സൗദയ്ക്ക് തണലായി മന്ത്രിയുടെ സ്നേഹവീട്
* 12-ാമത്തെ സ്നേഹവീട് കൈമാറി
നിർധനരായ കുടുംബങ്ങൾക്ക് വീട് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ കളമശ്ശേരി മണ്ഡലത്തിൽ നടപ്പാക്കുന്ന സ്നേഹവീട് പദ്ധതിയുടെ ഭാഗമായുള്ള 12-ാമത്തെ വീട് കൈമാറി. കടുങ്ങല്ലൂർ എരമം തച്ചൻ തുരുത്ത് പരേതനായ അഷറഫിന്റെ ഭാര്യ സൗദയ്ക്ക് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം മന്ത്രി പി രാജീവ് നിർവഹിച്ചു.
ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, കൊച്ചി വിമാനത്താവള കമ്പനി, സുഡ്കെമി, ഇൻകെൽ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാജഗിരി ഫൗണ്ടേഷനാണ് പദ്ധതിയുടെ നിർവഹണം .ഇതോടൊപ്പം മറ്റ് സ്ഥാപനങ്ങളുടെ സഹായവുമുണ്ട്. എട്ടുലക്ഷം രൂപവീതം ചെലവഴിച്ചാണ് വീടുനിർമാണം. 500 ചതുരശ്രയടി വിസ്തീർണമുള്ള വീടുകളാണ് നിർമ്മിച്ച് നൽകുന്നത് .
ചടങ്ങിൽ കടുങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അധ്യക്ഷനായി.ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്,വാർഡ് മെമ്പർ ടി.ബി ജമാൽ, ബ്ലോക്ക് പഞ്ചായത്തംഗം പി.എ അബൂബക്കർ,കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ ഷാജഹാൻ, മുപ്പത്തടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം ശശി എന്നിവർ പങ്കെടുത്തു.
- Log in to post comments