തഴവ ഗ്രാമപഞ്ചായത്തില്‍ വികസന സദസ് 27ന്
നാടിന്റെ വികസനത്തിനും ഭാവിപ്രവര്‍ത്തനങ്ങള്‍ക്കുമായി ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടി തഴവ ഗ്രാമപഞ്ചായത്തില്‍ വികസന സദസ് സെപ്റ്റംബര്‍ 27ന് ഉച്ചയ്ക്ക് രണ്ടിന് തഴവ ഗേള്‍സ് എച്ച്.എസ്.എസില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും.
വികസനപുരോഗതി, തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നിവ പൊതുജനസമക്ഷം അവതരിപ്പിച്ച് ചര്‍ച്ചയിലൂടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിഡിയോ പ്രദര്‍ശിപ്പിക്കും. എക്‌സിബിഷന്‍, മെഡിക്കല്‍ ക്യാമ്പ്, വിപണനമേള, വിജ്ഞാനകേരളം തൊഴില്‍മേള, കെ-സ്മാര്‍ട്, മാലിന്യ സംസ്‌കരണ ഉപാധികളുടെ പ്രദര്‍ശനം, നാടന്‍ പാട്ട് തുടങ്ങിയവ സംഘടിപ്പിക്കും.
തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. സദാശിവന്‍ അധ്യക്ഷനാവും. സെക്രട്ടറി എം.റുബീന റിപ്പോര്‍ട്ട് അവതരിപ്പിക്കും. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അമ്പിളികുട്ടന്‍, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീതാകുമാരി, സ്ഥിരംസമിതി അധ്യക്ഷര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments