വിഷൻ 2031 ; രജിസ്ട്രേഷൻ വകുപ്പ് സെമിനാർ ഒക്ടോബർ 14 ന് കുഴുപ്പിള്ളിയിൽ
* മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും
കേരളത്തിന്റെ കഴിഞ്ഞകാല പുരോഗതി വിലയിരുത്തുന്നതിനും ഭാവി വികസന കാഴ്ചപ്പാടുകൾ രൂപീകരിക്കുന്നതിനും 'വിഷൻ 2031' ന്റെ ഭാഗമായി രജിസ്ട്രേഷൻ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാർ ഒക്ടോബർ 14 ന് കുഴുപ്പിള്ളിയിൽ നടക്കും.
രാവിലെ 9.30 ന് കുഴുപ്പിള്ളി സഹകരണ നിലയം ഹാളിൽ രജിസ്ട്രേഷൻ- മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്യുമെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സെമിനാറിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.
കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. " രജിസ്ട്രേഷൻ വകുപ്പിന്റെ ദർശനവും നവകേരള വികസന പരിപ്രേക്ഷ്യവും കേരളം @ വിഷൻ 2031 " എന്ന വിഷയത്തിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അവതരണം നടത്തും. രജിസ്ട്രേഷൻ വകുപ്പിന്റെ കഴിഞ്ഞ ഒൻപത് വർഷത്തെ നേട്ടങ്ങളുടെ അവതരണം നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ നിർവഹിക്കും .
പ്ലാനിംഗ് ബോർഡ് അംഗം ഡോ. വർഗ്ഗീസ് ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തും. രജിസ്ട്രേഷൻ വകുപ്പിന്റെ ആധുനികവത്കരണം , പൗര കേന്ദ്രീകൃത രജിസ്ട്രേഷൻ എന്നീ വിഷയങ്ങളിൽ സെമിനാറുകളും ചർച്ചകളും നടക്കും.സെമിനാറിൽ ഉയർന്നു വന്ന അഭിപ്രായങ്ങളുടെയും നിർദ്ദേശങ്ങളുടെയും ക്രോഡീകരണവും അവതരണവും രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ കെ.മീര നടത്തും.
ചടങ്ങിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി കെ ഷാജി, അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ, കേരള ലോ അക്കാദമി ഡയറക്ടർ അഡ്വ.നാഗരാജ് നാരായണൻ , കില അസിസ്റ്റന്റ് ഡയറക്ടർ ഡോ.കെ.പി അമൃത, റിട്ട.സീനിയർ ടെക്നിക്കൽ ഡയറക്ടർ പി.എ മനോജ്, കുസാറ്റ് ലെക്ച്ചർ സൂസൻ സക്കറിയ, അമൃത വിശ്വവിദ്യാപീഠം അസിസ്റ്റന്റ് പ്രൊഫസ്സർ ഡോ.എസ്.ദിനേശ് ബാബു , കൊച്ചി നുവാൽസ് ലക്ചർ അഡ്വ.നിഖിൽ ബാലൻ , എന്നിവർ പങ്കെടുക്കും.
എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ ജില്ലാ രജിസ്ട്രാർ ജനറൽ കെ ശ്രീനിവാസ് , ജോയിന്റ് ഇൻസ്പെക്ടർ ജനറൽ പി.കെ സാജൻ കുമാർ, ഓഡിറ്റ് ഡിസ്ട്രിക്ട് ഇൻ ചാർജ് ഷഹന എന്നിവർ പങ്കെടുത്തു.
- Log in to post comments