അഞ്ച് വർഷത്തിനുള്ളിൽ വയലാർ സമാനതകളില്ലാത്ത നേട്ടങ്ങൾക്ക് സാക്ഷിയായി: മന്ത്രി പി പ്രസാദ്
വയലാർ പഞ്ചായത്ത് വികസന സദസ്സ് മന്ത്രി ഉദ്ഘാടനം ചെയ്തു
കഴിഞ്ഞ അഞ്ച് വർഷത്തിൽ സമാനതകളില്ലാത്ത നേട്ടങ്ങളിലേക്ക് വയലാറിനെ എത്തിക്കാൻ പഞ്ചായത്തിന് സാധിച്ചുവെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. കൊല്ലപ്പള്ളി ക്ഷേത്ര മൈതാനത്ത് നടന്ന വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റിന്റെ നേതൃത്വത്തിൽ സുദീർഘമായ ഭരണമാണ് ഭരണസമിതി കാഴ്ചവെച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതിദാരിദ്ര്യ നിർമ്മാജ്ജന പദ്ധതിയിലൂടെ 27 ലക്ഷം രൂപ ചെലവഴിച്ച്, പഞ്ചായത്ത് 54 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി അതിദാരിദ്ര്യം ഇല്ലാതാക്കി.
അഞ്ചുവർഷംകൊണ്ട് ലൈഫ-് ഭവനപദ്ധതിയിൽ നിർമിച്ചത് 1608 വീടുകളാണ്. ഭൂരഹിത ഭവന രഹിത ഗുണഭോക്താക്കളിൽ 19 പേർക്ക് സ്ഥലം വാങ്ങി നൽകിയതായി സദസ്സിൽ അവതരിപ്പിച്ച പഞ്ചായത്തിൻ്റെ പ്രോഗ്രസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ആരോഗ്യ മേഖലയിൽ ആർദ്രം മിഷനിലൂടെ കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ. പി ആരംഭിച്ചു. ആയുർവേദ, സിദ്ധ ഡിസ്‌പെൻസറി എന്നിവയുടെ മികവാർന്ന പ്രവർത്തനം പഞ്ചായത്തിന്റെ നേട്ടങ്ങളാണ്.
കാർഷിക മേഖലയിൽ 63 ലക്ഷം രൂപയുടെയും മൃഗ സംരക്ഷണ മേഖലയിൽ 54 ലക്ഷം രൂപയുടെയും പദ്ധതികൾ നടപ്പിലാക്കിയതായി വികസനരേഖയിൽ ചൂണ്ടിക്കാട്ടുന്നു.
പകൽ വീട്, 4 സ്മാർട്ട് ക്ലാസ്സ് റൂം, 2 സ്മാർട്ട് അങ്കണവാടികൾ എന്നിവ പ്രശംസ പിടിച്ചുപറ്റിയ പഞ്ചായത്തിന്റെ പദ്ധതികളാണ്.
ചടങ്ങിൽ വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനർജി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ് ശിവപ്രസാദ് മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ജി നായർ, പട്ടണക്കാട് ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സാബു, വയലാർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ യു ജി ഉണ്ണി, ഇന്ദിരാ ജനാർദ്ദനൻ, ബീന തങ്കരാജ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് വി ബാബു, മറ്റു പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. സദസ്സിന്റെ ഭാഗമായി ആശ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, തൊഴിൽ ഉറപ്പ് തൊഴിലാളികൾ എന്നിവരെ ആദരിച്ചു.
- Log in to post comments