വെളിയത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കും: മന്ത്രി കെ എൻ ബാലഗോപാൽ
വെളിയത്ത് മൂന്നു കോടി രൂപ ചെലവഴിച്ച് ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ. കുടവട്ടൂരിൽ വെളിയം ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെയും ഭരത് മുരളി സ്മാരക- കലാപഠന ഗവേഷണ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
25 ലക്ഷം രൂപ വിനിയോഗിച്ച് സ്മാരക- കലാപഠന ഗവേഷണ കേന്ദ്രത്തിന്റെ തുടർ പ്രവർത്തനങ്ങൾ സാധ്യമാക്കും. കൊട്ടാരക്കര ശ്രീധരൻ നായരുടെയും ഭരത് മുരളിയുടെയും സ്മരണയ്ക്കായി കൊട്ടാരക്കരയിൽ ഫിലിം കോംപ്ലക്സ് നിർമിക്കും. കുഴിമതിക്കാട്, കുളക്കട, നെടുവത്തൂർ തുടങ്ങിയ പഞ്ചായത്തുകളിൽ സ്റ്റേഡിയങ്ങളുടെ നിർമാണം പൂർത്തീകരിച്ചു. നാലു കോടി രൂപ ചെലവിൽ കുടവട്ടൂരിൽ ഐ.ടി.ഐ കെട്ടിടം നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.
വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രശാന്ത് അധ്യക്ഷനായി. ഒരു കോടി രൂപ ചെലവഴിച്ചാണ് കുടവട്ടൂർ മിനി സ്റ്റേഡിയവും ഭരത് മുരളി സ്മാരക നാടക- കലാപഠന കേന്ദ്രവും ഒരുക്കിയത്. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. കുടവട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം കെ.രമണി, ജില്ലാ പഞ്ചായത്ത് അംഗം ജയശ്രീ വാസുദേവൻ പിള്ള, വെളിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയാ രഘുനാഥ്, സ്ഥിരംസമിതി അധ്യക്ഷരായ സജിനി ഭദ്രൻ, കെ. സോമശേഖരൻ, എം.ബി. പ്രകാശ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ദിവ്യ സജിത്ത്, വത്സല തോമസ്, കെ.ഐ. ലതീഷ്, ഗ്രാമപഞ്ചായത്ത് അംഗം ആർ. ബിനോജ്, സിനിമ- സീരിയൽ താരം പ്രൊ. അലിയാർ, സാംസ്കാരിക പ്രവർത്തകൻ ബേബി ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments