Skip to main content

കശുവണ്ടിമേഖല മാറ്റങ്ങള്‍ക്ക്‌വിധേയമാകണമെന്ന് - ‘പുതിയകാലം പുതിയസമീപനം' ചര്‍ച്ച

കശുവണ്ടിമേഖലയില്‍ കാലോചിതമായമാറ്റങ്ങളും പരിഷ്‌കാരങ്ങളും ഉണ്ടാകണമെന്ന് വ്യക്തമാക്കി ‘പുതിയകാലം പുതിയസമീപനം' ചര്‍ച്ച കാഷ്യു കോണ്‍ക്ലേവില്‍. വ്യവസായ- നിയമ-കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. കശുവണ്ടി ഉത്പന്നങ്ങള്‍ നല്ലരീതിയില്‍ ബ്രാന്‍ഡിംഗ് ചെയ്താല്‍ ദേശീയ- അന്തര്‍ദേശീയ തലത്തില്‍ വിപണിലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഉദ്പാദനക്ഷമത വര്‍ധിപ്പിക്കല്‍, ഗുണനിലവാരമുള്ള കശുവണ്ടി ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ ആധുനികസങ്കേതങ്ങളുടെ സാധ്യതകള്‍ പരിശോധിക്കണമെന്ന് ചര്‍ച്ചയില്‍ അധ്യക്ഷനായ വ്യവസായ-വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ് പറഞ്ഞു.
തൊഴില്‍ദിനങ്ങള്‍ നഷ്ടമാകാതെ മേഖലസംരക്ഷിക്കപ്പെടണം. വ്യവസായസംബന്ധമായ കാഴ്ചപാടില്‍ മാറ്റംഉണ്ടാകണം. കശുമാവ്കൃഷി വിപുലീകരിക്കുന്നതിന് കര്‍ഷകര്‍ക്ക് ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ നല്‍കണം. മെക്കനൈസേഷന്‍ വേഗത്തില്‍ നടപ്പാക്കണം. തോട്ടണ്ടി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നികുതി ഒഴിവാക്കേണ്ടതും ബാങ്കുകളുടെ സമീപനത്തില്‍ മാറ്റം ഉണ്ടാകേണ്ടതും പ്രധാനമാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിന് മൂല്യവര്‍ധിത ഉത്പ്പന്നങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തണമന്നും ചര്‍ച്ച വിലയിരുത്തി.
പാനല്‍ അംഗങ്ങളായി കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, കാപെക്‌സ് ചെയര്‍മാന്‍ എം ശിവശങ്കരപ്പിള്ള, ഷോപ്‌സ് ആന്‍ഡ് കൊമേര്‍ഷ്യല്‍ എക്‌സാബ്ലിഷ്‌മെന്റ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ കെ രാജഗോപാല്‍, കെ എസ് സി ഡി സി ഡയറക്ടര്‍ ജി ബാബു, കാപെക്‌സ് ഡയറക്ടര്‍ മുരളീധരന്‍, ഐ.ആര്‍.സി മെമ്പര്‍ ബി തുളസീധരക്കുറുപ്പ്, വ്യവസായ പ്രതിനിധി ഐ നിസാമുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date