വിഷൻ 2031 - രജിസ്ട്രേഷൻ വകുപ്പ് സെമിനാർ ഒക്ടോബർ 14-ന് ചെറായി സഹകരണ നിലയത്തിൽ : കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ
* സംഘാടക സമിതി രൂപീകരിച്ചു
വിഷൻ 2031 പദ്ധതിയുടെ ഭാഗമായി രജിസ്ട്രേഷൻ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന തല സെമിനാർ ഒക്ടോബർ 14ന് ചെറായി സഹകരണ നിലയത്തിൽ നടക്കുമെന്ന് കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വലിയ തോതിലുള്ള പ്രവർത്തനങ്ങളാണ് രജിസ്ട്രേഷൻ വകുപ്പിൽ നടപ്പിലാക്കിയത്. വകുപ്പ് കൈവരിച്ച നേട്ടങ്ങൾ വിശദീകരിക്കുന്നതിനോടൊപ്പം
പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതിനായി ചെയ്യേണ്ട മാർഗങ്ങളെക്കുറിച്ചും സെമിനാറിൽ ചർച്ച ചെയ്യും. നൂതന ആശയങ്ങൾ രൂപീകരിക്കുന്നതിനുള്ള വേദിയായി സെമിനാർ മാറുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ രജിസ്ട്രേഷൻ വകുപ്പ് ഇൻസ്പെക്ടർ ജനറൽ കെ. മീര അധ്യക്ഷയായി. കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ അധ്യക്ഷനായ സംഘാടക സമിതിയും ഏഴ് സബ് കമ്മിറ്റികളും രൂപീകരിച്ചു. ജില്ലാ രജിസ്ട്രാർ ജനറൽ കെ. ശ്രീനിവാസനാണ് ജനറൽ കൺവീനർ.
സ്വാഗതസംഘം അധ്യക്ഷയായി വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തുളസി സോമനെയും പ്രോഗ്രാം കമ്മിറ്റി അധ്യക്ഷയായി ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സരിത സനലിനെയും തിരഞ്ഞെടുത്തു. കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് നിബിൻ (രജിസ്ട്രേഷൻ), ഞാറക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മിനി രാജു (ഭക്ഷണം), വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എ സാജിത്ത് (ട്രാൻസ്പോർട്ടേഷൻ), വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.ഇ ജയൻ (വൊളൻ്റിയർ), മുളവുകാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് അക്ബർ (പ്രചാരണം) എന്നിവരാണ് മറ്റ് സബ് കമ്മിറ്റികളുടെ അധ്യക്ഷർ. രജിസ്ട്രേഷൻ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഈ കമ്മിറ്റികളുടെ കൺവീനർമാർ.
സംസ്ഥാനത്തെ മുഴുവൻ ഭാഗങ്ങളിൽ നിന്നുമുള്ള പ്രതിനിധികളെ പങ്കെടുപ്പിക്കാനാണ് സംഘാടക സമിതി ലക്ഷ്യമിടുന്നത്. വകുപ്പ് ജീവനക്കാർക്ക് പുറമേ വെണ്ടർമാർ, റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ടവർ, ഭൂമി ഇടപാടുകൾ ഉൾപ്പെടെയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട അഭിഭാഷകർ, പൊതുജനങ്ങൾ തുടങ്ങിയവരെ സെമിനാറിന്റെ ഭാഗമാക്കും.
യോഗത്തിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തുളസി സോമൻ, കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് നിബിൻ, ഞാറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി രാജു, കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡൻ്റ് അനിൽ കാഞ്ഞാണി, രജിസ്ട്രേഷൻ വകുപ്പ് ജോയിൻ്റ് ഇൻസ്പെക്ടർ ജനറൽ സാജൻ കുമാർ, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ കെ.സി മധു തുടങ്ങിയവർ സംസാരിച്ചു
- Log in to post comments