Skip to main content

കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി വലിയ മാറ്റങ്ങൾക്ക് ഏലൂർ സാക്ഷ്യം വഹിച്ചു : മന്ത്രി പി. രാജീവ്‌

*വികസന സദസിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു 

 

കഴിഞ്ഞ അഞ്ചു വർഷങ്ങളിലായി വലിയ മാറ്റങ്ങൾക്ക് ഏലൂർ സാക്ഷ്യം വഹിച്ചുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌. 

ഏലൂർ മുൻസിപ്പൽ ടൗൺ ഹാളിൽ വികസന സദസ്സ് ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 

 

ഏലൂരിൽ വന്ന മാറ്റങ്ങൾ നമ്മൾ ഓരോരുത്തരുടെയും കണ്മുന്നിൽ തന്നെയുണ്ട്. എല്ലാ അങ്കണവാടികളും സ്മാർട്ട് നിലവാരത്തിലേക്ക് ഉയർന്നു. സ്കൂളുകളിൽ മികച്ച അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ സാധിച്ചു. ആരോഗ്യ മേഖലയിലും വലിയ മാറ്റമാണ് ഉണ്ടായത്. ഒപ്പം പദ്ധതിയുടെ ഭാഗമായി ഏലൂരിൽ നിരവധി രോഗികൾക്ക് ചികിത്സ ഉറപ്പാക്കി, അത്യപൂർവ്വ ശസ്ത്രക്രിയ നടത്തി. ശുചിത്വ- മാലിന്യ സംസ്കരണ രംഗത്തും ഏലൂർ നഗരസഭ മുന്നിലാണ്. മികച്ച ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനത്തിന് സംസ്ഥാനതല അംഗീകാരവും ഏലൂരിന് നേടാൻ സാധിച്ചുവെന്ന് മന്ത്രി പറഞ്ഞു. 

 

വ്യവസായ മേഖല എന്നറിയപ്പെടുന്ന ഏലൂരിന് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ കാർഷിക രംഗത്തും ടൂറിസം മേഖലയിലും പുതിയ ചുവടുവെപ്പ് നടത്താൻ കഴിഞ്ഞു. കാർഷിക മേഖലയിൽ പുതിയ കൃഷികൾ ആരംഭിക്കുന്നതിനും കാർഷികവിളകൾ വിറ്റഴിക്കുന്നതിന് ഇക്കോ ഷോപ്പ് പോലുള്ള സംവിധാനങ്ങൾ ആരംഭിക്കാനും സാധിച്ചു.പുതിയതായി ആരംഭിച്ച ഏലൂർ വാട്ടർ ടൂറിസം പദ്ധതി മികച്ച രീതിയിൽ മുന്നോട്ടു പോവുകയാണ്.

ഗ്രാമ വണ്ടി പദ്ധതി ലാഭകരമായി കൊണ്ടുപോകുന്ന തദ്ദേശ സ്ഥാപനം കൂടിയാണ് ഏലൂർ. 

 

വ്യവസായ സംരംഭ മേഖലയിലും മികച്ച പ്രകടനമാണ് ഏലൂരിൽ ദൃശ്യമായത്. പുതിയതായി ആരംഭിച്ച ചെറുകിട സംരംഭങ്ങളിലൂടെ 43.5 കോടിയുടെ നിക്ഷേപവും 700 ലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏലൂർ നിവാസികളുടെ ഏറെ നാളത്തെ സ്വപ്നമായിരുന്ന രണ്ട് പദ്ധതികൾ ഒടുവിൽ യാഥാർത്ഥ്യമാവുകയാണ്. ഏലൂർ - ചൗക്ക - ചേരാനല്ലൂർ പാലത്തിനായുള്ള സ്ഥലം ഏറ്റെടുപ്പ് നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. മുട്ടാർ - മഞ്ഞുമ്മൽ റോഡിന്റെ സ്ഥലം ഏറ്റെടുപ്പു നടപടികൾ വേഗത്തിൽ പൂർത്തിയാക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു .

 

പരിപാടിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ, ആശ പ്രവർത്തകർ, ശുചിത്വ തൊഴിലാളികൾ, മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരെ ആദരിച്ചു.

 

വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽമേളയും വികസന സദസ്സിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചു. 200 ലധികം തൊഴിലവസരങ്ങളിലേക്കുള്ള മേളയാണ് സംഘടിപ്പിച്ചത്. 

 

ചടങ്ങിൽ നഗരസഭ ചെയർമാൻ എ.ഡി സുജിൽ അധ്യക്ഷനായി. ജില്ലാ കളക്ടർ ജി പ്രിയങ്ക,തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ വിധു എം മേനോൻ, വൈസ് ചെയർപേഴ്സൺ ജയശ്രീ സതീഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ടി.എം ഷെനിൻ, വി.എ ജെസ്സി, പി.എ ഷെറീഫ് , നിസ്സി സാബു, കെ.എ.മാഹിൻ , അംബിക ചന്ദ്രൻ, പി.ബി രാജേഷ്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്റർ ടി എം റജീന, നവകേരളം മിഷൻ ജില്ലാ കോ ഓഡിനേറ്റർ എസ്.രഞ്ജിനി, ശുചിത്വമിഷൻ ജില്ലാ കോ ഓഡിനേറ്റർ ശീതൾ ജി മോഹൻ, ഏലൂർ നഗരസഭ സെക്രട്ടറി സുജിത്ത് കരുൺ, കൗൺസിലർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

 

date