Skip to main content

സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണം; ജില്ലാതല ഉദ്ഘാടനം 12ന്  

പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണം ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ 12ന് രാവിലെ 11ന് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് സ്വരാജ് ഹാളില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ് അധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എം.പിയും ജില്ലാ കലക്ടര്‍ എന്‍ ദേവിദാസും മുഖ്യാതിഥിയാകും.  

'കുതിച്ചുയരാം അറിവിലേക്കും തൊഴിലിലേക്കും' എന്നാണ് ഈ വര്‍ഷത്തെ ഐക്യദാര്‍ഢ്യ സന്ദേശം. ഒക്ടോബര്‍ 15 വരെ ആചരിക്കുന്ന പക്ഷാചരണത്തിന്റെ ഭാഗമായി വിവിധ പദ്ധതികളുടെ ഉദ്ഘാടനം, സെമിനാറുകള്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും ഉന്നതിതല ദുരന്തനിവാരണ ശില്പശാലയും പട്ടികജാതി വിഭാഗക്കാര്‍ക്ക് തൊഴില്‍ നിയമന ഉത്തരവ് വിതരണവും അനുബന്ധമായി നടത്തും. ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് കൊട്ടാരക്കര എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബാബു പ്രസാദ് നയിക്കും. ഉന്നതിതല ദുരന്തനിവാരണ പദ്ധതി വിഷയത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഹസാഡ് അനലിസ്റ്റ് ജി.പ്രേം പ്രകാശ് ക്ലാസെടുക്കും.

കൊട്ടാരക്കര നഗരസഭാ ചെയര്‍മാന്‍ അഡ്വ. ഉണ്ണികൃഷ്ണമേനോന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ ജ്യോതി, അഡ്വ.ബിജു എബ്രഹാം, എസ്.എസ് സുവിധ, ആര്‍.പ്രശാന്ത്, എസ്.മായ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.മിനി, സെക്രട്ടറി എല്‍.വി റാണി, സംസ്ഥാന പട്ടികജാതി ഉപദേശക സമിതി അംഗം സി.തങ്കപ്പന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date