*ഗാന്ധി ക്വിസ് മത്സരം; ജിഎച്ച്എസ്എസ് പെരിക്കല്ലൂർ ടീമിന് ഒന്നാം സ്ഥാനം* - സെന്റ് തോമസ് എച്ച്എസ്എസ് നടവയൽ രണ്ടാമതും എംജിഎം എച്ച്എസ്എസ് മാനന്തവാടി മൂന്നാമതും*
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ഹൈസ്‌കൂൾ, ഹയർ സെക്കന്ററി സ്കൂൾ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല ഗാന്ധി ക്വിസ് മത്സരത്തിൽ ജിഎച്ച്എസ്എസ് പെരിക്കല്ലൂർ ടീം ഒന്നാം സ്ഥാനം നേടി.
സെന്റ് തോമസ് എച്ച്എസ്എസ് നടവയലിന്റെ ടീം രണ്ടാം സ്ഥാനവും എംജിഎം എച്ച്എസ്എസ് മാനന്തവാടിയുടെ ടീം മൂന്നാം സ്ഥാനവും നേടി.
സഹോദരങ്ങളായ അൻസാഫ് അമൻ എ എസ്, അസിം ഇഷാൻ എ എസ് എന്നിവരാണ് ജിഎച്ച്എസ്എസ് പെരിക്കല്ലൂരിന്റെ ടീമിൽ ഉണ്ടായിരുന്നത്. സെന്റ് തോമസ് എച്ച്എസ്എസ് നടവയലിനെ നിർമൽ ബെന്നിയും അമൻ സി ഷജുവും എംജിഎം എച്ച്എസ്എസ് മാനന്തവാടിയെ ആദിത്യൻ മംഗലശ്ശേരിയും വേദിക് വിജയ് കെ വിയും നയിച്ചു. ആകെ 36 ടീമുകൾ പങ്കെടുത്തു.
കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ എപിജെ ഹാളിൽ നടന്ന ക്വിസ് മത്സരം ജില്ലാ ഇൻഫർമേഷൻ ഓഫീസർ റഷീദ് ബാബു പി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എഡിറ്റർ അമിയ എം ആയിരുന്നു ക്വിസ് മാസ്റ്റർ. അസിസ്റ്റന്റ് എഡിറ്റർ കെ സുമ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ അഫ്സൽ ഇ എന്നിവർ നേതൃത്വം നൽകി.
വിജയികൾക്ക് 3000 രൂപ, രണ്ടാം സ്ഥാനക്കാർക്ക് 2000 രൂപ, മൂന്നാം സ്ഥാനക്കാർക്ക് 1000 രൂപ എന്നിങ്ങനെ വിതരണം ചെയ്തു. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
--
- Log in to post comments