പശ്ചാത്തല വികസനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായി-ദലീമ ജോജോ എംഎഎ
-പാണാവള്ളി വികസന സദസ്സ് സംഘടിപ്പിച്ചു
പശ്ചാത്തല വികസനത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് കഴിഞ്ഞ 5 വർഷം ഉണ്ടായതെന്നും അരൂർ മണ്ഡലത്തിൽ 17 റോഡുകൾ 20 കോടി രൂപ മുടക്കി സർക്യൂട്ട് ടൂറിസത്തിൻ്റെ ഭാഗമായി നിർമ്മിച്ചുവെന്ന് ദലീമ ജോജോ എംഎൽഎ പറഞ്ഞു.പാണാവള്ളി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
കോവിഡ്, നിപ, രണ്ട് പ്രളയങ്ങൾ, ഉരുൾ പൊട്ടൽ തുടങ്ങി പല ദുരന്തങ്ങളും ഈ കാലഘട്ടങ്ങളിൽ ഉണ്ടായി. അവിടെ നിന്നെല്ലാം നമ്മളെ കൈ പിടിച്ചു ഉയർത്തിയത് സർക്കാർ ആണെന്നും ദലീമ ജോജോ എം എൽ എ പറഞ്ഞു.തുടർന്ന് എം എൽ എ ഗ്രാമപഞ്ചായത്ത് പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു.
ഏകദേശം 1800 സജീവ മത്സ്യതൊഴിലാളികൾ പഞ്ചായത്തിൽ ഉണ്ട്. സുഭിക്ഷകേരളം പദ്ധതിയിലൂടെ ധാരാളം പേരെ മത്സ്യകൃഷിയിലേക്ക് കൊണ്ടുവരുന്നതിന് സാധിച്ചുവെന്ന് വികസന റിപ്പോർട്ടിൽ പറയുന്നു. ബയോഫ്ലോക്ക് മത്സ്യകൃഷി, വീട്ടുവളപ്പിലെ കുളത്തിലെ മത്സ്യകൃഷി, പടുതാക്കുളത്തിലെ മത്സ്യകൃഷി എന്നിങ്ങനെ വിവിധ പദ്ധതികൾ നടപ്പിലാക്കി. മത്സ്യതൊഴിലാളികൾക്ക് വല, ഐസ് ബോക്സ് എന്നിങ്ങനെയുളള പദ്ധതികളും നടപ്പിലാക്കി. മത്സ്യതൊഴിലാളികൾക്ക് കുടിവെള്ളടാങ്ക് നൽകുന്നതിനുളള പദ്ധതി ഏറ്റെടുത്തിട്ടുണ്ട്. മത്സ്യതൊഴിലാളികളുടെ കുടുംബത്തിലെ കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി മേശയും കസേരയും ലാപ്ടോപ്പും നൽകിയിട്ടുണ്ടെന്നും പാണാവള്ളി പഞ്ചായത്തിൽ അവതിരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു.
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് രാഗിണി രമണൻ അധ്യക്ഷയായി. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ റിസോഴ്സ് പേഴ്സൺ പി വി വിനോദും പഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ പഞ്ചായത്ത് സെക്രട്ടറി കെ എസ് പ്രിയയും അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ രാജേഷ് വിവേകാനന്ദൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഇ കുഞ്ഞുമോൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ധനേഷ് കുമാർ,ഹരീഷ്മാ വിനോദ്, എസ് രാജി മോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം പ്രമോദ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ലക്ഷ്മി ഷാജി,അനിരുദ്ധൻ, ധന്യ സന്തോഷ്, എസ് ജയകുമാർ, കില ഫാക്കൽറ്റി എൻ അശോകകുമാർ, സി ഡി എസ് ചെയർപേഴ്സൺ മീര സജീവ്, പഞ്ചായത്ത് അസിസ്റ്റൻ്റ് സെക്രട്ടറി ഫൗലദ് , മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി വിശിഷ്ട വ്യക്തികളെ ആദരിക്കല്‍, ഫോട്ടോ-ഡോക്യുമെന്ററി പ്രദർശനം എന്നിവയും സംഘടിപ്പിച്ചു.
- Log in to post comments