തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലുകൾ ജനജീവിതത്തെ സ്പർശിക്കുന്നതാവണം — മന്ത്രി പി. പ്രസാദ്
പ്രാദേശിക സർക്കാരുകളായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഇടപെടലുകൾ ജനജീവിതത്തെ സ്പർശിക്കുന്നതാവണമെന്ന് കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പിറവം നഗരസഭ ഓഫീസ് കെട്ടിടത്തിൽ പുതിയതായി നിർമ്മിച്ച വി എസ് അച്യുതാനന്ദൻ സ്മാരക ഹാളിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സാധാരണ മനുഷ്യരുടെ ജീവിതത്തെ മനസ്സിലാക്കി, ആവശ്യങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും പരിഹാരം കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിയണം. ഇതിലൂടെ മാത്രമേ യഥാർത്ഥ വികസനത്തിലേക്ക് നാടിനെ നയിക്കാനാകൂ. വികസനം എന്നത് അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല, ഓരോ കുടുംബത്തിലും സന്തോഷം എത്തിക്കുക എന്ന പ്രക്രിയ കൂടിയാണെന്ന് മന്ത്രി പറഞ്ഞു.
അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങളുടെ ജീവിത നിലവാരം ഉയർത്താനുള്ള പദ്ധതികൾ സർക്കാർ ശക്തമായി നടപ്പിലാക്കി വരുകയാണ്.
ജനങ്ങളുടെ ജീവിതത്തെ തൊട്ട് അറിഞ്ഞ് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാരിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഒത്തുചേർന്ന് പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും 75 ലക്ഷം രൂപ ചെലവഴിച്ചാണ് ഹാളിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.
ആധുനിക സൗകര്യങ്ങളോട് കൂടിയ ഹാൾ പൊതുപരിപാടികൾക്കും നഗരസഭാ പരിപാടികൾക്കും ഉപയോഗപ്പെടുത്താൻ കഴിയും.
ചടങ്ങിൽ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു അധ്യക്ഷയായി. ഡെപ്യൂട്ടി ചെയർമാൻ കെ.പി. സലിം, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ജൂബി പൗലോസ്, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷൈനി ഏലിയാസ്, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ബിമൽ ചന്ദ്രൻ, പിറവം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി. കെ. പ്രകാശ്, പിറവം നഗരസഭാ സെക്രട്ടറി വി പ്രകാശ് കുമാർ, വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി.
ചടങ്ങിന്റെ ഭാഗമായി പ്രശസ്ത ഗസൽ ഗായകൻ അലോഷിയുടെ ഗാനസന്ധ്യയും അരങ്ങേറി.
- Log in to post comments