Skip to main content

പുഴ പുനരുജ്ജീവനം: സാങ്കേതിക സഹായ പരിശീലനം ഡിസംബര്‍ നാലിന്

 

ഹരിതകേരളം മിഷന്‍ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഡിസംബര്‍ എട്ടിന് ജില്ലയിലെ ഓരോ ഗ്രാമപ്പഞ്ചായത്തിലെയും ഒരു തോട് പുനരുജ്ജീവിപ്പിക്കുകയും ഒരു നദി ശുചീകരിക്കുകയും ചെയ്യും. പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കുള്ള സാങ്കേതിക സഹായ പരിശീലനം ഡിസംബര്‍ നാലിന് പഴയ വൈത്തിരി മില്‍ക്ക് സൊസൈറ്റി ഹാളില്‍ നടക്കും. പുഴനടത്തം, നീര്‍ത്തട മാപ്പിലെ അടയാളപ്പെടുത്തല്‍ എന്നിവയും അന്നേ ദിവസമുണ്ടാവും. പ്രൊഫ. കെ ബാലഗോപാലന്‍, പ്രൊഫ. തോമസ് തേവര, ജലസേചന, മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും. ശുചീകരിക്കേണ്ട തോടുകള്‍ ഗ്രാമപ്പഞ്ചായത്തുകളിലെ ഉപമിഷന്‍ സാങ്കേതിക സമിതികള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ തോടുകളുടെ സ്‌കെച്ച് ബന്ധപ്പെട്ട വില്ലേജ് ഓഫിസറില്‍ നിന്നു ലഭ്യമാക്കാനും നടപടിയായി. എല്ലാ തദ്ദേശസ്ഥാപന അധ്യക്ഷന്മാരും തിരഞ്ഞെടുക്കപ്പെട്ട രണ്ട് അംഗങ്ങളെ പരിശീലനത്തില്‍ പങ്കെടുപ്പിക്കണമെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ബി കെ സുധീര്‍ കിഷന്‍ അറിയിച്ചു.

date