Skip to main content
..

കേരളത്തിൽ 4.09 ലക്ഷം പേർ ഭൂമിയുടെ അവകാശികളായി: മന്ത്രി കെ.രാജൻ 

കേരളത്തിൽ പട്ടയമിഷനിലൂടെ 4.09 ലക്ഷം പേർ ഭൂമിയുടെ അവകാശികളായെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. രണ്ടു കോടി രൂപ ചെലവഴിച്ച് ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷനിൽ നിർമിച്ച മൂന്നാം നിലയുടെ പ്രവർത്തനോദ്ഘാടനം  നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ടെന്ന ലക്ഷ്യവുമായി ആദ്യം സന്ദർശിച്ച റവന്യു കേന്ദ്രമെന്ന പ്രത്യേകത ചാത്തന്നൂരിനുണ്ട്. കേരളത്തിലെ 1666 വില്ലേജുകളിൽ 1542 എണ്ണത്തിന് സ്വന്തമായി കെട്ടിടമുണ്ട്. 838 വില്ലേജ് ഓഫീസുകൾ സ്മാർട്ടാവാനുള്ള നടപടികളിലാണ്. 632 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം കഴിഞ്ഞു. 9 വില്ലേജ് ഓഫീസുകളും സ്മാർട്ടായ താലൂക്കെന്ന പ്രത്യേകത ചാത്തന്നൂരിനുണ്ടെന്നും മന്ത്രി പറഞ്ഞു. മൂന്ന് വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ പൂർത്തിയായ ചാത്തന്നൂർ മണ്ഡലത്തിലെ 6 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ ഉടൻ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ജി.എസ് ജയലാൽ എം.എൽ.എ അധ്യക്ഷനായി. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ചന്ദ്രകുമാർ, വൈസ് പ്രസിഡൻ്റ് മഹേശ്വരി, ബ്ലോക്ക്‌ പഞ്ചായത്തംഗം സിനി അജയൻ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് അംഗം ആർ സന്തോഷ്‌, എ ഡി എം ജി. നിർമൽകുമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date