Skip to main content

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത സുസ്ഥിര വികസനവും, വികസനത്തെ അട്ടിമറിക്കാത്ത പരിസ്ഥിതി സംരക്ഷണവുമാണ് സർക്കാർ നയം : മുഖ്യമന്ത്രി പിണറായി വിജയൻ

അന്താരാഷ്ട്ര പരിസ്ഥിതി കോൺക്ലേവ് ഉദ്ഘാടനം ചെയ്തു

 

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത സുസ്ഥിര വികസനവും വികസനത്തെ അട്ടിമറിക്കാത്ത പാരിസ്ഥിതി സംരക്ഷണവും എന്ന നയമാണ് സർക്കാർ നടപ്പാക്കി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അങ്കമാലി കറുകുറ്റി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഓറ ( AURA) 2025 അന്താരാഷ്ട്ര പരിസ്ഥിതി കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 

 

പരിസ്ഥിതിക്കും വികസനത്തിനും ഒരുപോലെ പ്രാമുഖ്യം കൊടുത്ത് മറ്റൊന്നിന്റെ ശത്രുവായി കാണാത്ത സമഗ്രമായ കാഴ്ചപ്പാടാണ് നമുക്കുള്ളത്. കോൺക്ലേവിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ എല്ലാം തന്നെ കേരളത്തെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ളവയാണ്. ഇന്ന് മനുഷ്യരാശി അഭിമുഖീകരിക്കുന്ന പ്രധാന പാരിസ്ഥിതിക പ്രശ്നങ്ങളാണ് കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ ശോഷണം, ജല വായു മലിനീകരണം എന്നിവ. ഇത്തരം വെല്ലുവിളികളെ നേരിടുന്നതിനായി വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളെ ഒരു വേദിയിൽ കൊണ്ടുവരാനും കൂട്ടായ ചർച്ചയിലൂടെ പരിഹാര മാർഗങ്ങൾ കണ്ടെത്താനും ലക്ഷ്യം വെച്ചുള്ളതാണ് ഈ പരിപാടി. വിവിധ വിഷയങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് 13 സാങ്കേതിക സെഷനുകൾ നടക്കും. ഇതിലൂടെ ഉരുത്തിരിഞ്ഞു വരുന്ന ക്രിയാത്മക നിർദേശങ്ങൾ നടപ്പാക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധ ചെലുത്തണം.

 

രാജ്യം സ്വാതന്ത്ര്യം നേടിയ ഘട്ടത്തിൽ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അത്രകണ്ട് അവബോധം ഉണ്ടായിരുന്നില്ല പിന്നീട് ലോകത്താകമാനം ഉണ്ടായ പരിസ്ഥിതി മുന്നേറ്റങ്ങളുടെ അടിസ്ഥാനത്തിൽ പരിസ്ഥിതി സംരക്ഷണം ഭരണഘടനാപരമായ ഉത്തരവാദിത്തമായി മാറി. പലപ്പോഴും പരിസ്ഥിതിക്ക് ആഘാതമേൽപ്പിക്കുന്ന ഇടപെടലുകൾ ലോകത്തെങ്ങും എന്നത് പോലെ നമ്മുടെ രാജ്യത്തും ഉണ്ടായിട്ടുണ്ട്. പരിസ്ഥിതിക്കേറ്റ ആഘാതത്തിന്റെ ഫലമായി ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ദൂഷ്യ വശങ്ങൾ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് . ഈ സാഹചര്യത്തിൽ മാതൃകാപരമായി എങ്ങനെ പ്രവർത്തിക്കാം എന്നതിനെ കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകണം. 

 

കേരളം വലിയ വികസന മുന്നേറ്റത്തിന്റെ പാതയിലാണ്. മുമ്പെങ്ങുമില്ലാത്ത വിധം ഐ.ടി, ടൂറിസം, ആരോഗ്യം, നിർമ്മാണം എന്നീ മേഖലകളിൽ ഉൾപ്പെടെ പലതിലും സംസ്ഥാനത്ത് പുതിയ സംരംഭങ്ങൾ വരുകയാണ്. വിഴിഞ്ഞം തുറമുഖം നമുക്ക് അനന്തസാധ്യതകളാണ് തുറന്നു നൽകുന്നത്. പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങൾക്ക് വേണ്ട പാരിസ്ഥിതിക അനുമതി നേടിക്കഴിഞ്ഞു. അതുമായി ബന്ധപ്പെട്ട പുതിയ റെയിൽ റോഡ് നിർമ്മാണങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ തീരുമാനമെടുത്തിട്ടുമുണ്ട്. 

 

 

 വയനാട് തുരംങ്കപാതയിലൂടെ പരിസ്ഥിതിയെ മുന്നിൽ കണ്ടുകൊണ്ടുള്ള സുസ്ഥിര വികസന മാതൃക രാജ്യത്തിന് മുന്നിൽ വെക്കാൻ കേരളത്തിന് കഴിഞ്ഞു . വയനാട്ടിൽ അത്തരത്തിലൊരു പാത സാധ്യമാണോ എന്ന സംശയം പലരും പ്രകടിപ്പിച്ചിരുന്നു. 

സുസ്ഥിര വികസനത്തിനാണ് നമ്മൾ പ്രാധാന്യം നൽകുന്നത്.  

 

വികസനം എല്ലാവരിലും എത്തിക്കുന്നതിനൊപ്പം ഭാവി തലമുറയ്ക്ക് വേണ്ടി പ്രകൃതിയെയും പ്രകൃതി സമ്പത്തുകളെയും കരുതി വെക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ് 2016 ൽ ഹരിതകേരള മിഷന് രൂപം നൽകിയത്. വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മികച്ച സാങ്കേതിക പിന്തുണ ഉറപ്പാക്കാനും നിരവധി പ്രത്യേക കാമ്പയിനുകൾ ഏറ്റെടുക്കാനും വിജയകരമായി പൂർത്തിയാക്കാനും മിഷന് കഴിഞ്ഞു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ കൂടിയായപ്പോൾ പല നേട്ടങ്ങളും ഈ മേഖലയിൽ കൈവരിക്കാൻ സംസ്ഥാനത്തിനായി . ഇനിയും ചില മേഖലകളിൽ കൂടി മുന്നേറാൻ ഉണ്ട്, ഇത്തരം വിഷയങ്ങളിൽ ഊന്നിയ ചർച്ചകൾ കോൺക്ലേവിൽ നടക്കും. 

 

കാർബൺ ന്യൂട്രൽ കേരളം അഥവാ നെറ്റ് സീറോ എമിഷൻ അവസ്ഥയിലേക്ക് സംസ്ഥാനത്തെ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ പുരോഗമിക്കുകയാണ്. രാജ്യം 2070 ലേക്കാണ് നെറ്റ് സീറോ എമിഷൻ അവസ്ഥയിലേക്ക് എത്താൻ ഉദ്ദേശിച്ചിരിക്കുന്നത്. എന്നാൽ കേരളം 2050 ൽ തന്നെ ഈ നേട്ടം കൈവരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം മുൻനിർത്തിയാണ് 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' എന്ന കാമ്പയിൻ നടപ്പാക്കി വരുന്നത്.

 

ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുന്നതിന് ഊർജ്ജ ഉപയോഗത്തിലും വിതരണത്തിലും ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് പകരം ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, പുനരുൽപാദന ഊർജ്ജസ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ നടപ്പാക്കുക തുടങ്ങിയ മാതൃകാപരമായ നടപടികളാണ് സംസ്ഥാനത്തിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. വ്യവസായ വളർച്ചയ്ക്ക് ഊർജ്ജലഭ്യത അനിവാര്യമാണ്. ഊർജ്ജം ലഭ്യമാകുമ്പോഴും അവ പ്രകൃതിയിൽ ഏൽപ്പിക്കുന്ന ആഘാതം കുറയ്ക്കുന്നതിനായി ഊർജ്ജ കാര്യക്ഷമത മെച്ചപ്പെടുത്തൽ, വൈദ്യുത ട്രാൻസ്മിഷൻ - ഡിസ്ട്രിബ്യൂഷൻ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്. 

 

ആവാസ വ്യവസ്ഥയുടെ നിലനിൽപ്പിന് ആധാരമായ കാടുകളും ജീവജാലകങ്ങളും സംരക്ഷിക്കപ്പെടണം. അതിവേഗം നഗരവൽക്കരണം നടക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിൽ മരങ്ങൾ ഇല്ലാതാകുന്നത് ആശങ്കാജനകമാണ്. പ്രകൃതിക്കും സഹജീവികൾക്കും ഗുണമാകും വിധം ഒരു തൈ നടാം എന്ന പേരിൽ ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ജനകീയ കാമ്പയിൻ,, പച്ചത്തുരുത്ത് തുടങ്ങിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുണ്ട്. മിയാവാക്കി വനങ്ങൾക്ക് പ്രചാരമേറി വരുന്നുണ്ട് . നഗരങ്ങൾക്കുള്ളിൽ ചെറു കാടുകൾ ഒരുക്കാൻ ഇതിലൂടെ സാധിക്കും. ഫലവൃക്ഷങ്ങളും പൂച്ചെടികളും വെച്ച്പിടിപ്പിക്കുന്നതിലൂടെ അതാത് ഇടങ്ങളിലെ തദ്ദേശസ്ഥാപനങ്ങൾക്ക് വരുമാന മാർഗം കണ്ടെത്താൻ കഴിയും . 

 

ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിനും മാലിന്യ നിർമ്മാർജനത്തിനുമായി 'മാലിന്യമുക്ത നവകേരളം' പദ്ധതി നടപ്പാക്കി വരികയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മാലിന്യ സംസ്കരണത്തിൽ സ്വയംപര്യാപ്തമാക്കുകയാണ് ലക്ഷ്യം . നിരവധി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇക്കാര്യത്തിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കാൻ കഴിഞ്ഞു . 

 

 ജലസംരക്ഷണത്തിന്റെ ഭാഗമായി മഴവെള്ളം സംഭരിക്കാനും ഉപയോഗിക്കാനും കഴിയുന്ന വിധത്തിലുള്ള സമീപനം നമുക്ക് രൂപപ്പെടുത്താൻ കഴിയണം. കുടിവെള്ള ക്ഷാമം നേരിടുന്ന ഗ്രാമപഞ്ചായത്തുകളിൽ വ്യക്തിഗത കുടുംബങ്ങളെ മഴവെള്ളം സംഭരിച്ച് ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സഹായിക്കുന്ന പദ്ധതി വഴി 

പതിനായിരത്തിലധികം മഴവെള്ള സംഭരണികൾ കഴിഞ്ഞ എട്ടു വർഷം കൊണ്ട് യാഥാർഥ്യമാക്കാനായി. 2019 മുതൽ 3300 കിണറുകളാണ് റീചാർജ് ചെയ്തത്.

 

നൂതന സാങ്കേതിക വിദ്യയുടെ ഈ യുഗത്തിൽ ഇ- മാലിന്യം കൈകാര്യം ചെയ്യുന്ന കാര്യത്തിലും പ്രത്യേകം ശ്രദ്ധ ചെലുത്തണം. ഫോണുകളും ലാപ്ടോപ്പുകളും ഉപയോഗശൂന്യമായാൽ എവിടെയെങ്കിലും വലിച്ചെറിയുന്ന രീതിമാറേണ്ടത് അനിവാര്യമാണ് . ഇത്തരം മാലിന്യങ്ങൾ റീസൈക്കിൾ ചെയ്ത് ഉപയോഗിക്കുന്നതിൻറെ സാധ്യതകളിലും മേഖലയിൽ ഉയർന്നു വരുന്ന പുതിയ സംരംഭങ്ങളിലും ശ്രദ്ധ പതിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

 ചടങ്ങിൽ പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണത്തിലും മികച്ച പ്രവർത്തനം കാഴ്ചവെച്ച വിവിധ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ മുഖ്യമന്ത്രി വിതരണം ചെയ്തു.

 

'നേച്ചർ പീപ്പിൾ ഇൻഡസ്ട്രി' എന്നതാണ് സർക്കാരിന്റെ വ്യവസായ നയത്തിന്റെ ആപ്തവാക്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. പാരിസ്ഥിതികമായിട്ടുള്ള കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിശോധിച്ചാണ് 22 മുൻഗണന വ്യവസായങ്ങളെ നിശ്ചയിച്ചിട്ടുള്ളത്. ഈ കാഴ്ചപ്പാട് നിലനിർത്തിക്കൊണ്ട് മുന്നോട്ടു പോകുന്നതിന് 

കോൺക്ലേവ് സഹായകരമാകും എന്നും മന്ത്രി പറഞ്ഞു. ഹരിത വിദ്യാലയത്തിനുള്ള അവാർഡ് വിതരണവും മന്ത്രി നിർവഹിച്ചു.

 

മലിനീകരണ നിയന്ത്രണ ബോർഡ് വെബ്സൈറ്റിന്റെ ലീഗൽ ആന്റ് ലബോറട്ടറി മോഡ്യൂൾ ഉദ്ഘാടനം ബെന്നി ബഹനാൻ എം.പി നിർവഹിച്ചു. പരിസ്ഥിതി വാർത്താ പ്രസിദ്ധീകരണത്തിന്റെയും ബ്രോഷറുകളുടെയും പ്രകാശനം റോജി.എം. ജോൺ എം.എൽ.എ നിർവഹിച്ചു. വായു-ജല നിലവാര ഡയറക്ടറി ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് പ്രകാശനം നടത്തി.

 

 പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു മുഖ്യ പ്രഭാഷണം നടത്തി. ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ യു.വി ജോസ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ എസ്. ശ്രീകല, ചീഫ് എൻവോൺമെന്റ് എൻജിനീയർ പി.കെ ബാബുരാജ്, കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ, വൈസ് പ്രസിഡന്റ് ഷൈജോ പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.

 

വിവിധ മേഖലകളിൽ പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണ പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച സ്ഥാപനങ്ങൾക്ക് ചടങ്ങിൽ അവാർഡ് വിതരണം ചെയ്തു . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്ലാറ്റിനം അവാർഡുകൾ മട്ടന്നൂർ, ആന്തൂർ, ഗുരുവായൂർ മുനിസിപ്പാലിറ്റികൾ ഏറ്റുവാങ്ങി. വിവിധ മേഖലകളിൽ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ച സ്ഥാപനങ്ങൾക്ക് എക്സലൻസ് അവാർഡ് നൽകി . സ്വകാര്യ ആശുപത്രികൾക്കുള്ള (1000 ന് മുകളിൽ കിടക്കകളുള്ള ) അവാർഡ് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻ്റ് റിസർച്ച് സെന്ററും, തുറമുഖ വിഭാഗത്തിൽ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും , ഓർഗാനിക് വേസ്റ്റ് ട്രീറ്റ്‌മെൻ്റ് യൂണിറ്റ് വിഭാഗത്തിൽ ബ്രഹ്മപുരത്തെ ഫാബ്കോ ബയോസൈക്കിൾ ആന്റ് ബയോപ്രോട്ടീൻ ടെക്നോളജിയും ചിക്കൻ വേസ്റ്റ് റെന്ററിംഗ് യൂണിറ്റ് വിഭാഗത്തിൽ എടയാർ പാറയ്ക്കൽ ഇൻഡസ്ട്രീസും ഏറ്റുവാങ്ങി.

 

 

വ്യവസായ സ്ഥാപനങ്ങൾ, സ്റ്റോൺ ക്രഷർ യൂണിറ്റുകൾ, ഡയറി ഇൻഡസ്ട്രീസ്, പത്ര ദൃശ്യ മാധ്യമങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റുള്ള സ്ഥാപനങ്ങൾ, വേസ്റ്റ് മാനേജ്മെന്റ് സംവിധാനങ്ങൾ (റീസൈക്ലിംഗ് യൂണിറ്റുകൾ, ഓർഗാനിക് വേസ്റ്റ് ട്രീറ്റ്മെന്റ്റ് യൂണിറ്റുകൾ, റെൻഡറിംഗ് യൂണിറ്റുകൾ), തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ (മുനിസിപ്പാലിറ്റികളും, കോർപ്പറേഷനുകളും), സർക്കാർ/സ്വകാര്യ ഹെൽത്ത് കെയർ സ്ഥാപനങ്ങൾ , എയർപോർട്ടുകൾ, സീ പോർട്ടുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ള മറ്റ് സ്ഥാപനങ്ങൾക്കും ചടങ്ങിൽ അവാർഡുകൾ സമ്മാനിച്ചു.

ജല-വായു മലിനീകരണ നിയന്ത്രണത്തിൽ കഴിഞ്ഞവർഷം കൈവരിച്ച നേട്ടങ്ങൾ, ഊർജ്ജ സംരക്ഷണത്തിനും ജലസംരക്ഷണത്തിനും നടപ്പിലാക്കിയ പദ്ധതികൾ, പരിസ്ഥിതി സംരക്ഷണത്തിൽ കൈവരിച്ച നേട്ടങ്ങൾ, സാമൂഹ്യ പ്രതിബദ്ധതയോടെ നടപ്പിലാക്കിയ പൊതുജനോപകാരപ്രദമായ പദ്ധതികൾ തുടങ്ങിയവയാണ് അവാർഡ് നിർണയത്തിൽ പരിഗണിച്ച വിഷയങ്ങൾ.

 

date