വികസനനേട്ടങ്ങളുമായി ഇട്ടിവ പഞ്ചായത്ത് വികസന സദസ്
നാടിന്റെ വളര്‍ച്ചയ്ക്കുള്ള ഭാവി പദ്ധതികളും ഇതുവരെ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും പൊതുജന സമക്ഷം അവതരിപ്പിച്ച് ഇട്ടിവ പഞ്ചായത്തിന്റെ വികസന സദസ്. കോട്ടുക്കല്‍ ശ്രീ ഗണേഷ് ഓഡിറ്റോറിയത്തില്‍ നടന്ന സദസ് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന് ഉദ്ഘാടനം ചെയ്തു.
അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയിലൂടെ 31 കുടുംബങ്ങളെ കണ്ടെത്തി ഭക്ഷ്യസുരക്ഷയും വരുമാനമാര്‍ഗവും ആരോഗ്യസേവനങ്ങളും ഉറപ്പാക്കി. പാര്‍പ്പിടസൗകര്യവും ഒരുക്കി. ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 235 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു. സമ്പൂര്‍ണ മാലിന്യ സംസ്കരണത്തിന് ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കി. കാട്ടാമ്പള്ളി, വയ്യാനത്ത് എന്നീ സ്ഥലങ്ങളില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ എം.സി.എഫുകള്‍ സ്ഥാപിച്ചു. പാലിയേറ്റീവ് രോഗികള്‍ക്ക് അനുബന്ധ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രതിവര്‍ഷം 13 ലക്ഷം രൂപ ചെലവഴിച്ച് ഹൃദയസ്പര്‍ശം പദ്ധതി നടപ്പാക്കിവരുന്നു. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ വയലയില്‍ മൂന്നര ലക്ഷം ലിറ്റര്‍ വെള്ളം സംഭരണശേഷിയുള്ള ടാങ്കും, വയ്യാനം കല്യാണിമുക്കില്‍ നാല് ലക്ഷം ലിറ്റര്‍ വെള്ളം സംഭരണശേഷിയുള്ള ടാങ്കും സ്ഥാപിച്ചു. 7100 പുതിയ ഗാര്‍ഹിക കുടിവെള്ള കണക്ഷനുകള്‍ നല്കി. ജീവനം പദ്ധതി വഴി പഞ്ചായത്തിലെ മുഴുവന്‍ വൃക്കരോഗികള്‍ക്കും ഡയലൈസര്‍, മരുന്ന് എന്നിവ ലഭ്യമാക്കി. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള പുരസ്കാരവും നേടി.
ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി അമൃത അധ്യക്ഷയായി. ഇട്ടിവ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ഗിരിജമ്മ, ജില്ലാ പഞ്ചായത്ത് സാം കെ ഡാനിയല്‍, ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ജെ നജീബത്ത്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബി ബൈജു, ജി ദിനേശ് കുമാര്‍, ബി എസ് സോളി, തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് എസ് രാജേന്ദ്രന്, ഗ്രാമ -ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments