വികസന സദസ്സ്: മാരാരിക്കുളം തെക്ക് പഞ്ചായത്തിൻ്റെ പ്രവർത്തനം മാതൃകാപരം: പി പി ചിത്തരഞ്ജൻ എംഎൽഎ
*ലൈഫ് പദ്ധതി വഴി 566 വീടുകൾ നിർമിച്ചു നൽകി
ആക്ഷേപങ്ങൾക്ക് ഇടവരുത്താതെ ഏല്ലാവരെയും ചേർത്തുനിർത്തിയ മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ പ്രവർത്തനം മാതൃകപരമാണെന്ന് പി പി ചിത്തരജ്ഞൻ എംഎൽഎ പറഞ്ഞു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് വികസന സദസ്സിൻ്റെ ഉദ്ഘാടനം മാരൻകുളങ്ങര ക്ഷേത്രം ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് ഭവനപദ്ധതി വഴി 687 കുടുംബങ്ങൾക്ക് വീട് അനുവദിച്ചതായും ഇതിൽ 566 പേരുടെ വീട് നിർമാണം പൂർത്തീകരിച്ചു നൽകിയതായും സദസ്സിൽ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അതിദാരിദ്ര്യ നിർമ്മാജ്ജന പദ്ധതിയിലൂടെ 37 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തമാക്കി. മുഴുവൻ കിടപ്പു രോഗികൾക്കും എല്ലാ മാസവും വീട്ടിലെത്തി പരിശോധനയും ചികിത്സ ലഭ്യമാക്കുന്നു. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി രണ്ട് എംസിഎഫ്, 40 മിനി എംസിഎഫ് എന്നിവ സ്ഥാപിച്ചു. കൂടാതെ 214 കുടുംബങ്ങൾക്ക് ബയോ ഗ്യാസ് പ്ലാൻ്റ്, 1554 കുടുംബങ്ങൾക്ക് ബയോബിൻ എന്നിവ നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. കാർഷിക മേഖലയിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുന്നതിന്റെ ഭാഗമായി പത്ത് ഏക്കറിൽ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ കൃഷി നടത്തിവരുന്നു. കർഷകർക്ക് നെൽവിത്ത്, പച്ചക്കറി വിത്ത്, കുമ്മായം, കൂലി ചെലവ്, പരിസ്ഥിതി സൗഹൃദ മൺചട്ടി, സബ്സിഡി തുടങ്ങിയ ആനുകൂല്യങ്ങൾ നൽകി. 21 പട്ടികജാതി വിദ്യാർഥികൾക്ക് 42 ലക്ഷം രൂപ വിനിയോഗിച്ച് പഠനമുറി, ലാപ് ടോപ് എന്നിവ നൽകിയതായും മത്സ്യത്തൊഴിലാളികളുടെ മക്കൾക്കും ലാപ്ടോപ്പും പഠന ഉപകരണങ്ങളും വിതരണം ചെയ്തതായും സദസ്സിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി പി സംഗീത അധ്യക്ഷയായി. പ്രോഗ്രസ്സ് റിപ്പോർട്ട് പ്രകാശനം എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവർ ചേർന്ന് നിർവഹിച്ചു. അതിദാരിദ്ര്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ജി രാജേശ്വരിയും ലൈഫ് ഭവനപദ്ധതി താക്കോൽ ദാനകർമ്മം ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിര തിലകനും നിർവഹിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനം കൈവരിച്ച നേട്ടങ്ങൾ പഞ്ചായത്ത് സെക്രട്ടറി കെ സാബുമോനും സംസ്ഥാന സർക്കാരിൻ്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ റിസോഴ്സ് പേഴ്സൺ ജി വിനോദ്കുമാറും അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി പി ഷാജി ഓപ്പൺ ഫോറം നയിച്ചു. ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ റിയാസ്, പഞ്ചായത്തംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ, മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ കെ കെ ഉല്ലാസ്, കർഷകർ, വിദ്യാർഥികൾ, മറ്റ് പ്രതിഭകൾ, ഹരിത കർമ്മസേനാഗംങ്ങൾ, സാമൂഹികക്ഷേമ പ്രവർത്തകർ, ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, പൊതുപ്രവർത്തകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സദസ്സിന്റ ഭാഗമായി ഫോട്ടോ പ്രദർശനം, തൊഴിൽമേള എന്നിവയും നടന്നു.
- Log in to post comments