Skip to main content

വിഷന്‍ 2031 സംസ്ഥാനതല മൃഗസംരക്ഷണ- ക്ഷീരവികസന സെമിനാര്‍ കടയ്ക്കലില്‍ 21ന്

2031 ലെ കേരളത്തിലെ മൃഗസംരക്ഷണ മേഖല എങ്ങനെയായിരിക്കണം എന്ന വിഷയത്തെ ആസ്പദമാക്കി  സര്‍ക്കാര്‍ സംസ്ഥാനതല സെമിനാര്‍ സംഘടിപ്പിക്കും. പാലുല്പാദനരംഗം, മാംസ -മുട്ട ഉല്പാദനരംഗം എന്നിങ്ങനെ പ്രത്യേക വിഷയ മേഖലകളെ അടിസ്ഥാനമാക്കിയാണ് സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക.  നമ്മുടെ ആഭ്യന്തര വരുമാനത്തിന്റെ 29% സംഭാവന ചെയ്യുന്നത് മൃഗസംരക്ഷണ ക്ഷീര വികസന രംഗമാണ്. 27 ലക്ഷം ടണ്‍ ലിറ്റര്‍ പാലാണ് പ്രതിവര്‍ഷം കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്നത്. സംസ്ഥാനത്തിന്റെ ആവശ്യമാകട്ടെ 35 ലക്ഷം ടണ്ണും.  മാംസോല്പാദന മേഖല തീര്‍ത്തും അസംഘടിതമാണ്.  പ്രതിവര്‍ഷം 11 ലക്ഷം ടണ്‍ ഇറച്ചി  ആവശ്യമുള്ളിടത്ത് 7 ലക്ഷം ടണ്‍ മാത്രമാണ് ഉല്പാദനം. പ്രതിദിനം ഒരു കോടി 40 ലക്ഷം മുട്ടകള്‍ അന്യ സംസ്ഥാനത്തു നിന്നും കേരളത്തിലെത്തുന്നുണ്ട്. അങ്ങനെ 6 കോടിയോളം രൂപയുടെ ആഭ്യന്തരവരുമാനം പുറത്തേക്കൊഴുകുന്നുണ്ട്. കാലി സമ്പത്തിന്റെ ജനിതക മേ• ഇനിയും ഉയര്‍ത്തേണ്ടതുണ്ട്.   പ്രതിദിന പാലുല്പാദനം 70 ലക്ഷം ലിറ്ററില്‍നിന്ന് 95 ലക്ഷം ലിറ്ററിലേക്ക് ഉയര്‍ത്തുകയും ഇറച്ചി ഉല്‍പാദന മേഖല ഒരു സംഘടിത വ്യവസായമായി മാറ്റുകയും ചെയ്യാനും അറവുശാല ഉപോല്പന്നങ്ങള്‍ ഉപയോഗിച്ച് പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുവാനും വലിയ പദ്ധതികള്‍ സെമിനാര്‍ വിഭാവന ചെയ്യുന്നുണ്ട്

തൊഴില്‍ദിനങ്ങള്‍ വര്‍ധിപ്പിക്കുവാനും കര്‍ഷകരുടെ വരുമാനം  ഇരട്ടിയാക്കാനുമുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ശാസ്ത്രജ്ഞരും വിദഗ്ധരും കര്‍ഷകരും പങ്കെടുക്കുന്നുണ്ട്.  മൃഗസംരക്ഷണ മേഖലയില്‍ നിര്‍മിതബുദ്ധിയും ചാറ്റ്‌ബോട്ടുകളും  ഉപയോഗിച്ചുള്ള വിവര സാങ്കേതികവിദ്യയുടെ സംയോജനവും പ്രയോജനപ്പെടുത്തും. 21 ന് കടയ്ക്കല്‍ ഗാഗോ കണ്‍വന്‍ഷന്‍ സെന്ററില്‍ രാവിലെ 10 ന് മന്ത്രി ജെ ചിഞ്ചുറാണി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എന്‍ . ബാലഗോപാല്‍ അധ്യക്ഷനാകും. സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ നേട്ടങ്ങളും സ്വപ്നപദ്ധതികളും ചര്‍ച്ചാനിര്‍ദ്ദേശങ്ങളും അടങ്ങുന്ന രേഖകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി.ഷൈന്‍കുമാര്‍ അറിയിച്ചു.
 

 

date