പി.അച്യുതന്‍, കെ.ഗോവിന്ദന്‍കുട്ടി, ഡോ.പി.എസ്.ശ്രീകല എന്നിവരായിരുന്നു വിധിനിര്‍ണ്ണയ സമിതിയംഗങ്ങള്‍. 

മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്‌റ്റോറിക്കുള്ള  എന്‍. എന്‍. സത്യവ്രതന്‍  അവാര്‍ഡിന് മലയാള മനോരമ ചീഫ് സബ് എഡിറ്റര്‍ ഷാജന്‍.സി.മാത്യു  അര്‍ഹനായി.  നാല് പതിറ്റാണ്ടായി ദേശീയപാത അതോറിറ്റിയുടെ ഫയലുകളില്‍ കുരുങ്ങിപോയ ഒരു കൂട്ടം മനുഷ്യരുടെ കഥ പറയുന്ന 'ദേശീയ പാതകം' എന്ന സ്റ്റോറിയാണ്   ഇദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്. സി. രാധാകൃഷ്ണന്‍, കെ.വി.സുധാകരന്‍, പി.പി.ജയിംസ് എന്നിവരായിരുന്നു വിധിനിര്‍ണ്ണയസമിതിയംഗങ്ങള്‍. 

മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡിന്  മാതൃഭൂമിയുടെ പ്രാദേശിക ലേഖകന്‍ കെ.വി.രാജശേഖരന്‍ അര്‍ഹനായി.   വികസനമുരടിപ്പ് നേരിടുന്ന കടമക്കുടി ദ്വീപുകളിലെ ജനജീവിതങ്ങളെ അടുത്തറിയുന്നതിനുളള ശ്രമമാണ് 'വികസനം എത്താതെ കടമക്കുടി ദ്വീപുകള്‍ ' എന്ന പരമ്പരയിലൂടെ അദ്ദേഹം നടത്തിയത്.  വി.എം.അഹമ്മദ്, ജ്യോതിര്‍ഘോഷ്, കെ.എ.ബീന എന്നിവരടങ്ങിയ സമിതിയാണ് വിധിനിര്‍ണ്ണയം നടത്തിയത്. 

മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡിന് മാധ്യമം  എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വി.എം. ഇബ്രാഹിം അര്‍ഹനായി. 'ആധാറിനെ ആര്‍ക്കറിയാം' എന്ന എഡിറ്റോറിയലാണ് ഇദ്ദേഹത്തെ  അവാര്‍ഡിന് അര്‍ഹനാക്കിയത്.  ഡോ.എം.ലീലാവതി, എസ്.ഡി.പ്രിന്‍സ്, ഡോ.പി.ജെ.ചെറിയാന്‍  എന്നിവരായിരുന്നു വിധിനിര്‍ണ്ണയ സമിതിയംഗങ്ങള്‍.  

 

കൂവപ്പടിയില്‍ എയ്ഡ്‌സ് ദിനാചരണം നടത്തി

 

പെരുമ്പാവൂര്‍:  കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ എയ്ഡ്‌സ് ദിനാചരണം സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി വേങ്ങൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍  റെഡ് റിബണ്‍ ധരിച്ചു കൊണ്ട് എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ. ദിനാചരണം ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  മിനി ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് കെ.പി.വര്‍ഗീസ് ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സീന ബിജു, വേങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം എ ഷാജി, ബ്ലോക്ക് പഞ്ചായത്തംഗം എം.പി.പ്രകാശ് , മെമ്പര്‍ ലീന ജോയി, ഡോ. സൈനബ, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ രാധാകൃഷ്ണന്‍  എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ  ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി ബോധവല്‍ക്കരണ ക്ലാസും നടത്തി. 

 

പത്രസമ്മേളനം - അറിയിപ്പ്

ജില്ലയിലെ ബാലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാനബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ നടത്തുന്ന സ്റ്റേക്ക് ഹോള്‍ഡേഴ്‌സ് മീറ്റിങിന്റെ പത്രസമ്മേളനം ഡിസംബര്‍ 6 ഉച്ചയ്ക്ക് 12-ന് കാക്കനാട് കളക്ടറേറ്റ് സ്പാര്‍ക് ഹാളില്‍ നടത്തും.

 

date