Skip to main content

അകത്തേത്തറ നടക്കാവ് മേല്‍പ്പാലം : സ്ഥലമെടുപ്പ് 25 പേരുടെ ആധാരങ്ങള്‍ ലഭിച്ചു

 

അകത്തേത്തറ-നടക്കാവ് റെയില്‍വേ മേല്‍പാല നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനുളള പ്രവൃത്തികള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. 2017 ഒക്ടോബര്‍ ഒന്‍പതിന് സ്ഥലം എം.എല്‍.എയും ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യൂതാനന്ദന്‍ ശിലാസ്ഥാപനം നിര്‍വഹിച്ച  റെയില്‍വേ മേല്‍പ്പാല നിര്‍മാണത്തിനായി, നെഗോസിയേഷന്‍ ആക്ട് പ്രകാരമുളള സ്ഥലമേറ്റെടുപ്പിന് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ അനുബന്ധരേഖകള്‍ പ്രകാരമുളള അപേക്ഷാപത്രം സമര്‍പ്പിച്ചതിന്‍റെ അടിസ്ഥാനത്തില്‍ 2017 ഒക്ടോബര്‍ നാലിന് ഉത്തരവാകുകയും 38.88 കോടി രൂപ അനുവദിച്ചുകൊണ്ടുളള ഭരണാനുമതി ലഭിക്കുകയും ചെയ്തിരുന്നു.  36 സ്വകാര്യവ്യക്തികളില്‍ നിന്നായി 0.3018(74.54 സെന്‍റ്) ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ബാക്കി വരുന്ന ഭൂമി റെയില്‍വേ , പി.ഡബ്ല്യൂ.ഡി-നിരത്ത്, ജലസേചനം എന്നീ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഉളളതാണ്. പാലക്കാട് താലൂക്കില്‍ പാലക്കാട്-രണ്ട്, അകത്തേത്തറ വില്ലേജുകളില്‍ നിന്നായി 1.07 ഏക്കര്‍ ഭൂമിയാണ് മേല്‍പ്പാല നിര്‍മ്മാണത്തിനായി ഏറ്റെടുക്കേണ്ടത്. സ്വകാര്യവ്യക്തികളായ സ്ഥലമുടമകള്‍ 33 പേരും സമ്മതം നല്‍കിയിട്ടുണ്ട് . സ്ഥലം ഏറ്റെടുക്കുന്നതിന് സമ്മതം നല്‍കാത്ത ഒരു വ്യക്തി അലൈന്‍മെന്‍റ് മാറ്റുന്നതിനും മറ്റു രണ്ട് വ്യക്തികള്‍ വിലയിലും തര്‍ക്കം ഉന്നയിച്ചു കൊണ്ടിരിക്കുകയാണ് .  നിലവില്‍  25 സ്ഥലമുടമകളുടെ ആധാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വക്കീല്‍ 13 പേരുടെ ആധാരങ്ങള്‍ പരിശോധിച്ച് രജിസ്റ്റര്‍ ചെയ്യുന്നതിന് നിയമതടസമില്ലെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട് .ബാക്കി 12 എണ്ണത്തില്‍ നിയമോപദേശം ലഭിക്കാനുണ്ട്. കിഫ്ബിയില്‍ നിന്ന് ഉടന്‍ ഫണ്ട് ലഭ്യമാകുമെന്ന് ഉറപ്പ് ലഭ്യമായിട്ടുണ്ട്.ഫണ്ട്  ലഭ്യമായാല്‍ ഉടന്‍ തയ്യാറായിട്ടുളള ആധാരങ്ങള്‍ ആര്‍.ബി.ഡി.സി.കെയുടെ പേരില്‍  രജിസ്റ്റര്‍ ചെയ്യുന്നതാണ്.  പുനരധിവാസവും പുനസ്ഥാപനവും സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ കഴിഞ്ഞ നവംബര്‍ 26ന് അഡ്മിനിസ്ട്രേറ്റര്‍ കേട്ടിട്ടുള്ളതാണ് അത് ജില്ലാ കളക്ടറുടെ ശിപാര്‍ശയോട് കൂടി ലാന്‍റ് റവന്യൂ കമ്മീഷ്നര്‍ക്ക്  ഉടന്‍ നല്‍കും. സമ്മതപത്രം നല്‍കാന്‍ ബാക്കിയുളളവരുടെ ഭൂമി 2013ലെ എല്‍.എ.ആര്‍.ആര്‍ ആക്ട് അനുസരിച്ച് ഏറ്റെടുക്കാന്‍ സമാന്തരമായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട് . പരിസ്ഥിതി ആഘാതപഠനം നടന്നു വരികയും കരട് റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കരട് റിപ്പോര്‍ട്ടില്‍ ആക്ഷേപമുളള സ്ഥലം ഉടമകളുമായി ഡിസംബര്‍ 11ന് രാവിലെ 11 മണിക്ക് പഞ്ചായത്ത് കല്യാണമണ്ഡപത്തില്‍ കൂടിക്കാഴ്ച നടത്തുന്നതിനായി സാമൂഹിക ആഘാതപഠനസമിതി തീരുമാനിച്ചിട്ടുണ്ടെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.
     ഭൂമിയുടെ സ്ഥലവില സംബന്ധിച്ച് സ്ഥലമുടമകളുമായി നെഗോസിയേഷന്‍ നടത്തുന്നതിന്  2018 ജനുവരി, ഫെബ്രുവരി, ഏപ്രില്‍, മെയ് തിയതികളില്‍ ജില്ലാതല ര്‍ച്ചേസ് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. സ്ഥലമുടമകളുമായി നെഗോസിയേഷന്‍ നടത്തിയതിന്‍റെ ഭാഗമായി അടിസ്ഥാന വിലയുടെ 50 ശതമാനം വരെ വര്‍ദ്ധിപ്പിച്ചിരുന്നു. ഭൂമിയുടെ കിടപ്പിന് അടിസ്ഥാനമാക്കി 1.2 മള്‍ട്ടിപ്ലിക്കേഷന്‍ എടുത്ത് സ്ഥലവിലയെ 1.2 കൊണ്ട് ഗുണിച്ച് അതിന് 100 ശതമാനം സൊലേഷ്യവും 12 ശതമാനം കൂടുതല്‍ വിപണി വിലയും ഉള്‍പ്പെടെയാണ് ഭൂമി വില കണക്കാക്കിയത്.

date